കാട്ടുപന്നി ശല്യം: കൃഷിനാശം പതിവ്, ഒപ്പം ആക്രമണ ഭീഷണിയും; ജനം ഭീതിയില്‍
Mail This Article
ചാത്തന്നൂർ ∙ കല്ലുവാതുക്കൽ ഗ്രാമപ്പഞ്ചായത്തിലെ നടയ്ക്കൽ പ്രദേശത്തു കാട്ടുപന്നി ശല്യം രൂക്ഷം. നെൽക്കൃഷി ഉൾപ്പെടെയുള്ള കാർഷിക വിളകൾ വ്യാപകമായി നശിപ്പിക്കുന്നതു കർഷകരെ വലയ്ക്കുകയാണ്. മരച്ചീനി, വാഴ, ചേമ്പ്, ചേന തുടങ്ങിയവ എല്ലാം പന്നികൾ നശിപ്പിക്കുകയാണ്. കഴിഞ്ഞ ദിവസം നടയ്ക്കൽ ഏലായിൽ കാട്ടുപന്നിക്കൂട്ടം ഇറങ്ങി നെൽക്കൃഷി നശിപ്പിച്ചു. പന്നികൾ കൂട്ടത്തോടെ എത്തിയാണു നെൽച്ചെടികൾ കുത്തിമറിക്കുന്നത്. ഇരുട്ടുന്നതോടെ ഇറങ്ങുന്ന പന്നികൾ പുലരും വരെ ഈ പ്രദേശത്തു കാണും.
കാട്ടുപന്നികൾ വിഹരിക്കുന്നതു റബർ ടാപ്പിങ്ങിനും പ്രതിസന്ധിയാണ്. ഇവയെ ഭയന്നു ടാപ്പിങ് തൊഴിലാളികൾ നേരം പുലർന്ന ശേഷമാണു ജോലി ആരംഭിക്കുന്നത്. സന്ധ്യ കഴിഞ്ഞാൽ സ്ത്രീകളും കുട്ടികളും പുറത്ത് ഇറങ്ങാറില്ല. ഇവയുടെ ശല്യത്തിൽ നിന്നു ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനു വേണ്ട നടപടികൾ ഉണ്ടാകണമെന്നു നടയ്ക്കൽ ഗാന്ധിജി ആർട്സ്, സ്പോർട്സ് ക്ലബ് ആൻഡ് ലൈബ്രറി പ്രസിഡന്റ് പി.വി.അനിൽകുമാർ, സെക്രട്ടറി ഗിരീഷ് കുമാർ നടയ്ക്കൽ എന്നിവർ ആവശ്യപ്പെട്ടു.