സ്കൂൾ ബസ് ഡ്രൈവറെ ആക്രമിച്ച പ്രതികൾ അറസ്റ്റിൽ

Mail This Article
ഇരവിപുരം∙സ്കൂൾ ബസ് ഡ്രൈവറെ ആക്രമിച്ചു പരുക്കേൽപിച്ച പ്രതികൾ പിടിയിൽ. കൊറ്റംകര ചിറവയൽ കുറ്റിവിള വീട്ടിൽ അൽത്താഫ്(24), തെറ്റിച്ചിറ എസ്വി നിവാസിൽ വിനീത്(30) എന്നിവരെയാണ് ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം അയത്തിൽ ഗുരുമന്ദിരത്തിന് സമീപം റോഡിൽ വച്ചിരുന്ന പ്രതികളുടെ സ്കൂട്ടർ സ്കൂൾ ബസ് പോകാനായി വാഹനം ഓടിച്ച് വന്ന മുഹളാർകോയ മാറ്റിവച്ചതിൽ പ്രകോപിതരായി ഇവർ ആക്രമിക്കുകയായിരുന്നു.
പ്രതികൾ കൈവശം കരുതിയിരുന്ന സ്‌ക്രൂഡ്രൈവർ കൊണ്ട് കഴുത്തിനും മുതുകത്തും കുത്തി പരുക്കേൽപിച്ചു.അക്രമം നടക്കുന്നതറിഞ്ഞ് സ്ഥലത്ത് എത്തിയ പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു. ഇരുവരും കിളികൊല്ലൂർ, ഇരവിപുരം പൊലീസ് സ്റ്റേഷനുകളിൽ നേരത്തേ റജിസ്റ്റർ ചെയ്ത മോഷണ കേസുകളിലും പ്രതികളാണ്.ഇരവിപുരം ഇൻസ്‌പെക്ടർ ആർ.രാജീവിന്റെ നേതൃത്വത്തിൽ എസ്ഐ ശശി, എഎസ്‌ഐ കലേഷ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.