മക്കളെ തിരയെടുത്തു വിധി തോൽപിച്ചു: ‘ഇരട്ടിയായി’ കാലം സന്തോഷം തിരികെ തന്നു

Mail This Article
ഓച്ചിറ∙ ജീവിതത്തിലെ പ്രകാശത്തെ പൂർണമായി കവർന്നെടുത്ത സൂനാമിയോട് പോരാടി ശ്രീജിത്തും ലിജിയും ജീവിതത്തെ തിരികെ പിടിക്കാൻ ശ്രമിക്കുകയാണ്. ഇവരുടെ ജീവിതത്തിൽ വിധിയാണോ ശാസ്ത്രമാണോ ജയിച്ചതെന്ന്് തിർച്ചെടുത്താൻ സാധിക്കുകയില്ല. കടലിനെ എന്നും സ്നേഹിച്ച അഴീക്കൽ ഇടമണ്ണേൽ ശ്രീജിത്തിനും ലിജിക്കും ഏറെ വിലപ്പെട്ട മൂന്ന് ജീവനുകളാണ് 2004ലെ സൂനാമി തിരമാലകൾ തട്ടിയെടുത്തത്. ശ്രീജിത്തിന്റെ മാതാവ് ഭവി (50), മക്കളായ അലീഷ ജിത്ത് (8), കാളിദാസൻ (4) എന്നിവരെയാണ് മത്സ്യത്തൊഴിലാളിയായ ശ്രീജിത്തിന്റെ കൈകളിൽ നിന്നു സൂനാമി തിരകൾ തട്ടിയെടുത്തത്. പാതി ജീവനുകളുമായി അവശേഷിച്ചത് ശ്രീജിത്തും ഭാര്യ ലിജിയും പിതാവ് മൻമഥനും. എല്ലാ നഷ്ടമായ മൂവരും ഓച്ചിറ വലിയകുളങ്ങര ഗവ.എൽപി സ്കൂളിലെ ദുരിതാശ്വാസ ക്യാംപിലാണ് കഴിഞ്ഞിരുന്നത്. ജീവിതം പൂർണമായി ഇരുട്ടിലായ ശ്രീജിത്തിനും ഭാര്യയ്ക്കും സാന്ത്വനമേകാൻ ആർക്കും കഴിഞ്ഞിരുന്നില്ല.
ഓമനമക്കളെ നഷ്ടമായ ശ്രീജിത്തിന്റെയും ഭാര്യയുടെയും ദുരിത കഥ അറിഞ്ഞ മാതാ അമൃതാനന്ദമയി ആശ്രമത്തിലെ സന്യാസിമാരെ ക്യാംപിലേക്ക് അയച്ച് ഇരുവരെയും മഠത്തിലേക്ക് വിളിപ്പിക്കുകയും കൊച്ചിയിലെ അമൃത ആശുപത്രിയിൽ ലിജിക്ക് പ്രത്യേക ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. ശസ്ത്രക്രിയ ഉൾപ്പെടെ നടത്തിയ ചികിത്സയ്ക്കൊടുവിൽ 2006–ൽ ലിജി ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി. വിധി തോൽപിച്ചിടത്ത് പ്രതീക്ഷയും പ്രാർഥനകളും ജയിച്ച ദിവസങ്ങളായിരുന്നു പിന്നീട്. മകളെയും മകനെയും അഞ്ച് മിനിറ്റ് വ്യത്യാസത്തിൽ ശ്രീജിത്തിന്റെ കൈകളിലേക്ക് നൽകുമ്പോൾ തോറ്റുപോയത് വിധിതന്നെയായിരുന്നു.
മകൾക്ക് അമൃത കൃപയെന്നും മകന് ഏകനാഥൻ എന്നും മാതാ അമൃതാനന്ദമയി പേര് നൽകുകയും ചെയ്തു. ഇവരുടെ ചുവട് പിടിച്ച് പിന്നീട് ഒട്ടേറെ ദമ്പതികൾ ജീവിതത്തെ തിരികെപ്പിടിച്ചത് ചരിത്രമായി. ഇവരുടെ ചികിത്സ ചെലവ് പൂർണമായി മഠമാണ് വഹിച്ചത്. ശ്രീജിത്തിനും കുടുംബത്തിനു താമസിക്കാൻ മഠം ക്ലാപ്പന പാട്ടത്തിൽ കടവിന് സമീപം നിർമിച്ച അമൃത കുടീരത്തിൽ ഒരു വീടും നൽകി. മക്കൾ രണ്ടു പേരും ഇപ്പോൾ പ്ലസ് ടുവിന് പഠിക്കുകയാണ്. സൂനാമി പൂർണമായി ഇരുട്ടിലാക്കിയ ജീവിതത്തിൽ ലഭിച്ച പ്രതീക്ഷയുടെ നേർത്ത പ്രകാശത്തിൽ മത്സ്യത്തൊഴിലാളിയായ ശ്രീജിത്തും ഭാര്യയും ജീവിതം കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി മുന്നോട്ട് കൊണ്ടുപോകുമ്പോഴും സൂനാമിയുടെ നടുക്കുന്ന ഓർമയിൽ നിന്നു ഇവർ ഇപ്പോഴും മോചിതരല്ല.

അഴലിരമ്പും തീരത്ത്..; സൂനാമി ദുരന്തത്തിന് 20 വർഷം
കരുനാഗപ്പള്ളി ∙ രാക്ഷസ തിരമാലകൾ തകർത്തെറിഞ്ഞ ജില്ലയിലെ കടലോരവാസികൾ ഇന്നും നടുക്കത്തോടെയാണ് 2004 ഡിസംബർ 26 എന്ന തീയതി ഓർത്തെടുക്കുന്നത്. കുട്ടികളും സ്ത്രീകളും ഉൾപ്പെടെ 131 പേരാണ് ജില്ലയിൽ നിന്നു മാത്രം ദുരന്തത്തിൽ മരിച്ചത്. തിരമാലകൾ പ്രദേശത്തെ ഒന്നാകെ വിഴുങ്ങിയതോടെ 7,914 പേർ വിവിധ ദുരിതാശ്വാസ ക്യാംപുകളിൽ അഭയം തേടിയിരുന്നു. ജില്ല കണ്ട എക്കാലത്തെയും ഏറ്റവും വലിയ ദുരന്തമാണ് സൂനാമി ദുരന്തം.
വിവിധ സന്നദ്ധ സംഘടനകളുടെയും സർക്കാരുകളുടെയും നേതൃത്വത്തിൽ ടൗൺഷിപ്പുകൾ ഉൾപ്പെടെ 4,036 വീടുകൾ ദുരന്തനിവാരണത്തിന്റെ ഭാഗമായി നിർമിച്ചു നൽകി. ജില്ലയിൽ തിരുമുല്ലവാരം തൊട്ട് അഴീക്കൽ വരെ ആഞ്ഞടിച്ച സൂനാമി ആലപ്പാട്, ആയിരംതെങ്ങ്, ക്ലാപ്പന, അഴീക്കൽ ഭാഗങ്ങളിലാണ് കൂടുതൽ നാശം വിതച്ചത്. ദുരന്തത്തിന്റെ ബാക്കിപത്രമായി അവിടങ്ങളിൽ ബാക്കിയുള്ളത് എന്ത്? എന്ത് മാറ്റങ്ങളാണ് ഇവിടങ്ങളിൽ ഉണ്ടായത്? നിലവിൽ സൂനാമി ദുരന്ത ബാധിതർ നേരിടുന്ന ബുദ്ധിമുട്ടുകൾ എന്തെല്ലാം?
ദുരന്തത്തിന് ശേഷം വന്ന വികസനങ്ങൾ
സൂനാമി തിരകൾ ആഞ്ഞടിക്കുമ്പോൾ ടിഎസ് കനാലിനും കടലിനും ഇടയിലായ ആലപ്പാട് തീരവാസികൾക്ക് മറുകരയിലേക്ക് എത്താൻ ഒരു സൗകര്യവും ഇല്ലായിരുന്നു. തെക്കേ അറ്റത്തുള്ള പണിക്കർ കടവ് പാലം മാത്രമായിരുന്നു ഏക ആശ്രയം. ജനങ്ങൾക്ക് മറുകര കടക്കാൻ പാലം ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് തിരിച്ചറിഞ്ഞ് അമൃതപുരി ഭാഗത്ത് അമൃതസേതു എന്ന നടപ്പാലം നിർമിച്ചത് മാതാ അമൃതാനന്ദമയി മഠമാണ്. പിന്നീട് സൂനാമി പുനരധിവാസ പദ്ധതികളിലൂടെ ആയിരംതെങ്ങ് – അഴീക്കൽ പാലവും കരുനാഗപ്പള്ളി കല്ലുംമൂട്ടിൽകടവ് – ചെറിയഴീക്കൽ പാലവും യാഥാർഥ്യമായി. ആലപ്പാടിന്റെ പുനരുദ്ധാരണത്തിനും വികസനത്തിനും സഹായകരമായ ഒട്ടേറെ വികസന സംരംഭങ്ങൾ പ്രഖ്യാപിക്കുകയും നടപ്പാക്കുകയും ചെയ്തിരുന്നു. ഇതിൽ പൂർണമാകാത്തതും നിലച്ചതുമായ വികസന പദ്ധതികൾ ഒട്ടേറെയുണ്ട്. പരിഹാരമില്ലാതെ
കുടിവെള്ള പ്രശ്നം
ആലപ്പാട് ഗ്രാമ പഞ്ചായത്തിലെ കുടിവെള്ള വിതരണം സുഗമമാക്കുന്നതിനു സൂനാമി പദ്ധതിയിൽ ആവിഷ്കരിച്ച പദ്ധതി ഉദ്ദേശിച്ച രീതിയിൽ പൂർത്തിയാക്കാനായിട്ടില്ല. ഓച്ചിറ കുടിവെള്ള പദ്ധതിയിൽ ഉൾപ്പെടുത്തി ആലപ്പാട് ഭാഗത്തേക്ക് കുടിവെള്ളമെത്തിക്കാൻ തീരദേശ ഗ്രാമത്തിലൂടെ പൈപ്പ് ലൈൻ സ്ഥാപിച്ചെങ്കിലും ആലപ്പാടിന്റെ എല്ലാ വാർഡുകളിലും ഇപ്പോഴും കുടിവെള്ളം എത്തുന്നില്ല. പലയിടത്തും അതാത് ഭാഗത്തുള്ള കുഴൽകിണർ വഴിയുള്ള കുടിവെള്ളമാണ് ഉപയോഗിക്കുന്നത്. കുഴൽകിണറിന്റെ പ്രവർത്തനത്തിന് എന്തെങ്കിലും പ്രശ്നം സംഭവിച്ചാൽ പ്രദേശവാസികൾ കുടിവെള്ളം ലഭിക്കില്ല. പഞ്ചായത്തിന്റെ എല്ലാ ഭാഗത്തും പൊതു ടാപ്പുകൾ സ്ഥാപിച്ച് ശുദ്ധജല വിതരണം മെച്ചപ്പെടുത്തുമെന്നു പറഞ്ഞെങ്കിലും മിക്ക പൊതുടാപ്പുകളും നിലവിൽ മാറ്റിയ നിലയിലാണ്.
തീരസംരക്ഷണം ഇനിയും വാഗ്ദാനം
സൂനാമി തിരകൾ ആഞ്ഞടിഞ്ഞ ആലപ്പാട് നിവാസികളുടെ ഏറ്റവും വലിയ ആവശ്യങ്ങളിലൊന്ന് കുറ്റമറ്റ നിലയിലുള്ള തീരസംരക്ഷണമായിരുന്നു. ഇപ്പോഴും ആവശ്യമായ ഭാഗങ്ങളിൽ പുലിമൂട്ടോടു കൂടിയ കടൽ ഭിത്തി നിർമിച്ചിട്ടില്ല. പല പദ്ധതികളും പ്രഖ്യാപിച്ചെങ്കിലും അവയൊക്കെ ബോർഡുകളിൽ മാത്രമായി ഒതുങ്ങി. പതിറ്റാണ്ടുകളായിട്ടും കടൽ ഭിത്തി പൂർണമാവാത്ത ഭാഗമാണ് മയിലാടുംകുന്ന്–ചെറിയഴീക്കൽ ഭാഗം. ആലപ്പാട് ഗ്രാമപ്പഞ്ചായത്തിന്റെ തീരങ്ങളിലെ പലഭാഗത്തും കടൽ ഭിത്തി തകർന്നു കിടക്കുകയാണ്. ദുരന്തത്തിൽ തകർത്തെറിഞ്ഞ ഇവിടെ സമഗ്ര പുലിമുട്ട് പദ്ധതി നടപ്പിലാക്കുന്നതിന് സർക്കാർ 172.5 കോടി രൂപയുടെ പദ്ധതി ആവിഷ്കരിച്ചിട്ട് മാസങ്ങളായി. മന്ത്രിസഭയുടെ പ്രത്യേക അംഗീകാരം ലഭിക്കാതെ മുഖ്യമന്ത്രിയുടെ ഓഫിസിൽ കെട്ടിക്കിടക്കുകയാണ് ഈ ഫയൽ.
മറ്റു പദ്ധതികളുടെ നിലവിലെ അവസ്ഥ
ഹവായ് യൂണിവേഴ്സിറ്റിയുടെ സാങ്കേതിക സഹായത്തോടെ ലോകത്ത് തന്നെ ആദ്യമായി നിർമിച്ച സൂനാമി മ്യൂസിയം അഴീക്കലിൽ ആഘോഷപൂർവം ആരംഭിച്ചെങ്കിലും ഇപ്പോൾ ഒന്നുമല്ലാതായി കിടക്കുകയാണ്. കാക്കത്തുരുത്തിൽ നിർമിച്ച വൃദ്ധസദനവും കാട് കയറി നശിക്കുകയാണ്. 2007 ലെ സൂനാമി മൂന്നാം വർഷ വാർഷിക സ്മരണാഞ്ജലി റിപ്പോർട്ടിൽ പറഞ്ഞിരുന്ന ചെറിയഴീക്കൽ ഫിഷ് ലാൻഡിങ് സെന്റർ നിർമാണം, ആലപ്പാട് ജെട്ടി നിർമാണം, കാക്കത്തുരുത്ത് പാലം തുടങ്ങിയ ഒട്ടേറെ പദ്ധതികൾ ഇപ്പോഴും നടപ്പിലായിട്ടില്ല. വൈദ്യുതി വിതരണം മെച്ചപ്പെടുത്താനായി ഇവാക്കുവേഷൻ ട്രാൻസ്ഫോമറും ടവർ പോളുകളും സ്ഥാപിച്ചെങ്കിലും കാറ്റടിച്ചാലോ നന്നായി മഴ പെയ്താലോ വൈദ്യുതി പോകുന്ന അവസ്ഥയാണ് ഇപ്പോഴുമെന്നു പ്രദേശവാസികൾ പറയുന്നു.
അഴീക്കൽ ഫിഷിങ് ഹാർബറിന് സമീപമുള്ള അഴീക്കൽ ഗവ. ആശുപത്രിയെ 24 മണിക്കൂറും പ്രവർത്തിക്കുന്ന പോർട്ട് ആശുപത്രിയായി ഉയർത്തണമെന്ന ആവശ്യത്തിലും നടപടിയുണ്ടായിട്ടില്ല. ആയുർവേദ ആശുപത്രിയും ഡിസ്പെൻസറിയായി തുടരുകയാണ്. പശ്ചിമേശ്വരം ക്ഷേത്രത്തിനു സമീപം കളി സ്ഥലത്തിനു വേണ്ടി കലക്ടർ ഏറ്റെടുത്തിരുന്ന സ്ഥലത്ത് സൂനാമി പദ്ധതിയിൽ ഉൾപ്പെടുത്തി വ്യവസായ കാഴ്ചപ്പാടോടെ റിസോർട്സ് സെന്റർ സ്ഥാപിക്കാൻ ഒരുങ്ങിയിരുന്നു. ഇതിന്റെ പേരിൽ ചില കെട്ടിടങ്ങളുടെ നിർമാണം നടന്നുവെന്നല്ലാതെ റിസോർട്സ് സെന്റർ വന്നില്ല. ഈ കെട്ടിടങ്ങൾ പഞ്ചായത്തിന്റെ മാലിന്യങ്ങൾ ശേഖരിക്കാനും ഓഫിസുകൾ പ്രവർത്തിക്കാനുമായാണ് നിലവിൽ ഉപയോഗിക്കുന്നത്.