വീട്ടുമുറ്റത്തേക്കു ലഹരിമരുന്ന് വലിച്ചെറിഞ്ഞ യുവാവ് പിടിയിൽ; പൊതി വലിച്ചെറിഞ്ഞത് എക്സൈസിനെ ഭയന്ന്
Mail This Article
കൊല്ലം∙ ലഹരിമരുന്നു നിറച്ച പൊതി വീട്ടുമുറ്റത്തേക്കു വലിച്ചെറിഞ്ഞ ശേഷം കടന്ന യുവാവിനെ പൊലീസ് പിടികൂടി. കാവനാട് ശ്രീകൃഷ്ണ ഭവനത്തിൽ സന്തോഷി(29)നെയാണ് ഈസ്റ്റ് പൊലീസ് പിടികൂടിയത്. ചൊവ്വാഴ്ച രാവിലെ 11ന് വടയാറ്റുകോട്ട ഊരമ്മൻ കോവിലിനു സമീപമാണ് സംഭവം. സമീപവാസികൾ റോഡരികിൽ സംസാരിച്ചു നിൽക്കുമ്പോൾ ഷോൾഡർ ബാഗ് ധരിച്ച് ഒരു യുവാവ് അമിത വേഗത്തിൽ നടന്നു പോകുകയും ഏതോ സാധനം വീട്ടുമുറ്റത്തേക്ക് വലിച്ചെറിയുന്നതായും കണ്ടു. സംശയം തോന്നി നാട്ടുകാർ പരിശോധിച്ചപ്പോൾ കറുത്ത കവറിൽ പൊതിഞ്ഞ പായ്ക്കറ്റ് കണ്ടു. ഉടൻ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ അറിയിച്ചതിനെ തുടർന്ന് നടത്തിയ ശാസ്ത്രീയ പരിശോധനയിൽ നിരോധിത ലഹരി മരുന്നായ എംഡിഎംഎ ആണെന്ന് കണ്ടെത്തുകയായിരുന്നു. 54ഗ്രാം എംഡിഎംഎയാണ് പൊതിയിൽ ഉണ്ടായിരുന്നത്. തുടർന്ന് പരിസരത്തുള്ള സിസിടിവികൾ പരിശോധിച്ചതിൽ കാവനാട് സ്വദേശിയായ സന്തോഷാണ് ലഹരിമരുന്ന് വലിച്ചെറിഞ്ഞതെന്നു തിരിച്ചറിഞ്ഞു.
തുടർന്നു മുളങ്കാടകത്ത് വച്ച് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. 2 വർഷമായി പ്രതി ബെംഗളൂരുവിൽ നിന്നു ട്രെയിൻ മാർഗം എംഡിഎംഎ കടത്തിക്കൊണ്ടു വന്നു സുഹൃത്തുക്കൾക്കും മറ്റും വിൽപന നടത്തിവരികയായിരുന്നു. ചൊവ്വാഴ്ച എംഡിഎംഎയുമായി എത്തിയ ഇയാൾ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഓട്ടോറിക്ഷയിൽ എംഡിഎംഎയുമായി വരുന്നതിനിടെ ഇയാളുടെ വാഹനത്തിന് പിന്നാലെ ബൈക്കിൽ വന്നവർ എക്സൈസ് സംഘം ആണെന്ന് തെറ്റിദ്ധരിച്ച് ഓട്ടോയിൽ നിന്ന് ഇറങ്ങിയോടി. പിന്നീട് ലഹരി മരുന്ന് അടങ്ങിയ പൊതി വീട്ടുമുറ്റത്തേക്ക് വലിച്ചെറിഞ്ഞ ശേഷം കടന്നു കളയുകയായിരുന്നു. ഈസ്റ്റ് പൊലീസ് ഇൻസ്പെക്ടർ അനിൽകുമാറിന്റെ നേതൃത്വത്തിൽ എസ്ഐമാരായ സുമേഷ്, സവിരാജ്, എസ്‌സിപിഒ സജീവ്, സിപിഒമാരായ അനീഷ്, ഷഫീക്ക്, അനു.ആർ.നാഥ് എന്നിവരും ഡാൻസാഫ് ടീമും ചേർന്നാണ് പ്രതിയെ പിടികൂടിയത്.