സുരേഷ് ഗോപിയുടെ കുടുംബ വീട്ടിൽ മോഷണശ്രമം: സാധനങ്ങൾ കടത്താൻ കെട്ടുകളിലാക്കി, 2 പേർ പിടിയിൽ
Mail This Article
കൊല്ലം∙ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ കൊല്ലത്തെ കുടുംബ വീട്ടിൽ മോഷണം നടത്തിയ കേസിലെ പ്രതികൾ പിടിയിൽ. ഇരവിപുരം സ്വദേശി അരുൺ(18), ചകിരിക്കട മുല്ലാക്ക തൈക്കാവിന് സമീപത്തുള്ള ഷിംനാസ്(21) എന്നിവരാണ് പിടിയിലായത്. പ്രതികൾ ഒട്ടേറെ മോഷണക്കേസുകളിൽ പ്രതികളാണെന്നു പൊലീസ് പറഞ്ഞു. ചൊവ്വ വൈകിട്ട് സുരേഷ് ഗോപിയുടെ കുടുംബ വീടായ ലക്ഷ്മി വിഹാറിലെ വീടിനോടു ചേർന്ന ഷെഡിൽ സൂക്ഷിച്ചിരുന്ന പാത്രങ്ങളും ഇരുമ്പ് കമ്പികളും ഉൾപ്പെടെ മോഷ്ടിക്കാൻ പ്രതികൾ ശ്രമം നടത്തുകയായിരുന്നു.
സ്ഥിരമായി ആൾ താമസമില്ലാത്ത വീട്ടിൽ സുരേഷ് ഗോപിയുടെ സഹോദരന്റെ മകൻ ആഴ്ചയിൽ ഒരിക്കൽ വന്നു പോകുമായിരുന്നു. ഇന്നലെ വൈകിട്ട് വീട്ടുകാർ എത്തിയപ്പോൾ പ്രതികൾ ഓടി രക്ഷപ്പെടുകയായിരുന്നു. പരിസരം നിരീക്ഷിച്ചപ്പോൾ മോഷ്ടിച്ചു കടത്താനായി സാധനങ്ങൾ കെട്ടുകളായി വച്ചിരിക്കുന്നതാണ് കണ്ടത്. ഉടൻ വീട്ടുകാർ ഇരവിപുരം പൊലീസിൽ അറിയിച്ചു. ഇതിന് മുൻപും ഇത്തരത്തിൽ സാധനങ്ങൾ മോഷണം പോയിരുന്നതായി പരാതിയുണ്ട്.
സമീപത്തെ വീട്ടിലെ സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണു നേരത്തേ മോഷണം നടത്തിയവരാണ് ചൊവ്വാഴ്ചയും മോഷണത്തിന് എത്തിയതെന്നു കണ്ടെത്തിയത്. പ്രതിയായ അരുൺ നേരത്തേ ഒട്ടേറെ മോഷണ കേസുകളിൽ ഉൾപ്പെട്ടിരുന്നെങ്കിലും അന്ന് പ്രായപൂർത്തിയാകാത്തതിന്റെ ആനുകൂല്യത്തിൽ ശിക്ഷയിൽ നിന്ന് ഒഴിവായി.ഇരവിപുരം ഇൻസ്പെക്ടർ രാജീവിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ജയേഷ്, സിപിഒമാരായ അനീഷ്, സുമേഷ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.