സാമ്പ്രാണിക്കോടി ടൂറിസത്തിന് താൽക്കാലിക പൂട്ട്; ബോട്ട് സർവീസ് പൊലീസ് നിർത്തിവയ്പിച്ചു
Mail This Article
അഞ്ചാലുംമൂട് ∙സാമ്പ്രാണിക്കോടി ടൂറിസത്തിന് താൽക്കാലിക പൂട്ട് വീണു. സാമ്പ്രാണിക്കോടിയിലേക്ക് സർവീസ് നടത്തുന്നതിനുള്ള ഡിടിപിസിയുടെ പുതിയ കൗണ്ടർ മണലി നടയിൽ ആരംഭിച്ചതിനെ എതിർത്ത് ഒരു വിഭാഗം ബോട്ട് ഉടമകളും ജീവനക്കാരും രംഗത്തു വന്നതിനെ തുടർന്ന് സാമ്പ്രാണിക്കോടി ബോട്ട് സർവീസ് പൊലീസ് നിർത്തി വയ്പിച്ചു. കലക്ടറുടെ നിർദേശത്തെ തുടർന്നാണ് പ്രാക്കുളം സാമ്പ്രാണിക്കോടിയിലെ ഡിടിപിസി കൗണ്ടറിനു പിന്നാലെ പ്രാക്കുളം മണലിൽ ക്ഷേത്രത്തിന് സമീപത്തെ കടവിൽ ഡിടിപിസി പുതിയ ടിക്കറ്റ് കൗണ്ടർ ആരംഭിച്ചത്. ഇന്നലെ മുതലാണ് കൗണ്ടറിന്റെ പ്രവർത്തനം ആരംഭിച്ചത്. ഇതിനെതിരെ ഡിടിപിസി കോൺട്രാക്ട് ബോട്ട് ഓണേഴ്സ് ആൻഡ് സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തിൽ ബോട്ടുകൾ സർവീസ് മുടക്കി പ്രതിഷേധം നടത്തി.
മണലി നടയിലെ ടിക്കറ്റ് കൗണ്ടറിൽ നിന്നും രാവിലെ 2 ബോട്ടുകളിലായി സന്ദർശകർ സാമ്പ്രാണിക്കോടി തുരുത്തിലെത്തിയെങ്കിലും സന്ദർശകരെ തുരുത്തിലേക്കിറക്കാൻ പ്രതിഷേധക്കാർ സമ്മതിച്ചില്ല. തുരുത്തിനു ചുറ്റും ബോട്ട് കെട്ടിയിട്ട് അവർ പ്രതിഷേധം രേഖപ്പെടുത്തി. തുടർന്ന് സന്ദർശകരെ കരയിലെത്തിച്ച് ടിക്കറ്റ് റീഫണ്ട് ചെയ്തു നൽകി മടക്കി വിടുകയാണ് ചെയ്തത്. ഇരു ഭാഗത്തും പ്രതിഷേധം കടുത്തതോടെ വിവരമറിഞ്ഞെത്തിയ അഞ്ചാലുംമൂട് പൊലീസ് ബോട്ട് സർവീസുകൾ നിർത്തി വയ്ക്കാൻ നിർദേശം നൽകി. തുടർന്ന് സ്ഥലത്ത് കൂടുതൽ പൊലീസിനെ നിയോഗിക്കുകയും ചെയ്തു.
വിഷയം ചർച്ച ചെയ്യാനായി ഡിടിപിസി അധികൃതരെയും ഇരു വിഭാഗം പ്രതിനിധികളെയും വിളിച്ച് ചേർത്ത് വൈകിട്ട് എസിപി ഷെരീഫിന്റെ അധ്യക്ഷതയിൽ അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനിൽ യോഗം ചേർന്നെങ്കിലും തീരുമാനമാകാതെ പിരിഞ്ഞു. വിഷയത്തിൽ ജില്ലാ കലക്ടർ യോഗം വിളിച്ച് ചേർത്ത് തീരുമാനം ഉണ്ടാകുന്നത് വരെ സാമ്പ്രാണിക്കോടിയിലേക്കുള്ള എല്ലാ ബോട്ട് സർവീസുകളും നിർത്തിവയ്ക്കാൻ പൊലീസ് നിർദേശം നൽകിയിട്ടുണ്ട്. സ്ഥലത്ത് പൊലീസ് നിരീക്ഷണം ഏർപ്പെടുത്തുകയും ചെയ്തു.
നിലവിലെ ടേൺ പുതിയ കൗണ്ടറിലും നടപ്പാക്കണം
നിലവിലെ 52 ബോട്ടുകളിൽ പകുതി സാമ്പ്രാണിക്കോടി കൗണ്ടറിലും പകുതി മണലിനട കൗണ്ടറിലുമായി ഒരു ദിവസം സർവീസ് നടത്തുക. അടുത്ത ദിവസം ഈ ബോട്ടുകൾ കൗണ്ടറുകൾ മാറി വേണം സർവീസ്. ഈ വ്യവസ്ഥയാണ് ഡിടിപിസി മുന്നോട്ടുവച്ചത്. ഇതു പോരെന്നും നിലവിലെ ടേൺ അടിസ്ഥാനത്തിൽ തന്നെ പുതിയ കൗണ്ടറിലും സർവീസ് നടത്തണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.