ഭാര്യാപിതാവിനെ പെട്രോളൊഴിച്ചു കത്തിച്ചു കൊലപ്പെടുത്താൻ ശ്രമം: യുവാവ് പിടിയിൽ

Mail This Article
കുളത്തൂപ്പുഴ∙ ഭാര്യാപിതാവിനെ ഒാട്ടോ തടഞ്ഞ് പെട്രോളൊഴിച്ചു തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മടത്തറ മേലേമുക്ക് ബ്ലോക്ക് നമ്പർ 160ൽ സജീറുദീൻ (38) അറസ്റ്റിൽ. ഗുരുതരമായി പൊള്ളലേറ്റ സാംനഗർ ഷജിന മൻസിലിൽ അഷ്റഫിനെ (49) തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെ ഏഴിന് സാംനഗർ പച്ചയിൽക്കട പാതയിൽ ആനക്കുഴിയിലായിരുന്നു സംഭവം.
അഷ്റഫ് ഓട്ടോയിൽ കുളത്തൂപ്പുഴയിലേക്കു വരുമ്പോൾ പിന്നാലെ കാറിൽ എത്തിയ സജീറുദീൻ ഓട്ടോ തടഞ്ഞിട്ടു പെട്രോൾ ഒഴിച്ചു തീകൊളുത്തിയ ശേഷം കടന്നു കളയുകയായിരുന്നു. നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് തീ കെടുത്തിയ ശേഷം അഷ്റഫിനെ ഗവ. ആശുപത്രിയിൽ എത്തിച്ചത്. അഷ്റഫിന്റെ മകളുമായി അകന്നു കഴിയുകയാണു സജീറുദീൻ. ചിതറ പൊലീസിൽ കീഴടങ്ങിയ ഇയാളെ കുളത്തൂപ്പുഴ പൊലീസിനു കൈമാറി. ഇൻസ്പെക്ടർ ബി. അനീഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം.