സ്വയം പരിശീലനം; വീഴ്ത്തിയ വിധിയെ ഓടി തോൽപിച്ച് ശ്രീറാം
Mail This Article
പുനലൂർ ∙ ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ പുനലൂർ ശ്രീവാസ് ഭവനിലെ ശ്രീറാം ഒരിക്കലും ഓർത്തില്ല കൂടെയോടുന്ന 'വിധി' തന്നെ തട്ടി വീഴ്ത്തുമെന്ന്. പിന്നീട് ആ വിധിയെ തോൽപിച്ച് ശ്രീറാം വാരിക്കൂട്ടിയത് പാരാ അത്‌ലറ്റിക് സംസ്ഥാന, ദേശീയ ചാംപ്യൻഷിപ്പുകളിലെ മെഡലുകൾ. ശ്രീറാമിന് സ്പോൺസറെ തേടി മനോരമ 2024 ഫെബ്രുവരി 8ന് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു ഇപ്പോൾ ഇതാ, പതിനാലാമത് കേരള സംസ്ഥാന പാരാ അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ മൂന്ന് സ്വർണം സ്വന്തമാക്കിയിരിക്കുകയാണ് ശ്രീറാം. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന 100, 400, 1500 മീറ്ററിലാണ് സ്വർണം നേടിയത്. കേരള ക്രിക്കറ്റ് ലീഗിലെ ചാംപ്യൻമാരായ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സ് ആണ് ശ്രീറാമിനെ ഈ തവണത്തെ മത്സരങ്ങളിൽ സ്പോൺസർ ചെയ്തത്.
ഇനി നടക്കുന്ന ദേശീയ മത്സരത്തിലും ശ്രീറാമിന് വേണ്ടുന്ന എല്ലാ പ്രോത്സാഹനവും സ്പോൺസർഷിപ്പും നൽകുമെന്ന് ഏരീസ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടറും, ഏരീസ് കൊല്ലം സെയ്‌ലേഴ്‌സ് സിഇഒയുമായ ഡോ.എൻ.പ്രഭിരാജ് പറഞ്ഞു. 2015ൽ കേരള - തമിഴ്നാട് അതിർത്തിയിൽ കുടുംബത്തോടൊപ്പം സഞ്ചരിച്ചപ്പോൾ ഉണ്ടായ അപകടത്തിൽപെട്ട ശ്രീറാമിന്റെ പേശികളും ഞരമ്പുകളും തകർന്നു. ആഹാരം കഴിക്കുന്നത് പോലും ട്യൂബിലൂടെയായിരുന്നു. അപകടത്തിൽ വലതു കയ്യുടെ ശേഷി നഷ്ടപ്പെട്ടു. വലതു തോള് ചരിയുകയും കാഴ്ചയ്ക്ക് കാര്യമായി മങ്ങൽ ഏൽക്കുകയും ചെയ്തു.അവിടെ നിന്നാണ് ശ്രീറാമിന്റെ ഉയർത്തെഴുന്നേൽപ്പ്.
സ്കൂളിൽ നിന്ന് പഠിച്ച ഓട്ടത്തിന്റെ ബാലപാഠം മനസ്സിൽ നിറഞ്ഞിരുന്നു. അതിൽ നിന്നാണ് പരിശീലനം നേടാൻ താൽപര്യം ഉണ്ടായത്. പുനലൂർ ചെമ്മന്തൂർ ഹൈസ്കൂൾ ഗ്രൗണ്ടിൽ സ്വയം പരിശീലനമാണ് ശ്രീറാം നടത്തുന്നത്. പപ്പടം വിൽപന നടത്തുന്ന പിതാവ് മുത്തുരാമനും അമ്മ പ്രിയയും സഹോദരൻ ശ്രീനിവാസനും എപ്പോഴും പൂർണ പിന്തുണയുമായി കൂടെയുണ്ട്. പോയ വർഷങ്ങളിലെ മത്സരങ്ങളിലും ശ്രീറാം നിരവധി മെഡലുകളാണ് സ്വന്തമാക്കിയത്. കഴിഞ്ഞവർഷത്തെ സംസ്ഥാന പാരാ അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ നാല് സ്വർണവും, ഒരു വെള്ളിയും സ്വന്തമാക്കിയിരുന്നു.മഹാരാഷ്ട്രയിൽ നടന്ന ദേശീയ മീറ്റിൽ 1500 മീറ്ററിൽ വെങ്കലവും സ്വന്തമാക്കി.