മേളപ്പെരുക്കത്തിൽ പെൺകരുത്ത്; സദസ്സിലെ താരങ്ങളായി നോർമാനും മോണിക്കയും
Mail This Article
കൊട്ടാരക്കര∙ പഞ്ചവാദ്യ മേളപ്പെരുക്കത്തിൽ കരുനാഗപ്പള്ളി അയണിവേലിക്കുളങ്ങര ജോൺ എഫ് കെന്നഡി മെമ്മോറിയൽ വിഎച്ച്എസ്എസിന്റെ പെൺകരുത്ത്. 7 അംഗങ്ങളുള്ള സംഘത്തിൽ രണ്ടു തിമിലയും ഇടയ്‌ക്കയും വായിച്ചത് ചെയ്തത് പെൺകുട്ടികൾ. അനുഷ്ഠാന കലകളിലേക്ക് പെൺക്കുട്ടികൾ കടന്ന് വരുന്നത് പ്രോത്സാഹിപ്പിക്കണമെന്ന് വിധികർത്താക്കളും വിധിയെഴുതി. ദിയ, റോമി, അനഘ എന്നിവർക്കൊപ്പം അദ്വൈത്, നിനാൻ, ആന്റൺ ദാസ്, മുഹമ്മദ് ഫയ്സ് ബിൻ എന്നിവരടങ്ങുന്ന സംഘമാണ് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.
സദസ്സിലെ താരങ്ങളായി നോർമാനും മോണിക്കയും
കൊട്ടാരക്കര∙ജില്ലാ സ്കൂൾ കലോത്സവത്തിലെ നാടകവേദിയിൽ അതിഥികളായി വിദേശി ദമ്പതികൾ. ജർമൻ സ്വദേശി നോർമാനും ബ്രസീലുകാരി ഭാര്യ മോണിക്കയും ആണ് നാടകക്കാഴ്ചകൾ കാണാനും വീഡിയോയിൽ പകർത്താനും എത്തിയത്. സുഹൃത്തായ കരുനാഗപ്പള്ളി പാവുമ്പ സ്വദേശി അനിൽകുമാറിനും ഭാര്യ സ്മിതയ്ക്കും ഒപ്പമാണ് ഇരുവരും എത്തിയത്. നാടകമത്സരത്തിൽ അനിൽകുമാറിന്റെ മകളും വേഷമിട്ടിരുന്നു. ‘കേരളത്തെയും കേരളത്തിന്റെ കലകളെയും ഇഷ്ടപ്പെടുന്നു. ജർമനിയിൽ നിന്നും ഏറെ വ്യത്യസ്തമാണ്.’– നോർമാൻ പറഞ്ഞു. ഋശികേശിൽ യോഗ പഠിക്കാനെത്തിയാണ് അനിൽകുമാറിന്റെ കുടുംബവുമായി പരിചയപ്പെട്ടത്. നാടകം പൂർണമായി വിഡിയോ ക്യാമറയിൽ പകർത്തിയാണ് വേദിവിട്ടത്.