പാതയോരത്തെ മരങ്ങൾ ഗതാഗതത്തിനു ഭീഷണി
Mail This Article
ആര്യങ്കാവ്∙ തിരുമംഗലം ദേശീയപാതയിലെ ഗതാഗതത്തിനു വലിയ ഭീഷണിയായി പാതയോരത്തെ മരങ്ങൾ.മഴയിൽ മരങ്ങൾ വ്യാപകമായി കടപുഴകിയും ഒടിഞ്ഞും പാതയിലേക്കു വീഴുമ്പോൾ അപകടങ്ങൾ വഴിമാറുന്നതു തലനാരിഴയ്ക്ക്. ഇന്നലെ രാവിലെ മുരുകപ്പൻചാലിൽ പാതയോരത്തെ പുരയിടത്തിൽ നിന്ന കശുമാവ് കടപുഴകി പാതയിലേക്കു വീണു. വാഹനങ്ങൾ കടന്നുപോകാതിരുന്നതിനാൽ അപായമില്ല.ലൈനുകൾ പൊട്ടിയതിനാൽ വൈദ്യുതി വിതരണവും തടസ്സപ്പെട്ടു. മരംമുറിച്ചു നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു.
കാലവർഷം ശക്തമായിട്ടും ദേശീയപാതയോരത്തെ അപകടഭീഷണിയായ മരങ്ങൾ മുറിച്ചു നീക്കാൻ നടപടിയില്ല. വൈദ്യുതി ലൈനിലേക്കു വീണു കിടക്കുന്ന മരശിഖരങ്ങൾ കെഎസ്ഇബി മുറിച്ചു നീക്കുന്നെങ്കിലും മരങ്ങൾ കടപുഴകുന്നതാണു തിരിച്ചടി. പാതയോരത്തെ കൽഭിത്തികളും ഇടിഞ്ഞു തകരുന്നതോടെ അപകടസാധ്യത വർധിച്ചു. അപകടസാധ്യതയുള്ള ഭാഗങ്ങളിൽ മുന്നറിയിപ്പുകൾ സ്ഥാപിക്കണമെന്നും ആവശ്യം.