മുതയിലിൽ കുളം നിർമിക്കാനെന്ന വ്യാജേന വയൽ കുഴിച്ചു മണലൂറ്റിന് ശ്രമം: തടഞ്ഞു
Mail This Article
കടയ്ക്കൽ ∙ മുതയിൽ പ്രദേശത്തു കുളം നിർമിക്കാനെന്ന വ്യാജേന വയൽ കുഴിച്ചു മണൽ ശേഖരിച്ചു കടത്താനുള്ള ശ്രമം റവന്യു ഉദ്യോഗസ്ഥർ തടഞ്ഞു. അനധികൃതമായി കുന്നിടിച്ചു മണ്ണ് കടത്തുന്ന സംഘമാണ് ഇതിനു പിന്നിലെന്നു സംശയിക്കുന്നു.
അനധികൃതമായി വയൽ കുഴിച്ചു കുളം നിർമിക്കാനുള്ള സ്വകാര്യ വ്യക്തിയുടെ ശ്രമം തടഞ്ഞ കുമ്മിൾ വില്ലേജ് ഓഫിസർ കേസ് എടുക്കുന്നത് ഉൾപ്പെടെയുള്ള നടപടിക്ക് ചിതറ പൊലീസിന് ശുപാർശ ചെയ്തു. പാങ്ങലുകാട് മുതയിൽ കല്ലുവെട്ടാംകുഴി റോഡിന് സമീപത്താണു വയൽ കുഴിച്ചത്.
റവന്യു സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തിയാണ് സ്വകാര്യ വ്യക്തിക്കു സ്്റ്റോപ് മെമ്മോ നൽകിയത്. പ്രദേശത്ത് വ്യാപകമായി വയൽ നികത്തലും നടക്കുന്നുണ്ട്.നെൽക്കൃഷിക്ക് പേരുകേട്ട മുതയിൽ ഏലാ നശിപ്പിക്കുന്നതിനുള്ള ശ്രമമാണു നടക്കുന്നതെന്നാണ് ആരോപണം. കുളം കുഴിക്കാൻ ശ്രമം നടത്തിയ ഭാഗത്തു വൻതോതിൽ വയൽ നികത്തുന്നതിനും ശ്രമം നടത്തുന്നുണ്ട്.