സിനിമാനടി അനുശ്രീയുടെ പിതാവിന്റെ കാർ മോഷ്ടിച്ച് നമ്പർ പ്ലേറ്റ് മാറ്റി കറങ്ങിനടന്ന് വ്യാപക മോഷണം; കുടുങ്ങി
Mail This Article
കൊട്ടാരക്കര∙ സിനിമാനടി അനുശ്രീയുടെ പിതാവിന്റെ കാർ മോഷ്ടിച്ച് നമ്പർ പ്ലേറ്റ് മാറ്റി കറങ്ങി നടന്ന് റബർ വ്യാപാര സ്ഥാപനങ്ങളിൽ മോഷണം നടത്തിയയാളെ കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തു. സംസ്ഥാനത്തുടനീളമുള്ള ഒട്ടേറെ മോഷണ കേസുകളിലെ പ്രതി തിരുവനന്തപുരം നെടുമങ്ങാട് തെന്നൂർ നരിക്കൽ പ്രബിൻ ഭവനിൽ ആർ. പ്രബിൻ (29) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 94000 രൂപയും കാർ മോഷ്ടിക്കാനുപയോഗിക്കുന്ന ഉപകരണങ്ങളും പിടിച്ചെടുത്തു. കഴിഞ്ഞ 7ന് രാത്രി 12ന് അനുശ്രീയുടെ പിതാവ് മുരളീധരൻപിള്ളയുടെ പേരിലുള്ള കാർ ഇഞ്ചക്കാട്ടെ സെക്കൻഡ് ഹാൻഡ് കാർ വിൽപന ഷോറൂമിൽ നിന്നു മോഷണം പോയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട അന്വേഷണമാണ് പ്രബിനെ കുടുക്കിയത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: മോഷ്ടിച്ച കാറുമായി തിരുവനന്തപുരത്തേക്കു പോയ മോഷ്ടാവ് കടയ്ക്കലിൽ വർക്‌ഷോപ്പിനു മുന്നിൽ നിർത്തിയിട്ടിരുന്ന കാറിന്റെ നമ്പർ പ്ലേറ്റ് ഇളക്കിയെടുത്ത് കാറിൽ സ്ഥാപിച്ച് യാത്ര തുടർന്നു.
തുടർന്ന് വെള്ളറടയിലെ റബർ വ്യാപാര സ്ഥാപനം കുത്തിത്തുറന്ന് 500 കിലോയിലേറെ റബർ ഷീറ്റും 7000 രൂപയും മോഷ്ടിച്ചു. റബർ ഷീറ്റ് വിറ്റ ശേഷം അന്ന് രാത്രി കാറിൽ തന്നെ തങ്ങി പിറ്റേന്ന് പത്തനംതിട്ട പെരിനാട്ടെ റബർ വ്യാപാര സ്ഥാപനം കുത്തിത്തുറന്ന് 400 കിലോയിലേറെ റബർ ഷീറ്റ് മോഷ്ടിച്ച് പൊൻകുന്നത്ത് വിറ്റു. കിട്ടിയ പണവുമായി കോഴിക്കോട്ടെ പെൺസുഹൃത്തിന്റെ അടുത്തേക്ക് പോകും വഴി പാലായ്ക്ക് സമീപം മറ്റൊരു വാഹനവുമായി കൂട്ടിമുട്ടി. സ്ഥലത്ത് നിന്നു കടന്നുകളഞ്ഞ ഇയാൾ സമീപ സ്ഥലത്ത് ആളൊഴിഞ്ഞ പുരയിടത്തിൽ വാഹനം നിർത്തിയിട്ട ശേഷം ബസിൽ തിരുവനന്തപുരത്തേക്ക് പോയി. തിരുവനന്തപുരത്ത് നിന്നു സ്വന്തം മോട്ടർ സൈക്കിളിൽ കോഴിക്കോട്ടേക്ക് പോകും വഴി കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നോടെ കൊട്ടാരക്കര ഫെയ്ത്ത് ഹോം ജംക്‌ഷനിൽ വച്ച് കൊട്ടാരക്കര പൊലീസ് പിടികൂടുകയായിരുന്നു.
ചുരുളഴിഞ്ഞത് മോഷണ പരമ്പര
ചോദ്യം ചെയ്യലിൽ ചുരുളഴിഞ്ഞത് കേരളത്തിലുടനീളം നടത്തിയ മോഷണങ്ങളുടെ പരമ്പര. 2023ൽ കല്ലമ്പലത്ത് നിന്നു കാർ മോഷ്ടിച്ച കേസിൽ കഴിഞ്ഞ ജൂലൈയിലാണ് ജയിൽ മോചിതനായത്. തുടർന്ന് ഓഗസ്റ്റിൽ നെടുമങ്ങാട് നിന്നു കാർ മോഷ്ടിച്ച് കറങ്ങി നടന്ന് ഒട്ടേറെ മോഷണങ്ങൾ നടത്തി. പാലക്കാട് കുഴൽമന്ദത്തെ പണമിടപാട് സ്ഥാപനത്തിലും,തേൻകുറിശിയിലെ പെയ്ന്റ് കടയിലും ആലത്തൂരിലെ യൂസ്ഡ് കാർ ഷോറൂമിൽ നിന്നും കാസർകോട്ടെ യൂസ്ഡ് കാർ ഷോറൂമിൽ നിന്നും കാറുകൾ മോഷ്ടിച്ചു. ഷൊർണൂരിലെ കാർ ഷോറൂമിൽ നിന്നു പിക്കപ് വാനും മോഷ്ടിച്ചു.
ഇഞ്ചക്കാട് നിന്നു വാഹനം മോഷണം പോയ പരാതി ലഭിച്ച ഉടൻ തന്നെ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് മൂന്ന് ജില്ലകളിലെ നിരീക്ഷണ ക്യാമറകളും സംശയിക്കപ്പെട്ടവരുടെ ഫോൺ കോളുകളും പരിശോധിച്ച് രണ്ട് ദിവസത്തിനുള്ളിൽ പിടികൂടുകയായിരുന്നു. മോഷ്ടിച്ച മറ്റു രണ്ടു കാറുകൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മറ്റൊരു കാർ ബെംഗളൂരുവിലെ സുഹൃത്തിനു കൈമാറിയെന്നാണ് മൊഴി.പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള പ്രബിന് കാറിനെക്കുറിച്ച് നല്ല സാങ്കേതിക അറിവുണ്ട്. പ്രബിനെ കാപ്പ ലിസ്റ്റിൽ ഉൾപ്പെടുത്താൻ പൊലീസ് നടപടികൾ ആരംഭിച്ചു.കൊട്ടാരക്കര പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്. ജയകൃഷ്ണൻ, എസ്ഐ എ.ആർ.അഭിലാഷ്, എസ്ഐമാരായ രജനീഷ്, ടി. വാസുദേവൻ, ടി. രാജൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ അജു.ഡി. തോമസ്, സിവിൽ പൊലീസ് ഓഫിസർമാരായ എൻ. രാജേഷ്, ശ്യാം കൃഷ്ണൻ, അരുൺ മോഹൻ,ഡി. ദീപക്, അഭി സലാം എന്നിവരാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
തെളിവ് നശിപ്പിക്കുന്നതിൽ ‘വൈദഗ്ധ്യം’
വാഹനമോഷണം ഒരു ലഹരിയായി കരുതുന്ന പ്രബിൻ ഓൺലൈൻ വഴിയാണ് മോഷ്ടിക്കാൻ വാഹനങ്ങൾ കണ്ടെത്തുന്നത്. മോഷണം നടത്തുന്ന സ്ഥലങ്ങളിലും പരിസരങ്ങളിലും ഉള്ള നിരീക്ഷണ ക്യാമറകളും ഹാർഡ് ഡിസ്കും നീക്കം ചെയ്ത് സമീപത്തെ വെള്ളക്കെട്ടുകളിൽ കളയും. വാഹനങ്ങളുമായി ഇയാൾ പെട്രോൾ പമ്പുകളിൽ കയറാറില്ല.
രാത്രി റോഡരികിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽ നിന്ന് ഇന്ധനം മോഷ്ടിക്കുകയായിരുന്നു പതിവ്. പകൽ വാഹനത്തിൽ കറങ്ങി നടന്ന് മോഷണ സ്ഥലങ്ങൾ കണ്ടെത്തി രാത്രി മോഷണം നടത്തുന്നതാണ് പതിവ്. മോഷ്ടിച്ച ശേഷം കാറിന്റെ നമ്പർ പ്ലേറ്റുകൾ മാറ്റും.