കുതിരയെ തല്ലിച്ചതച്ച കേസ്: 3 പേർ കൂടി അറസ്റ്റിൽ

Mail This Article
കൊല്ലം∙ കുതിരയെ തല്ലിച്ചതച്ച കേസിൽ 3 പേർ കൂടി അറസ്റ്റിലായി. അയത്തിൽ വടക്കേവിള കോളജ് നഗർ 221ൽ മടയ്ക്കൽ വീട്ടിൽ ബിവിൻ (24), അയത്തിൽ വടക്കേവിള താഴത്തുവിള വീട്ടിൽ പ്രസീത് (24), വടക്കേവിള ഗാന്ധി നഗർ 175 വയലിൽ പുത്തൻ വീട്ടിൽ സെയ്ദലി(28) എന്നിവരെയാണ് ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തത്.പ്രസീത് നേരത്തേ 11 കേസുകളിലും ബിവിൻ 4 കേസുകളിലും സെയ്ദലി ഒരു കേസിലും ഉൾപ്പെട്ടിട്ടുണ്ട്. ഇതോടെ കേസിൽ 4 പേർ അറസ്റ്റിലായി. 2 പേരെ പിടികൂടാനുണ്ട്.കൊട്ടിയം പറക്കുളം വലിയവിള വീട്ടിൽ അൽ അമീനെ (29) നേരത്തേ പിടികൂടിയിരുന്നു. കാറിലും സ്കൂട്ടറിലുമായി എത്തിയ 6 അംഗ സംഘമാണ് കഴിഞ്ഞ 25ന് തെക്കേകാവ് ഭഗവതി ക്ഷേത്രത്തിന് സമീപത്തുള്ള പറമ്പിൽ കെട്ടിയിരുന ദിയ എന്ന പെൺകുതിരയെയാണ് വടി കൊണ്ട് അടിച്ചു പരുക്കേൽപിച്ചത്.
വടക്കേവിള സ്വദേശി എ.ഷാനവാസിന്റെ ഉടമസ്ഥതതയിലുള്ളതാണ് കുതിര.കാലുകൾക്കും മുഖത്തും സാരമായി പരുക്കേറ്റ കുതിര ജില്ലാ വെറ്ററിനറി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിന്നീട് വീട്ടിലെത്തിച്ച കുതിരയെ വെറ്ററിനറി വിദഗ്ധ സംഘം സ്കാനിങ് നടത്തി.ആന്റി ബയോട്ടിക്കുകൾ നൽകി. ഗർഭിണിയായ കുതിര ആരോഗ്യം വീണ്ടെടുത്തു വരികയാണെന്ന് ഡോക്ടർമാർ പറഞ്ഞു.ഇരവിപുരം ഇൻസ്പെക്ടർ ആർ.രാജീവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികൾക്ക് കുതിരയുടെ ഉടമയുമായി മുൻ വൈരാഗ്യം ഒന്നുമില്ലെന്നാണ് പൊലീസ് പറയുന്നത്.കുതിരയോട് യുവാക്കൾ നടത്തിയ പരാക്രമം നാട്ടുകാരിലും മൃഗസ്നേഹികളിലും വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.കേസിലെ മറ്റു പ്രതികളും ഉടൻ അറസ്റ്റിലാകുമെന്ന് പൊലീസ് പറഞ്ഞു.