കരാറുകാരന്റെ മെല്ലെപ്പോക്ക്: റോഡ് നിർമാണം തടസ്സപ്പെട്ടു
Mail This Article
കടയ്ക്കൽ∙ പണം അനുവദിച്ചു കരാർ നൽകിയ റോഡ് പണി കരാറുകാരന്റെ മെല്ലേപ്പോക്ക് മൂലം തടസ്സപ്പെട്ടിട്ട് മൂന്ന് വർഷം. എൻ.കെ.പ്രേമചന്ദ്രൻ എംപിയുടെ ശുപാർശയെ തുടർന്ന് പിഎംജിഎസ്‌വൈ പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ചര കോടി രൂപ അടങ്കൽ തുകയിൽ കരാർ നൽകിയ കടയ്ക്കൽ പാങ്ങലുകാട് മുതയിൽ സൈഡ്‌വാൾ തലവരമ്പ് റോഡിനാണ് കഷ്ടകാലം. പണി തടസ്സപ്പെട്ടതിനെ തുടർന്ന് കുഴികളായി നിറഞ്ഞ റോഡിൽ സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയാണ്.
മൂന്ന് വർഷം മുൻപ് കരാർ നടപടി പൂർത്തിയാക്കിയ റോഡ് നിർമാണം നടത്തുന്നതിൽ കരാറുകാരൻ വീഴ്ച വരുത്തിയതിനെ തുടർന്ന് കരാർ റദ്ദായി. പിന്നീട് കരാറുകാരൻ കോടതിയെ സമീപിച്ചു. തുടർന്ന് കരാർ നീട്ടി നൽകി. കരാർ നീട്ടി നൽകി മാസങ്ങൾ കഴിഞ്ഞിട്ടും പണി തുടങ്ങാൻ തയാറായില്ല. തൊളിക്കുഴി സ്വദേശിയാണ് കരാർ ഏറ്റെടുത്തത്. റോഡ് പണിക്കു മെറ്റൽ ഉൾപ്പെടെ സാധനങ്ങൾ ഇറക്കിയിരുന്നു. അതെല്ലാം റോഡിൽ കിടന്നു നശിക്കുകയാണ്. കുമ്മിൾ, ചിതറ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതാണ് റോഡ്. 8 കിലോമീറ്റർ വരുന്ന റോഡ് പണി പൂർത്തിയായാൽ കടയ്ക്കൽ നിന്നു തിരുവനന്തപുരം ചെങ്കോട്ട പാതയിൽ ചല്ലിമുക്കിൽ എത്താൻ എളുപ്പമാകും.
ഗ്രാമപ്രദേശത്തു കൂടിയുള്ള റോഡ് നന്നാക്കുന്നതിന് നാട്ടുകാർ നൽകിയ നിവേദനത്തെ തുടർന്നാണ് എംപി ശുപാർശ ചെയ്തത്. പാങ്ങലുകാട്ടിൽ തുടങ്ങുന്ന റോഡിൽ മുതയിൽ വരെ കുഴികൾ മാത്രമാണ് ഇപ്പോൾ. മഴയിൽ വെള്ളം കെട്ടി കിടക്കുന്നതിനാൽ വാഹന യാത്രയും ദുരിതത്തിലാണ്. ഇതു വഴി സർവീസ് നടത്തിയിരുന്ന ബസുകൾ വരാതായി. റോഡ് നിർമാണം നടത്താതെ മെല്ലെപ്പോക്ക് നടത്തുന്നതിനാൽ കരാർ റദ്ദാക്കി പുനർലേലം ചെയ്ത് നിർമാണം നടത്തുന്നതിനു നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.