നീണ്ടകരയിൽ നിർമിക്കണം,കൂടുതൽ അടിപ്പാതകൾ
Mail This Article
കൊല്ലം∙ദേശീയപാത വികസനത്തിൽ നീണ്ടകര മേഖലയിൽ കൂടുതൽ അടിപ്പാതകൾ വേണമെന്ന ആവശ്യം ശക്തമാകുന്നു. നിലവിലെ അലൈൻമെന്റിൽ നിർദേശിച്ചിരിക്കുന്ന 2 അടിപ്പാതകൾ കാര്യമായി പ്രയോജനപ്പെടില്ലെന്നും നാട്ടുകാർ പരാതിപ്പെടുന്നു.
ചവറ പാലം മുതൽ നീണ്ടകര പാലം വരെയാണ് നീണ്ടകര പഞ്ചായത്തിലെ ദേശീയപാത കടന്നുപോകുന്നത്. ഈ മേഖലയിലെ ദേശീയപാതയുടെ ദൈർഘ്യം ഏകദേശം 4.5 കിലോമീറ്റർ. നീണ്ടകര ജംക്‌ഷനിലാണ് ആദ്യ അടിപ്പാത. അടുത്തതാകട്ടെ മൂന്നര കിലോമീറ്റിന് അപ്പുറം ഇന്ത്യൻ റെയർ എർത്ത് ലിമിറ്റഡിന് (ഐആർഇഎൽ) അടുത്ത് പുത്തൻതുറ സ്കൂളിനോട് ചേർന്നും. നീണ്ടകര സെന്റ് ആഗ്നസ് സ്കൂളിന് സമീപം ഒരു അടിപ്പാത നേരത്തേ പ്ലാനിൽ ഉണ്ടായിരുന്നു. എന്നാൽ, ആ അടിപ്പാത നീണ്ടകര ജംക്‌ഷനിലേക്കു പിന്നീടു മാറ്റി. എന്നാൽ, വലിയ വാഹനങ്ങൾ കടന്നുപോകാനുള്ള വീതി ഈ അടിപ്പാതയ്ക്കില്ല. തൊട്ടടുത്ത് വലിയ വാഹനങ്ങൾ കടന്നുപോകാനുള്ള വീതിയിൽ ഒരു അടിപ്പാത നിർമിക്കാൻ സാധ്യതയുണ്ട്. അതായത് 50 മീറ്റർ അകലത്തിൽ രണ്ട് അടിപ്പാത.
ദേശീയപാതയുടെ ഇരുവശത്തുമായി സ്കൂളുകളും ദേവാലയങ്ങളും ക്ഷേത്രങ്ങളുമുണ്ട്. ദേശീയപാത പൂർത്തിയാകുമ്പോൾ ഏറെ ബുദ്ധിമുട്ടിലാകുന്നത് ഈ മേഖലയിലെ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളും അവരുടെ രക്ഷിതാക്കളും അധ്യാപകരുമാണ്. നീണ്ടകര ഹാർബറിലേക്ക് ആയിരക്കണക്കിന് ആളുകൾ നടന്നു പോകുന്നതും തലച്ചുമടായി മത്സ്യം വാങ്ങി വരുന്നതും ഈ മേഖലയിലൂടെയാണ്. അവരുടെ ഉപജീവനത്തിനും ദേശീയപാത വികസനം തടസ്സമാകുമെന്നും നാട്ടുകാർ പറയുന്നു. നിർമാണം പൂർത്തിയാകുന്ന മുറയ്ക്ക് ഉപരിതല നടപ്പാത (ഫുട് ഓവർ ബ്രിജ്) നിർമിക്കുമെന്നു പ്ലാനിൽ പറയുന്നു. എന്നാൽ, ആ നടപ്പാത സ്കൂളുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ നിന്ന് ഏകദേശം മുക്കാൽ കിലോമീറ്റർ അകലെയാണ്. പടിഞ്ഞാറു ഭാഗത്തു നിന്നും സെന്റ് ആഗ്നസ് ഹൈസ്കൂളിലേക്ക് എത്തുന്ന കുട്ടികൾ ഒന്നര കിലോമീറ്റർ അധികം നടക്കേണ്ടി വരും. പടിഞ്ഞാറു ഭാഗത്തുള്ള സെന്റ് സെബാസ്റ്റ്യൻ എൽപി സ്കൂളിലേക്കുള്ള യാത്രയ്ക്കും ഇതേ ദൂരം താണ്ടേണ്ടിവരും.
വേട്ടുതറ കവലയിലെ അടിപ്പാതയ്ക്കായി എൻ.കെ. പ്രേമചന്ദ്രൻ എംപി ലോക്സഭയിൽ സബ്മിഷൻ അവതരിപ്പിച്ചിരുന്നു. വേട്ടുതറയിലെ ആളുകൾ 842 മീറ്റർ അകലെയുള്ള അടിപ്പാത ഉപയോഗിക്കാനാണ് നാട്ടുകാർ നൽകിയ പരാതിയിൽ ദേശീയപാത അതോറിറ്റി പറഞ്ഞത്. കൂടുതൽ അടിപ്പാത ഗതാഗതത്തെ ബാധിക്കുമെന്നും അധികൃതർ പറഞ്ഞു.
കെഎസ്ആർടിസി ബസ് സർവീസ് നിലയ്ക്കുമോ?
മറ്റൊരു പ്രശ്നം കൊല്ലത്തു നിന്ന് ദളവാപുരം വഴി കരുനാഗപ്പള്ളിയിലേക്ക് സർവീസ് നടത്തുന്ന 10 കെഎസ്ആർടിസി ബസുകളുണ്ട്. വേട്ടുതറയിൽ നിന്നാണ് ഇവ തിരിയുന്നത്. നിലവിലെ പ്ലാൻ അനുസരിച്ച് പുത്തൻതുറ സ്കൂളിന് അടുത്തുള്ള അടിപ്പാതയിലൂടെ തിരിഞ്ഞ് വേട്ടുതറയിൽ എത്തിവേണം ഈ വാഹനങ്ങൾക്കു കടന്നുപോകാൻ. ബുദ്ധിമുട്ട് നേരിട്ടാൽ ഈ സർവീസുകൾ നിർത്താനും കെഎസ്ആർടിസി മടിക്കില്ല. ഈ ബസുകൾക്ക് തിരിയാനുള്ള സൗകര്യം ഒരുക്കി സർവീസ് റോഡ് മെച്ചപ്പെടുത്തണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
വേണം കാൽനട അടിപ്പാത
നീണ്ടകര സെന്റ് സെബാസ്റ്റ്യൻസ് പള്ളിയോട് ചേർന്ന് കാൽനട അടിപ്പാത നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പള്ളിയോടു ചേർന്നുള്ള വഴിയിലൂടെയാണ് നീണ്ടകര ഹാർബറിലേക്ക് വാഹനങ്ങളും കാൽനട യാത്രക്കാരും കടന്നുപോകുന്നത്. ഈ ഭാഗത്തുള്ള പ്രാദേശിക റോഡിൽ അടിപ്പാത നിർമിക്കാം, അതും അധികം ചെലവില്ലാതെ തന്നെ. പ്രാദേശിക റോഡ് നിലവിലെ ദേശീയപാതയിൽ നിന്ന് ഏകദേശം ഒന്നര മീറ്റർ ഉയരത്തിലാണ്. ദേശീയപാതയുടെ ഓടകളും സർവീസ് റോഡും നിലവിലെ പ്രാദേശിക റോഡിന്റെ ഉയരത്തിലുമാണ്. അൽപം മണ്ണുമാന്തിയാൽ കാൽനട യാത്രക്കാർക്ക് ഉപകരിക്കും വിധം അടിപ്പാത നിർമിക്കാനാകുമെന്ന് നാട്ടുകാർ പറയുന്നു.