റെയിൽവേ സ്റ്റേഷൻ റോഡ് നവീകരണം ആരംഭിച്ചു
Mail This Article
ശാസ്താംകോട്ട ∙ ആയിരക്കണക്കിനു യാത്രക്കാർ പതിവായി ആശ്രയിക്കുന്ന ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിലേക്കുള്ള റോഡിന്റെ നവീകരണം ആരംഭിച്ചു. റെയിൽവേയുടെ അധീനതയിലുള്ള റോഡ് ടാർ ചെയ്തു നവീകരിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. കഴിഞ്ഞ ആഴ്ച സ്റ്റേഷനിലെത്തിയ കൊടിക്കുന്നിൽ സുരേഷ് എംപി റോഡിന്റെ റോഡിന്റെ പരിതാപകരമായ അവസ്ഥ പരിഹരിക്കാൻ അടിയന്തര നടപടി വേണമെന്ന് ദക്ഷിണ റെയിൽവേയുടെ തിരുവനന്തപുരം ഡിവിഷൻ എൻജിനീയറിങ് വിഭാഗത്തോട് ആവശ്യപ്പെട്ടിരുന്നു. സ്റ്റേഷനിലെ ഇരു പ്ലാറ്റ്ഫോമുകളെയും ബന്ധിപ്പിക്കുന്ന ഫുട് ഓവർ ബ്രിജിന്റെ നവീകരണം അവസാന ഘട്ടത്തിലാണെന്നും എംപി പറഞ്ഞു.
‘കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിക്കുമെന്ന് പ്രതീക്ഷ’
ആലപ്പുഴ വഴിയുള്ള എക്സ്പ്രസുകൾ ഉൾപ്പെടെ കൂടുതൽ ട്രെയിനുകൾക്ക് ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ് അനുവദിക്കണമെന്ന് റെയിൽവേ മന്ത്രിയെയും റെയിൽവേ ബോർഡ് ചെയർമാനെയും നേരിൽക്കണ്ട് ആവശ്യപ്പെട്ടതായി കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. ആലപ്പുഴ വഴിയുള്ള എക്സ്പ്രസ് ട്രെയിനുകൾ സ്റ്റേഷനിൽ നിർത്താറില്ല. ഇന്റർസിറ്റി, ഏറനാട്, മാവേലി, ജയന്തി, അമൃത, ശബരി ഉൾപ്പെടെയുള്ള എക്സ്പ്രസ് ട്രെയിനുകൾക്ക് സ്റ്റോപ് വേണമെന്നാണ് ആവശ്യം. മനോരമ കഴിഞ്ഞ ദിവസം ഇതിനെക്കുറിച്ച് വാർത്ത നൽകിയിരുന്നു. അടുത്ത ടൈംടേബിൾ കമ്മിറ്റി കൂടുന്നതോടെ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിക്കുന്നതിന് അനുകൂലമായ തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി എംപി പറഞ്ഞു.