ലോക്സഭാ തിരഞ്ഞെടുപ്പ്: കണക്കുകളിൽ ‘കണ്ണു തള്ളി’ സിപിഎം; എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു?

Mail This Article
കൊല്ലം ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ, വോട്ടെടുപ്പിനു ശേഷം പാർട്ടി ശേഖരിക്കുന്ന കണക്കും വോട്ടെണ്ണലിനു ശേഷമുള്ള കണക്കും തമ്മിലുള്ള വൻ വ്യത്യാസത്തിൽ ‘കണ്ണുതള്ളി’ സിപിഎം. ജില്ലാ സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ 2009 മുതലുള്ള ലോക്സഭാ തിരഞ്ഞെടുപ്പിലെ കണക്കുകൾ ജില്ലാ സെക്രട്ടറി എസ്. സുദേവൻ പ്രവർത്തന റിപ്പോർട്ടിൽ അക്കമിട്ടു നിരത്തുന്നു. 2009 മുതൽ കൊല്ലത്തു തുടർച്ചയായി പരാജയപ്പെടുന്ന സ്ഥിതിക്കു മാറ്റമില്ലെന്നും എടുത്തു പറയുന്നു.2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പിനു ശേഷം ജില്ലയിലാകെ എൽഡിഎഫിനു കിട്ടുമെന്നു പ്രതീക്ഷിച്ചിരുന്ന വോട്ട് 6,63,992 ആയിരുന്നു.
യുഡിഎഫിന് 562076 വോട്ട്, ബിജെപി ക്ക് 184469 വോട്ട് എന്നിങ്ങനെയുമായിരുന്നു പാർട്ടി ശേഖരിച്ച കണക്ക്. എൽഡിഎഫ് പ്രതീക്ഷിച്ചിരുന്ന ഭൂരിപക്ഷം 130589 വോട്ട്.ഫലം വന്നപ്പോൾ വോട്ടുനില എൽഡിഎഫ് 5089930, യുഡിഎഫ് 664865, ബിജെപി 272782 എന്നിങ്ങനെയായി ! യുഡിഎഫിനു ഭൂരിപക്ഷം 150302. കൊല്ലം പാർലമെന്റ് മണ്ഡലത്തിൽ വോട്ടെടുപ്പിനു ശേഷം എൽഡിഎഫിനു കിട്ടുമെന്നു കരുതിയത് 408460 വോട്ട് ആയിരുന്നു.
യുഡിഎഫിന് 382895, ബിജെപി ക്ക് 105460 എന്നിങ്ങനെയുമായിരുന്നു കണക്ക്. എൽഡിഎഫ് പ്രതീക്ഷിച്ച ഭൂരിപക്ഷം 293326 വോട്ട്. ഫലം വന്നപ്പോൾ യുഡിഎഫ് 443628, ബിജെപി 163210, നോട്ട 6437 എന്നിങ്ങനെ നേടി. യുഡിഎഫ് ഭൂരിപക്ഷം 148655 വോട്ട്. വോട്ടെടുപ്പിനു ശേഷവും വോട്ടെണ്ണലിനു ശേഷവുമുള്ള കണക്കിലെ താരതമ്യത്തിൽ വന്ന വ്യത്യാസം എൽഡിഎഫ് 119320 വോട്ടിന്റേത് ! എൽഡിഎഫിനു വോട്ടു കുറയുകയും യുഡിഎഫിനും ബിജെപിക്കും വോട്ടു കൂടുകയും ചെയ്തു.ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലെ കരുനാഗപ്പള്ളിയിൽ പ്രതീക്ഷിച്ച കണക്കിൽ നിന്ന് എൽഡിഎഫിന് 15319 വോട്ട് കുറഞ്ഞു. യുഡിഎഫിന് 546 വോട്ടു ഭൂരിപക്ഷം കിട്ടുമെന്നു കരുതിയെങ്കിലും കിട്ടിയത് 6940 വോട്ട് ഭൂരിപക്ഷം. ബിജെപിക്ക് 19325 വോട്ടു കൂടി.മാവേലിക്കരയിൽ കുന്നത്തൂർ, പത്തനാപുരം, കൊട്ടാരക്കര മണ്ഡലങ്ങളിൽ നിന്നായി എൽഡിഎഫ് പ്രതീക്ഷിച്ച ഭൂരിപക്ഷം 110070 വോട്ട് ആയിരുന്നു. കിട്ടിയ ഭൂരിപക്ഷമാകട്ടെ 3292 മാത്രമാണെന്നും റിപ്പോർട്ട് പറയുന്നു.
സംസ്ഥാന സെക്രട്ടറി വന്നിട്ടും എന്തു സംഭവിച്ചു: സുദേവൻ
കൊല്ലം∙ പാർട്ടി അംഗങ്ങളെ കൂട്ടാനുള്ള തത്രപ്പാടിനിടയ്ക്കു പാർട്ടി വിദ്യാഭ്യാസം ഉറപ്പാക്കാൻ മറക്കുന്നതു ശരിയായ പ്രവണതയല്ലെന്നു മറുപടി പറയവേ ജില്ലാ സെക്രട്ടറി എസ്. സുദേവൻ പറഞ്ഞു. പാർട്ടി ബോധവും മൂല്യബോധവുമുള്ളവരെ പാർട്ടി അംഗങ്ങളാക്കി മാറ്റണം. ഒരാൾക്ക് അംഗത്വം നൽകുമ്പോൾ തന്നെ ഇത് ഏരിയ, ലോക്കൽ കമ്മിറ്റികൾ ശ്രദ്ധിക്കണം. ശരി –തെറ്റുകളുടെ അടിസ്ഥാനത്തിലാണു പാർട്ടി നിലപാടുകളും നടപടികളും കൈക്കൊള്ളുന്നത്. പരാജയപ്പെട്ട 4 പേരെ ഉൾപ്പെടുത്തി വിജയിച്ചയാളെ മാറ്റി നിർത്തിയപ്പോഴാണു കരുനാഗപ്പള്ളിയിലെ ഘടകങ്ങളിൽ പ്രശ്നങ്ങൾ തുടങ്ങിയത്. ഏരിയ കമ്മിറ്റി, ജില്ലാ കമ്മിറ്റി, ജില്ലാ സെക്രട്ടേറിയറ്റ്, സംസ്ഥാന കമ്മിറ്റി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾ പങ്കെടുത്തു ദിവസങ്ങളോളം കമ്മിറ്റികൾ കൂടി പരാതികൾ പരിഹരിക്കാൻ ശ്രമിച്ചു. ഒടുവിൽ സംസ്ഥാന സെക്രട്ടറി വന്നു. എന്നിട്ടും എന്താണു സംഭവിച്ചത് ? തുടർന്നാണ് സംസ്ഥാന കമ്മിറ്റിക്കു ജില്ലാ കമ്മിറ്റി കത്ത് നൽകിയത്. അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചത് പരാതികൾ കേൾക്കാനാണ്. ഞാൻ പറയുന്നതാണ് ശരി എന്ന് ആവർത്തിച്ചത് കൊണ്ട് ഒന്നും ശരിയാകാൻ പോകുന്നില്ല. പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഉത്തരവാദിത്തം ആരും അവിടെ കാണിച്ചില്ലെന്നും സുദേവൻ പറഞ്ഞു.
മേയർക്കെതിരെ റിപ്പോർട്ടിൽ കുറ്റപ്പെടുത്തൽ
കൊല്ലം ∙ കൊല്ലം കോർപറേഷൻ മേയറും സിപിഎം ജില്ലാ കമ്മിറ്റിയംഗവുമായ പ്രസന്ന ഏണസ്റ്റിനെതിരെ പ്രവർത്തന റിപ്പോർട്ടിൽ കുറ്റപ്പെടുത്തൽ. പ്രസന്ന ഏണസ്റ്റ് കൊല്ലം ഏരിയ കമ്മിറ്റിയുടെ സംഘടനാ പ്രവർത്തനത്തിൽ കുറെക്കൂടി ശ്രദ്ധിക്കണം. കോർപറേഷന്റെ വികസന– ക്ഷേമ പ്രവർത്തനങ്ങൾ പാർട്ടിയിലും എൽഡിഎഫിലും യഥാസമയം റിപ്പോർട്ടു ചെയ്തു രാഷ്ട്രീയ ക്യാംപെയ്ൻ നടത്തുന്നതിൽ കാണിക്കുന്ന വിമുഖത അടിയന്തരമായി തിരുത്തണം. മഹിളാ അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും കുടുംബശ്രീ സബ് കമ്മിറ്റി കൺവീനറുമാണ്. ഈ രംഗത്ത് ഫലപ്രദമായി ശ്രദ്ധിക്കുന്നില്ലെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.