ദേശീയപാത നിർമാണം: മഴ പെയ്താൽ വെള്ളക്കെട്ട്, വെയിൽ വന്നാൽ പൊടിപൂരം, പിന്നെ ഗതാഗതക്കുരുക്കും

Mail This Article
ചാത്തന്നൂർ∙ അത്യാധുനിക യന്ത്രങ്ങൾ ഉപയോഗിച്ച് ആധുനിക രീതിയിലാണ് ദേശീയപാത നിർമാണമെങ്കിലും ജനങ്ങൾ നട്ടം തിരിയുകയാണ്. മഴ പെയ്താൽ വെള്ളക്കെട്ടും ചെളിക്കൂനയും, വെയിൽ വന്നാൽ പൊടിപൂരം, പുറമേ ഗതാഗതക്കുരുക്കും. ദേശീയപാതയെ ആശ്രയിക്കുന്ന വാഹനങ്ങൾ, യാത്രക്കാർ, പാതയോരത്തെ വ്യാപാരി വ്യവസായികൾ, വീട്ടുകാർ തുടങ്ങിയവരുടെ ദുരിതത്തിന് അറുതിയില്ല.കൊട്ടിയം പരക്കുളം മുതൽ ചാത്തന്നൂർ പൊലീസ് സ്റ്റേഷനു സമീപം വരെയാണ് ഏറെ ദുരിതം. ഇതിൽ തന്നെ കൊട്ടിയം ഇഎസ്ഐ ആശുപത്രി, മൈലക്കാട് അടിപ്പാതയ്ക്ക് സമീപം, തിരുമുക്ക്, ചാത്തന്നൂർ വൈദ്യുതിഭവൻ, ചാത്തന്നൂർ ജംക്‌ഷൻ, പൊലീസ് സ്റ്റേഷനു സമീപം, കല്ലുവാതുക്കൽ പാറ ജംക്‌ഷൻ എന്നിവിടങ്ങൾ കടന്നു കിട്ടാൻ സാഹസപ്പെടണം.കൊട്ടിയം, തിരുമുക്ക്, പാരിപ്പള്ളി ജംക്‌ഷനുകളിൽ മിക്കപ്പോഴും വലിയ ഗതാഗതക്കുരുക്കാണ്.
സർവീസ് റോഡ് പൂർത്തിയാക്കി ഗതാഗതം തിരിച്ചു വിടാതെ വളരെ വീതികുറഞ്ഞ റോഡിലൂടെ ഇരുവശത്തേക്കും വാഹനം കടന്നു പോകുന്നതാണ് ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നത്.മടത്തറ, പരവൂർ റോഡുകൾ സംഗമിക്കുന്ന പാരിപ്പള്ളി ജംക്‌ഷനിലും ഗതാഗതക്കുരുക്ക് പതിവാണ്. പാരിപ്പള്ളിയിലെ ഗതാഗതക്കുരുക്ക് ആംബുലൻസുകളെ ഉൾപ്പെടെ വലയ്ക്കുന്നുണ്ട്.തിരക്കേറിയ ജംക്‌ഷനുകളിൽ ഉൾപ്പെടെ സർവീസ് റോഡ് വേണ്ട നിലയിൽ നിർമിച്ചിട്ടില്ല. വലിയ കുഴികളാണ്. ഇതിൽ മെറ്റൽ നിരത്തുമെങ്കിലും മഴയിൽ ഇളകി കുഴി വലുതായി ഗതാഗതം തടസ്സപ്പെടുകയാണ്. മേൽപാത നിർമിക്കുന്നതിനു മാസങ്ങൾക്കു മുൻപ് റോഡ് ആഴത്തിൽ കുഴിച്ച ശേഷം ചാത്തന്നൂരിലും മറ്റും നിർമാണം നിർത്തിവച്ചു. ഇതോടെ പാതയുടെ സമീപത്തെ കടകളിൽ കച്ചവടം ഇല്ലാതായി. ചാത്തന്നൂർ കെഎസ്ആർടിസി ജംക്‌ഷൻ, കല്ലുവാതുക്കൽ എന്നിവിടങ്ങളിലെ അടിപ്പാത ചെളി നിറഞ്ഞവെള്ളക്കെട്ടാണ്.