കാർ മറിഞ്ഞത് ഇടറോഡിൽ ഏറ്റവും താഴ്ചയുള്ള ഭാഗത്ത്; വീട്ടിൽ നിന്ന് കഷ്ടിച്ച് ഒരു കിലോമീറ്റർ മാത്രം അകലെ

Mail This Article
ആയൂർ ∙ എംസി റോഡിൽ നിന്ന് ഒന്നര കിലോമീറ്ററോളം മാത്രം അകലെയുള്ള ഭാഗത്തെ ഇടറോഡിലാണ് കാർ മറിഞ്ഞു തീ പിടിച്ചു ഐടി ഉദ്യോഗസ്ഥൻ വെന്തു മരിച്ചത്. ഒഴുകുപാറയ്ക്കലിൽ നിന്ന് എംസി റോഡിൽ എത്തുന്നതിനുള്ള പ്രധാന പാതയാണെങ്കിലും രാത്രി റോഡ് വിജനമാണ്. അപകടം നടന്ന ഭാഗം തോട്ടം മേഖലയും. ഇവിടെ ആൾത്താമസം ഇല്ലാത്തതിനാൽ അപകട വിവരം പുറംലോകം അറിഞ്ഞത് ഏറെ വൈകിയും.
റോഡിന്റെ ഏറ്റവും താഴ്ചയുള്ള ഭാഗത്താണ് കാർ മറിഞ്ഞതെന്നുള്ളതും അപകടത്തിന്റെ ആഘാതം വർധിപ്പിച്ചു. എംസി റോഡിൽ വയയ്ക്കൽ ഭാഗത്തു നിന്ന് ഒഴുകുപാറയ്ക്കൽ വഴി അഞ്ചൽ, പെരിങ്ങള്ളൂർ ഭാഗങ്ങളിലേക്കു പോകേണ്ട യാത്രക്കാരും പ്രധാനമായും ആശ്രയിക്കുന്നതും ഈ റോഡിനെയാണ്. രാത്രി സിനിമയ്ക്കു പോയ ശേഷം വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
വീട്ടിൽ നിന്ന് കഷ്ടിച്ചു ഒരു കിലോമീറ്റർ മാത്രം അകലെയാണ് കാർ മറിഞ്ഞത്. വീട്ടിലേക്കു പോകുന്ന വഴി നിയന്ത്രണംവിട്ട് കാർ താഴ്ചയിലേക്കു മറിഞ്ഞതാകാമെന്നാണ് പൊലീസ് പറയുന്നത്. താഴ്ചയിലേക്കു മറിയുന്നതിനിടെ കാറിന്റെ ഇലക്ട്രിക് ഭാഗത്തു നിന്നുള്ള ഷോർട്ട് സർക്യൂട്ട് ആകാം തീ പിടിച്ചതിനു കാരണം. കൂടുതൽ വിവരങ്ങൾക്കു സയന്റിഫിക് വിദഗ്ധരുടെ നേതൃത്വത്തിൽ വിശദമായ പരിശോധന നടത്തും.

കൊട്ടാരക്കര ഡിവൈഎസ്പി ബൈജുകുമാർ, ചടയമംഗലം ഇൻസ്പെക്ടർ എം.സുനീഷ്, എസ്ഐമാരായ മോനിഷ്, ദിലീപ്, ഉണ്ണിക്കൃഷ്ണൻ, ശ്യാം എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് പരിശോധന നടത്തി. എഎംവിഐ മഞ്ചുവിന്റെ നേതൃത്വത്തിലുള്ള മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കത്തിയ വാഹനം പരിശോധിച്ചു.
രാവിലെ റോഡിലൂടെ നടന്നു പോയ ടാപ്പിങ് തൊഴിലാളിയാണ് കാർ താഴ്ചയിൽ മറിഞ്ഞു കിടക്കുന്നത് കണ്ടത്. തുടർന്ന് വിവരം സമീപത്തെ കടയിലുള്ളവരെ അറിയിച്ചു. താഴേക്ക് ഇറങ്ങി പരിശോധന നടത്താൻ പ്രയാസമുള്ളതിനാൽ അപകടം നടന്നതിനു സമീപത്തെ തോട്ടത്തിൽ ടാപ്പിങ് നടത്തുന്ന തൊഴിലാളിയോട് വിവരം പറഞ്ഞു. ഇയാൾ സ്ഥലത്ത് എത്തി പരിശോധിച്ചപ്പോഴാണ് കത്തി നശിച്ച കാറിനുള്ളിൽ മൃതദേഹം ഉള്ളതായി കണ്ടതും തുടർന്ന് വിവരം പൊലീസിൽ അറിയിച്ചതും. റബർ തൈകൾ നട്ടുപിടിപ്പിച്ചിരുന്ന ഭാഗത്താണ് കാർ മറിഞ്ഞത്. ക്രെയിൻ ഉപയോഗിച്ചു ഇന്നു കാർ കരയ്ക്കു കയറ്റും.
കാർ താഴ്ചയിലേക്ക് മറിഞ്ഞു കത്തി ഐടി കമ്പനി ഉദ്യോഗസ്ഥൻ മരിച്ചു
ആയൂർ ∙ വയ്ക്കൽ–ഒഴുകുപാറയ്ക്കൽ റോഡിൽ കാർ 50 അടി താഴ്ചയിലേക്കു മറിഞ്ഞു തീ പിടിച്ച് ഐടി കമ്പനി ഉദ്യോഗസ്ഥനു ദാരുണാന്ത്യം. പൂർണമായും കത്തി നശിച്ച കാറിൽ കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആയൂർ ഒഴുകുപാറയ്ക്കൽ പടിഞ്ഞാറ്റിൻകര പുത്തൻവീട്ടിൽ (മറ്റപ്പള്ളിൽ) റോബിൻ മാത്യുവിന്റെ മകൻ ലെനീഷ് റോബിനെയാണ് (38) മരിച്ച നിലയിൽ കണ്ടെത്തിയത്. അവധി കഴിഞ്ഞു നാളെ ജോലി സ്ഥലത്തേക്കു മടങ്ങാനിരിക്കെയാണ് അപകടം.
ലെനീഷ് ധരിച്ചിരുന്ന മാലയും വാഹനത്തിന്റെ പഞ്ചിങ് നമ്പർ പ്ലേറ്റുമാണ് ആളെ തിരിച്ചറിയാൻ സഹായിച്ചത്. എംസി റോഡിൽ വയയ്ക്കലിൽ നിന്നുള്ള റോഡിൽ പഴയ ബവ്റിജസ് ഷോപ്പിനു സമീപമായിരുന്നു അപകടം. റോഡിന്റെ വശത്ത് 50 അടിയോളം താഴ്ചയിൽ ചെങ്കുത്തായ ഭാഗത്തെ റബർ തോട്ടത്തിലേക്കാണ് കാർ മറിഞ്ഞത്. അപകടം നടന്ന ഭാഗം വിജനമായതിനാൽ വിവരം ആരും അറിഞ്ഞില്ല. രാവിലെ സമീപത്തെ റബർ തോട്ടത്തിൽ ടാപ്പിങ് നടത്താൻ എത്തിയ തൊഴിലാളിയാണ് അപകട വിവരം മറ്റുള്ളവരെയും പൊലീസിനെയും അറിയിച്ചത്.
കാറിന്റെ പിൻവശത്തെ ചില്ലു തകർത്ത് പകുതി പുറത്തു വന്ന നിലയിലായിരുന്നു മൃതദേഹം. സിനിമയ്ക്കു പോകുന്നതായി വീട്ടുകാരോടു പറഞ്ഞ ശേഷമാണ് വീട്ടിൽ നിന്നു പോയത്. രാത്രി 10.30 വരെ വാട്സാപ് സന്ദേശങ്ങൾക്കു മറുപടി ലഭിച്ചിരുന്നെന്നു സുഹൃത്തുക്കൾ പറഞ്ഞു. രാവിലെയും ലെനീഷ് വീട്ടിൽ എത്താതിരുന്നതിനെ തുടർന്ന് അഞ്ചൽ പൊലീസിൽ പരാതി നൽകി. ഇതിനു ശേഷമാണ് ബന്ധുക്കൾ അപകട വിവരം അറിയുന്നത്.
കൊച്ചിയിലെ ഐടി കമ്പനിയിൽ എച്ച്ആർ മാനേജരായി ജോലി ചെയ്യുന്ന ലെനീഷ് ക്രിസ്മസ് ആഘോഷിക്കാൻ ഡിസംബർ രണ്ടിനാണു കുടുംബത്തോടൊപ്പം നാട്ടിലെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നും ആന്തരികാവയവങ്ങൾ വിദഗ്ധ പരിശോധനയ്ക്കായി ഇന്നു നൽകുമെന്നും ഇതിന്റെ ഫലം അറിഞ്ഞ ശേഷമേ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കുകയുള്ളൂ എന്നും പൊലീസ് പറഞ്ഞു. മൃതദേഹം അഞ്ചലിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. ചടയമംഗലം പൊലീസ് കേസെടുത്തു. ഭാര്യ: നാൻസി. മകൾ: ജിയോണ.സംസ്കാരം ഇന്നു 1 ന് മാക്കുളം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ.