പൊലീസിനെയും പറ്റിച്ചു!; ഹൈടെക് സെല്ലിൽ ജോലി ചെയ്ത ഉദ്യോഗസ്ഥനു ലക്ഷങ്ങൾ നഷ്ടം
Mail This Article
കൊല്ലം ∙ വ്യാജ ഓൺലൈൻ ഓഹരി വ്യാപാര സൈറ്റിൽ അംഗമായി പണം നിക്ഷേപിച്ച പൊലീസ് ഉദ്യോഗസ്ഥനു ലക്ഷങ്ങൾ നഷ്ടം. തട്ടിപ്പു സംഘത്തിലെ പ്രമുഖനെ മലപ്പുറത്തു പൊലീസ് കസ്റ്റഡിയിലെടുത്തു. കെഎപി ബറ്റാലിയനിൽ അസി.കമൻഡാൻഡ് ആയി ജോലി നോക്കുന്ന കൊല്ലം സ്വദേശിയിൽ നിന്ന് 7,37,500, രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. തട്ടിപ്പിനിരയായ ഉദ്യോഗസ്ഥൻ നേരത്തേ തിരുവനന്തപുരത്തു ഹൈടെക് സെല്ലിലും കൊല്ലത്തും ജോലി നോക്കിയിരുന്നു.
ഇക്കഴിഞ്ഞ ജൂണിലാണു സംഭവം. സമൂഹമാധ്യമങ്ങളിൽ കണ്ട ഓൺലൈൻ ഓഹരി വ്യാപാര സൈറ്റിൽ റജിസ്റ്റർ ചെയ്ത പൊലീസ് ഉദ്യോഗസ്ഥനെ വാട്സാപ് ഗ്രൂപ്പിൽ അംഗമാക്കിയ ശേഷമായിരുന്നു പണം തട്ടിയത്. സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) പ്രമുഖ ഉപദേശകൻ ആണെന്നു തെറ്റിദ്ധരിപ്പിച്ച ഒരാളുടെ നേതൃത്വത്തിലുള്ള വാട്സാപ് ഗ്രൂപ്പ് ആണെന്നു പറഞ്ഞാണു പണം നിക്ഷേപിക്കാൻ ആവശ്യപ്പെട്ടത്.
ആദ്യം 29,000 രൂപ നിക്ഷേപിച്ച ഉദ്യോഗസ്ഥനോടു വൻതുകകളുടെ ഓഹരി വ്യാപാരം കൈകാര്യം ചെയ്യുന്ന ഗ്രൂപ്പിൽ അംഗമാകണമെങ്കിൽ കുറഞ്ഞത് 30 ലക്ഷം രൂപ നിക്ഷേപിക്കണമെന്ന അറിയിപ്പ് കിട്ടി. ആദ്യം ഏഴു ലക്ഷത്തിലേറെ രൂപ നിക്ഷേപിച്ച വകയിൽ ചെറിയ വരുമാനം ലഭിച്ചെങ്കിലും സംശയം തോന്നിയ ഉദ്യോഗസ്ഥൻ 30 ലക്ഷം രൂപ നിക്ഷേപിക്കാൻ മടിച്ചു.
പിന്നീട്, ആദ്യം നിക്ഷേപിച്ച തുക പിൻവലിക്കാൻ നോക്കിയപ്പോഴാണു തട്ടിപ്പ് മനസ്സിലായത്. ഗ്രൂപ്പ് അംഗങ്ങളായിരുന്ന പലരെയും ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ആ നമ്പറുകളിൽ പലതും നിലവിലില്ലായിരുന്നു. തുടർന്നു സൈബർ സെൽ കൺട്രോൾ റൂമിൽ പരാതിപ്പെട്ടു. കൊല്ലം സൈബർ സെല്ലിനു കൈമാറിയ കേസിന്റെ അന്വേഷണത്തിലാണ് അറസ്റ്റ്. കസ്റ്റഡിയിലെടുത്ത പ്രതിയെ കൊല്ലത്തെത്തിക്കാൻ പൊലീസ് സംഘം കൊല്ലത്തു നിന്നു മലപ്പുറത്തേക്കു തിരിച്ചിട്ടുണ്ട്.