ഗുരുവായൂർ– മധുര എക്സ്പ്രസ് ട്രെയിൻ കോച്ചുകൾ വേർപെട്ടു; അപകടം വഴിമാറിയത് തലനാരിഴയ്ക്ക്

Mail This Article
തെന്മല∙ ഗുരുവായൂരിൽ നിന്ന് മധുരയിലേക്കു പോയ എക്സ്പ്രസ് ട്രെയിൻ (16328) ആര്യങ്കാവ് റെയിൽവേ സ്റ്റേഷൻ എത്തുന്നതിന് മുൻപായി മധ്യഭാഗത്തെ കോച്ചുകൾ വേർപെട്ടു. ഇന്നലെ ഉച്ചയ്ക്ക് 2.30ന് ന്യൂ ആര്യങ്കാവ് റെയിൽവേ സ്റ്റേഷനും ആര്യങ്കാവ് റെയിൽവേ സ്റ്റേഷനും ഇടയിലായിരുന്നു സംഭവം. വിവരം ശ്രദ്ധയിൽപെട്ടതോടെ ട്രെയിൻ നിർത്തി. ഇരുഭാഗത്തും എൻജിൻ ഉണ്ടായിരുന്നതിനാൽ കോച്ചുകൾ വേർപെട്ട സമയത്തു തന്നെ വിവരം അറിഞ്ഞു മറുഭാഗത്തു ട്രെയിൻ നിർത്തുകയായിരുന്നു. യാത്രക്കാർക്ക് അപായമില്ല. പാലരുവി ഭാഗത്തേക്ക് ഇറക്കമായതിനാൽ ഇതിനു മുൻപ് സംഭവം ശ്രദ്ധയിൽപെട്ടു നിർത്തിയതിനാൽ വലിയ അപകടം ഒഴിവായി.
കോച്ചുകൾ തമ്മിൽ ബന്ധിപ്പിക്കുന്നതിലെ വീഴ്ചയാണു വേർപെടാൻ കാരണമെന്നു വിവരം. തമ്മിൽ ബന്ധിപ്പിക്കുന്ന ഭാഗത്തെ പൂട്ട് ശരിയായി വീഴാത്തതാണു തകരാറെന്നു പറയുന്നു. പുനലൂരിൽ നിന്നു ട്രെയിൻ പുറപ്പെട്ടപ്പോൾ മുതൽ ബ്രേക്കിടുന്ന സമയത്തു കോച്ചുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന ഭാഗത്തെ പൂട്ട് ഇളകി മാറുന്നതായി അനുഭവപ്പെട്ടിരുന്നതായി പറയുന്നു. വേർപെട്ട കോച്ചുകൾ കൂട്ടി യോജിപ്പിച്ച ശേഷം യാത്ര തുടർന്നു. പുലർച്ചെ 5.50ന് ഗുരുവായൂരിൽ നിന്നാണു ട്രെയിൻ പുറപ്പെട്ടത്. ഇന്നലെ വൈകിട്ട് 7.10ന് മധുരയിൽ എത്തേണ്ടിയിരുന്ന ട്രെയിൻ ഒരു മണിക്കൂർ വൈകിയാണോടിയത്.