തൂക്കുപാലവും തകർന്നു; പുതിയ പാലം പണിയണം
Mail This Article
പത്തനാപുരം∙ പിറവന്തൂർ–തലവൂർ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന തര്യൻതോപ്പ് കടവിൽ പാലം നിർമിക്കണമെന്ന ആവശ്യം ശക്തം. കല്ലടയാറിനു കുറുകെ ഇവിടെ നേരത്തേ തൂക്കുപാലം നിർമിച്ചിരുന്നെങ്കിലും, 2018ലെ പ്രളയത്തിലും വെള്ളപ്പൊക്കത്തിലും മരങ്ങളും മറ്റും വന്നടിഞ്ഞ് തൂക്കു പാലവും തകർന്ന നിലയിലാണ്. കിഴക്കേഭാഗം, മാക്കുളം, പളളിമുക്ക് ഭാഗങ്ങളിലുള്ളവർക്ക് പിടവൂർ ഭാഗത്തേക്ക് വേഗത്തിലെത്താൻ കഴിയുന്ന പാതയാണിത്. 2018ലെ പ്രളയത്തിലും അതിനു ശേഷമുണ്ടായ വെള്ളപ്പൊക്കത്തിലുമായി തൂക്കുപാലത്തിന്റെ അടിപ്പലകകൾ വരെ ഇളകി മാറി. വശത്തെ കമ്പിവേലി പലയിടത്തും ഉള്ളിലേക്ക് മടങ്ങി പോകുകയും ചെയ്തിട്ടുണ്ട്.
തുരുമ്പെടുത്ത് നശിച്ച പാലത്തിലൂടെ കാൽനടയാത്ര പോലും പാടില്ലെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും, വിവിധ ആവശ്യങ്ങളുമായി മറുകരയെത്താനുള്ളവർ ഈ പാലത്തെ തന്നെയാണ് ആശ്രയിക്കുന്നത്. ആളുകൾ നടക്കുമ്പോൾ കുലുങ്ങുന്ന പാലം അപകടാവസ്ഥയിലാണുള്ളത്.ഇതിന് പകരം കോൺക്രീറ്റ് പാലം നിർമിക്കുമെന്ന് എംഎൽഎ ഉൾപ്പെടെയുള്ളവർ വാഗ്ദാനം നൽകിയിരുന്നു. പാലം തകർന്ന് ആറു വർഷം കഴിഞ്ഞിട്ടും പ്രാഥമിക നടപടി പോലും പൂർത്തിയായിട്ടില്ലപാലം നിർമിക്കുന്നതിന് തത്വത്തിൽ അംഗീകാരമായെന്ന പ്രഖ്യാപനവും ഇടയ്ക്കുണ്ടായി. ഇക്കാര്യത്തിൽ അധികൃതർ തുടരുന്ന അനാസ്ഥയ്ക്കെതിരെ പ്രതിഷേധം ശക്തമാക്കാനാണ് നാട്ടുകാരുടെ തീരുമാനം.