ഉൾഗ്രാമങ്ങളിലൂടെ കെഎസ്ആർടിസി: നാളെ മുതൽ പന്മന, തേവലക്കര, തെക്കുംഭാഗം, ചവറ ഗ്രാമപ്പഞ്ചായത്തുകളിലൂടെ ആദ്യസർവീസ്
Mail This Article
ചവറ∙ ബസ് സർവീസ് ഇല്ലാത്ത ചവറയിലെ പ്രദേശങ്ങളിലൂടെ കെഎസ്ആർടിസി ബസ് നാളെ ഓടിത്തുടങ്ങും. പന്മന, തേവലക്കര, തെക്കുംഭാഗം, ചവറ ഗ്രാമപ്പഞ്ചായത്തുകളിലൂടെയാണ് ബസ്സോടുക. ചവറ എംഎൽഎ സുജിത്ത് വിജയൻപിള്ളയുടെ ശ്രമഫലമായാണ് ബസ് അനുവദിച്ചത്. രാവിലെ 8.20ന് കരുനാഗപ്പള്ളി ഡിപ്പോയിൽ നിന്നും പുറപ്പെട്ട് പന്മന മനയിൽ, തേവലക്കര, ചേനങ്കര ജംക്‌ഷൻ, അയ്യൻകോയിക്കൽ, വഴി തെക്കുംഭാഗം ഗുഹാനന്ദപുരത്ത് 9.30ന് എത്തും. അവിടെ നിന്നും സരിതമുക്ക്, മുകുന്ദപുരം, കൊട്ടുകാട് വഴി നല്ലേഴുത്ത് ജംക്ഷനിൽ ദേശീയപാതയിൽ എത്തി ഓച്ചിറയിലേക്ക് പോകും. വൈകിട്ട് ഓച്ചിറയിൽ നിന്നും തിരിച്ച് വിദ്യാർഥികൾക്ക് സൗകര്യമായ സമയത്തും ട്രിപ്പുണ്ടാകും.
നിലവിൽ നല്ലേഴുത്ത് ജംക്‌ഷൻ–കൊട്ടുകാട് വഴി ബസ് സർവീസ് നിലവിലില്ല. നേരത്തേ കൊല്ലത്ത് നിന്നും ഉണ്ടായിരുന്ന മുകുന്ദപുരം, പടിഞ്ഞാറേകല്ലട ബസ് സർവീസ് നിലച്ചിട്ട് വർഷങ്ങളായി. പന്മന മനയിൽ ശ്രീബാലഭട്ടാരക വിലാസം സംസ്കൃത ഗവ.ഹയർസെക്കൻഡറി സ്കൂൾ, അയ്യൻകോയിക്കൽ ഗവ.ഹയർസെക്കൻഡറി സ്കൂൾ വഴി നേരത്തെ ഉണ്ടായിരുന്ന സർവീസുകളും നിലച്ചു. ഈ പ്രദേശങ്ങളിലൂടെ ബസ് അനുവദിക്കണമെന്ന് നാട്ടുകാരും ജനപ്രതിനിധികളും പിടിഎ കമ്മിറ്റിയും ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ചു മനോരമ വാർത്തയും നൽകിയിരുന്നു. ഇതേത്തുടർന്നു എംഎൽഎ ഇക്കാര്യം വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തുകയും പുതിയ ബസ് സർവീസ് അനുവദിക്കുകയുമായിരുന്നു.