തടിലോറി തടഞ്ഞ് സിഐടിയു; പരാതിയുമായി യാഡ് ഉടമ
Mail This Article
കടയ്ക്കൽ∙ ഹൈക്കോടതി ഉത്തരവ് പ്രകാരം തടി കയറ്റിപ്പോയ ലോറി സിഐടിയു തൊഴിലാളികൾ കടയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാറിന്റെ നേതൃത്വത്തിൽ തടഞ്ഞിട്ടതായി പരാതി. രണ്ടു ദിവസമായി തടി കയറ്റിയ ലോറി റോഡിൽ കിടക്കുകയാണ്. കടയ്ക്കൽ പാങ്ങലുകാട്ടിൽ ആമ്പാടിമുക്കിൽ വിവിധ സ്ഥലങ്ങളിൽ നിന്നു റബർ തടി മുറിച്ചു എത്തിക്കുന്ന യാഡിലാണ് സംഭവം. കിഴക്കുംഭാഗം മൂന്ന്മുക്ക് ശ്യാം നിവാസിൽ അരുൺകുമാറിന്റേതാണ് യാഡ്.
ഒരു മാസം മുൻപ് തടി മില്ലുകളിലേയ്ക്ക് അയക്കുന്നതിന് പാങ്ങലുകാട്ടിലുള്ള തൊഴിലാളികൾക്ക് ജോലി നൽകിയിരുന്നു. ലോഡ് വരാൻ താമസിച്ചതിനാൽ സമയത്ത് ജോലി ചെയ്ത് തീർക്കാൻ തൊഴിലാളികൾ തയാറാകാത്തത് തർക്കമായി. തുടർന്നു അരുൺകുമാറിന് മർദനമേറ്റു. തലയ്ക്ക് അടിയേറ്റ അരുൺകുമാർ കടയ്ക്കൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും കേസ് എടുത്തില്ല. പിന്നീട് സ്വന്തം തൊഴിലാളികളെക്കൊണ്ടു ജോലി ചെയ്യിക്കാൻ അരുൺകുമാർ തയാറായി.
ജോലിക്ക് സിഐടിയു തൊഴിലാളികൾ തടസ്സം നിന്നതോടെ അരുൺകുമാർ ഹൈക്കോടതിയെ സമീപിച്ചു. സ്വന്തം തൊഴിലാളികളെ ഉപയോഗിച്ചു കയറ്റിറക്ക് നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു. കഴിഞ്ഞ ദിവസം യാഡിലെ തൊഴിലാളികൾ ലോറിയിൽ തടി കയറ്റി. ലോറി പോകാൻ ഇറങ്ങുമ്പോൾ പഞ്ചായത്ത് റോഡ് തകരുമെന്നും യാഡ് പ്രവർത്തിക്കാൻ പഞ്ചായത്തിന്റെ ലൈസൻസ് വാങ്ങിയില്ലെന്ന് ആരോപിച്ചു 50 മീറ്റർ അകലെ ലോറി തടഞ്ഞിട്ടു. കാർ കുറുകെയിട്ടാണ് തടഞ്ഞത്.
പഞ്ചായത്ത് റോഡിൽ കൂടി തടി കയറ്റി ലോറികൾ പോകുന്നതിനാൽ റോഡിന് തകർച്ചയുണ്ടാകുന്നതായി പറഞ്ഞാണ് പഞ്ചായത്ത് പ്രസിഡന്റ് സ്ഥലത്ത് എത്തിയത്. പാങ്ങലുകാട്ടിലെ തൊഴിലാളികൾക്ക് ജോലി നൽകിയാൽ ലോറി വിട്ടയക്കാമെന്നായിരുന്നു പഞ്ചായത്ത് പ്രസിഡന്റിന്റെ മറുപടിയെന്നു അരുൺകുമാർ പറയുന്നു. ഹൈക്കോടതി ഉത്തരവ് പ്രകാരം തടി കയറ്റിപ്പോയ ലോറി തടഞ്ഞിട്ട സംഭവത്തെ തുടർന്ന് പൊലീസ് സ്ഥലത്ത് എത്തിയെങ്കിലും നടപടി സ്വീകരിച്ചില്ലെന്നു അരുൺകുമാർ ആരോപിക്കുന്നു.