പരിഷ്കാരങ്ങൾ പാഴായി; കുരുങ്ങി കുളത്തൂപ്പുഴ

Mail This Article
കുളത്തൂപ്പുഴ∙ ഗതാഗത പരിഷ്കാരങ്ങൾ പേരിൽ ഒതുങ്ങിയപ്പോൾ പട്ടണം ഗതാഗതക്കുരുക്കിലായി. ഗ്രാമപ്പഞ്ചായത്തും പൊലീസും മോട്ടർ വാഹന വകുപ്പും ഏർപ്പെടുത്തിയ പാർക്കിങ് സംവിധാനങ്ങൾ തകിടം മറിഞ്ഞു. ഗതാഗത ക്രമീകരണത്തിനുള്ള സീബ്ര ലൈനുകളും ബസ് ബേ വരകളും അടക്കം എല്ലാം നശിച്ചു. ഒാട്ടോറിക്ഷ പാർക്കിങ്ങും താളം തെറ്റി. ടാക്സി സ്റ്റാൻഡുകൾ ക്രമപ്പെടുത്തിയിരുന്നെങ്കിലും ഇപ്പോൾ എവിടെ പാർക്കു ചെയ്യണമെന്നതിൽ ആശയക്കുഴപ്പമാണ്. സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഇടം കണ്ടെത്തി നൽകിയെങ്കിലും അതും അവതാളത്തിലായി. സ്വകാര്യ ബസുകൾ പാർക്ക് ചെയ്യാൻ ഗ്രാമപ്പഞ്ചായത്ത് ഒാഫിസ് കവലയിൽ ബസ് ബേ സ്ഥാപിച്ചെങ്കിലും സെൻട്രൽ കവലയിലെ പാർക്കിങ് തുടരുകയാണ്. കുളത്തൂപ്പുഴയിൽ എത്തുന്ന ബസുകൾക്ക് മാർക്കറ്റ് കവലയിൽ ബസ് ബേ സ്ഥാപിച്ചിരുന്നെങ്കിലും ഇപ്പോൾ സൂചകങ്ങൾ കാണാനില്ല.
തിരുവനന്തപുരം ചെങ്കോട്ട പാതയിൽ മലയോര ഹൈവേ സന്ധിക്കുന്ന സെൻട്രൽ കവലയിൽ വലിയ ചരക്കു ലോറികളുടെയും ട്രക്കുകളുടെയും വരവു കൂടിയാകുമ്പോൾ തീർത്തും വെട്ടിലാകും. ജുമ്അ മസ്ജിദ് കവലയിൽ നിന്ന് അഞ്ചൽ പാതയിലേക്കു പോകുന്ന ചെറിയ പാത പട്ടണത്തിലെ തിരക്ക് കുറയ്ക്കാനായി വൺവേയ്ക്കായി പദ്ധതി തയാറാക്കിയെങ്കിലും പാഴായിരുന്നു. പാത വികസനത്തിനു സ്ഥലം കിട്ടാത്തതായിരുന്നു തടസ്സം. ഗണപതിയമ്പലം സാംനഗർ പച്ചയിൽക്കട സമാന്തര റോഡിനായി സർക്കാർ ബജറ്റിൽ ഫണ്ടു കിട്ടിയാൽ മാത്രം നടപ്പാക്കാൻ ലക്ഷ്യമിട്ടു ടോക്കൺ പദ്ധതിയായി 7 കോടി രൂപ വകയിരുത്തിയെങ്കിലും ഇതേവരെ ഫണ്ട് ലഭിച്ചിട്ടില്ല. ഒാണക്കാലം ലക്ഷ്യമിട്ടു പട്ടണത്തിലെ ഗതാഗതം ക്രമീകരിക്കാൻ പുതിയ നിർദേശങ്ങളും ഉൾപ്പെടുത്തി പരിഷ്ക്കാരം നടപ്പാക്കണമെന്നാണ് ആവശ്യം.