വാഹനാപകടത്തിൽ മരിച്ച എസ്എഫ്ഐ വനിതാ നേതാവിനു നാടിന്റെ യാത്രാമൊഴി
Mail This Article
പുത്തൂർ ∙ സ്കൂട്ടറും ലോറിയുമായി കൂട്ടിയിടിച്ച് മരിച്ച എസ്എഫ്ഐ ജില്ലാ കമ്മിറ്റിയംഗം പുത്തൂർ ചെറുമങ്ങാട് പ്രകാശ് മന്ദിരത്തിൽ അനഘ പ്രകാശിന് നാടിന്റെ കണ്ണീരണിഞ്ഞ യാത്രാമൊഴി. അനഘയുടെ മൃതദേഹവും വഹിച്ച് ഇന്നലെ രാവിലെ 10ന് കൊട്ടാരക്കര താലൂക്ക് ആശുപത്രി മോർച്ചറിയിൽ നിന്ന് നൂറുകണക്കിനു വാഹനങ്ങളുടെ അകമ്പടിയോടെ പുറപ്പെട്ട വിലാപയാത്ര എഴുകോണിലെ സിപിഎം ഏരിയ കമ്മിറ്റി ഓഫിസിലേക്കാണ് ആദ്യമെത്തിയത്. ഇവിടെ പൊതുദർശനത്തിനു ശേഷം അനഘ പഠിച്ചിരുന്ന വെണ്ടാർ വിദ്യാധിരാജ ബിഎഡ് കോളജിലും പൊതുദർശനത്തിന് എത്തിച്ചു.
ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ വിലാപയാത്ര വീട്ടിലെത്തിയപ്പോഴേക്കും അനഘയെ അവസാനമായി ഒരു നോക്കു കാണാൻ നാട് കാത്തു നിൽക്കുകയായിരുന്നു. അച്ഛൻ പ്രകാശിനെയും അമ്മ സുജാതയെയും അടുത്ത ബന്ധുക്കളെയും ആശ്വസിപ്പിക്കാൻ കഴിയാതെ കണ്ടു നിന്നവരും തേങ്ങലടക്കി. ഒടുവിൽ മൂന്നരയോടെ സംസ്കാരം നടത്തി. മന്ത്രി കെ.എൻ.ബാലഗോപാൽ, വനിത കമ്മിഷൻ അധ്യക്ഷ പി.സതീദേവി, മുൻ മന്ത്രിമാരായ പി.കെ.ശ്രീമതി, ജെ.മേഴ്സിക്കുട്ടിയമ്മ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഉള്ളവർ അന്ത്യാഞ്ജലി അർപ്പിച്ചു.
തിങ്കൾ ഉച്ചയ്ക്ക് പന്ത്രണ്ടോടെ കോട്ടാത്തല സരിഗ ജംക്‌ഷനിലായിരുന്നു അപകടം. കൊട്ടാരക്കരയിൽ നിന്നു വെണ്ടാർ സ്കൂളിലേക്ക് അധ്യാപക പരിശീലനത്തിനായി പോകുകയായിരുന്ന അനഘ സഞ്ചരിച്ചിരുന്ന സ്കൂട്ടർ എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.