ജില്ലാ പുഷ്പ സംഭരണ വിപണന കേന്ദ്രത്തിൽ ആക്രി ‘പൂക്കും’ കാലം

Mail This Article
കൊല്ലം ∙ കൃഷിവകുപ്പിന്റെ ജില്ലാ പുഷ്പ സംഭരണ വിപണന കേന്ദ്രത്തിൽ ഇപ്പോൾ ആക്രി സംഭരണം. കുരീപ്പുഴയിലെ കൃഷി അസി.എക്സിക്യൂട്ടീവ് ഓഫിസറുടെ കാര്യാലയത്തിനു സമീപംപൂക്കൾ സംഭരിക്കാനുള്ള സ്ഥാപനത്തിലാണ് കൃഷിവകുപ്പിന്റെ പഴയ കംപ്യൂട്ടറും പ്രിന്ററും ഉൾപ്പെടെയുള്ള ആക്രി സാധനങ്ങൾ കൂട്ടിയിട്ടിരിക്കുന്നത്. കാടുകയറിയ, ജനൽച്ചില്ലുകൾ തകർന്നു കിടക്കുന്ന ഉപയോഗശൂന്യമായ കെട്ടിടം രാത്രി സാമൂഹിക വിരുദ്ധരുടെ താവളമാണെന്ന് പ്രദേശവാസികൾ പറഞ്ഞു. 2008 മാർച്ചിൽ അന്നു കൃഷിമന്ത്രിയായിരുന്ന മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്ത കേന്ദ്രം ഏതാനും മാസങ്ങൾക്കകം പൂട്ടി .
അലങ്കാര പൂക്കളായ (കട്ട് ഫ്ലവേഴ്സ്) റോസ്, ഓർക്കിഡ്, ഡാലിയ, ആന്തൂറിയം തുടങ്ങിയവ കർഷകരിൽ നിന്നു സർക്കാർ നേരിട്ടു സംഭരിച്ച് താങ്ങുവില നൽകി പൂക്കൃഷി പ്രോത്സാഹിപ്പിക്കുന്നതായിരുന്നു പദ്ധതി. പൂക്കൃഷി ധാരാളമുള്ള പഞ്ചായത്തുകളെ ക്ലസ്റ്ററുകളായി തിരിച്ച് അവിടെ നിന്നു ശേഖരിക്കുന്ന പൂക്കൾ ഹോട്ടലുകൾക്കും വ്യാപാരികൾക്കും വിൽക്കും. ഇപ്പോൾ മന്ത്രിയായ ജെ.ചിഞ്ചുറാണിയായിരുന്നു അന്ന് പുഷ്പ സംഭരണ വിപണന കേന്ദ്രത്തിന്റെ പ്രസിഡന്റ്.
സംഭരണത്തിനായി –4 ഡിഗ്രി സെൽഷ്യസ് താപനില ആവശ്യമുള്ളതിനാൽ ലക്ഷങ്ങൾ മുടക്കി എസിയും സ്ഥാപിച്ചു. എന്നാൽ പൂക്കളുടെ ലഭ്യത കുറഞ്ഞതോടെയും ഇടനിലക്കാർ താങ്ങുവില കൈക്കലാക്കിയതോടെയും കേന്ദ്രവും മങ്ങിത്തുടങ്ങി. വർഷം 16 കഴിഞ്ഞിട്ടും സ്ഥാപനം മറ്റൊരാവശ്യത്തിനായി ഉപയോഗിക്കാതെ ഉപകരണങ്ങൾ പോലും സംരക്ഷിക്കാതെ കൃഷി വകുപ്പ് നശിപ്പിച്ചു. കൃഷി വകുപ്പിന് ജില്ലയിൽ പുതിയ ഓഫിസുകൾ നിർമിക്കുമ്പോൾ ആക്രി തള്ളാനുള്ള ഗോഡൗണാക്കി കേന്ദ്രത്തെ മാറ്റിയിരിക്കുകയാണ്.
2022 ൽ മന്ത്രി ജെ. ചിഞ്ചുറാണി സമീപത്തെ ജില്ലാ ടർക്കി ഫാം സന്ദർശിച്ചപ്പോൾ ഉപയോഗശൂന്യമായ കെട്ടിടം മൃഗസംരക്ഷണ വകുപ്പ് ഏറ്റെടുക്കുമെന്നും ഫാമിന്റെ ഉപയോഗത്തിന് അത് പ്രയോജനപ്പെടുത്തുമെന്നും ഉറപ്പു നൽകിയിട്ടും ഫലമുണ്ടായില്ല. വാർഡ് മെംബറുടെ നേതൃത്വത്തിൽ അങ്കണവാടി ആക്കാനുള്ള നീക്കവും വെറുതെയായി. കൃഷിവകുപ്പിന്റെ അനാസ്ഥയിലൂടെ ഒരു പ്രയോജനവുമില്ലാതെ കറന്റ് ബില്ലുകൾ അടയ്ക്കാനുള്ള കെട്ടിടം മാത്രമാക്കി മാറുകയാണ് മറ്റൊരു സർക്കാർ കെട്ടിടം കൂടി.