പൊലീസ് പട്രോളിങ് ഡിജിറ്റലൈസേഷൻ: ജിയോ ടാഗിങ് പൂർത്തീകരിച്ചു
Mail This Article
കൊല്ലം ∙ സിറ്റി പൊലീസിന്റെ പട്രോളിങ് സംവിധാനം ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ആദ്യ ഘട്ടമായി ജിയോ ടാഗിങ് പൂർത്തീകരിച്ചു. സിറ്റി പൊലീസ് പരിധിയിൽ 3 സബ് ഡിവിഷനുകളിലേയും ഗുണ്ടകളെ ഉൾപ്പെടെ ഫലപ്രദമായി നിരീക്ഷിക്കാനുള്ള ജിയോ ടാഗിങ് സംവിധാനമാണു നിലവിൽ വന്നത്. തിരുവനന്തപുരം റേഞ്ച് ഡിഐജി അജിത ബേഗം ജിയോ മാപ്പിങ്ങിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു.
സിറ്റി പൊലീസ് കമ്മിഷണർ ചൈത്ര തെരേസ ജോൺ അധ്യക്ഷത വഹിച്ചു. ജിയോ ടാഗിങ് സമയബന്ധിതമായി പൂർത്തിയാക്കിയ പൊലീസ് ഉദ്യോഗസ്ഥരായ ഷഹീർ, ജ്യോതിഷ്കുമാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഓരോ സ്റ്റേഷൻ പരിധിയിലെയും പ്രധാനപ്പെട്ട സ്ഥലങ്ങളെ മാപ്പിൽ ടാഗ് ചെയ്തിരിക്കുന്നതിനാൽ ഒറ്റ ക്ലിക്കിൽ നിർദിഷ്ട സ്ഥലത്ത് എളുപ്പത്തിൽ എത്താൻ സാധിക്കും.
കൂടാതെ, സ്റ്റേഷൻ പരിധിയിലെ സാമൂഹിക വിരുദ്ധരെ നിരീക്ഷിക്കാനുള്ള സംവിധാനവും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നതു പട്രോളിങിനു സഹായകരമാണ്. പ്രധാനപ്പെട്ട ജംക്‌ഷനുകൾ, ബാങ്കുകൾ, എടിഎമ്മുകൾ, ആരാധനാലയങ്ങൾ, സ്കൂളുകൾ, ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, ബീച്ച്, പാർക്ക്, തിയറ്റർ, പ്രധാന സ്ഥാപനങ്ങൾ, ബ്ലാക്ക് സ്പോട്ടുകൾ, നഗറുകൾ, പ്രധാന ഗവ.ഓഫിസുകൾ തുടങ്ങിയ പ്രധാനപ്പെട്ട സ്ഥലങ്ങളിലെല്ലാം ഏറ്റവും വേഗത്തിൽ പൊലീസിന്റെ സേവനം ലഭ്യമാക്കുന്ന രീതിയിലാണു ടാഗിങ് സിസ്റ്റം തയാറാക്കിയിരിക്കുന്നത്.
നഗരത്തിലെ 1240 ലൊക്കേഷനുകളും 603 സാമൂഹിക വിരുദ്ധരായ സ്ഥിരം കുറ്റവാളികളേയുമാണ് അടയാളപ്പെടുത്തിയിട്ടുള്ളത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും സ്റ്റേഷൻ ഹൗസ് ഓഫിസർമാർക്കും കൺട്രോൾ റൂമിനും പട്രോളിങ് സംഘങ്ങൾക്കും ഉൾപ്പെടെ ഈ സംവിധാനം ലഭ്യമാക്കിയിട്ടുണ്ട്.
ഗുണ്ടകളെ ഈ ലൊക്കേഷനുകളിലെത്തി പരിശോധിക്കുന്നതിനും ഇവർ ഗുണ്ടാ പ്രവർത്തനങ്ങളിൽ സജീവമാകുന്നുണ്ടോ എന്നത് ഉൾപ്പെടെ വിലയിരുത്തുന്നതിനും കഴിയുന്നു. പരിശോധനയ്ക്കെത്തുമ്പോൾ ഏതെങ്കിലും ഗുണ്ട സ്ഥലത്ത് ഇല്ലായെന്ന് പട്രോളിങ് സംഘങ്ങൾക്കു ബോധ്യപ്പെട്ടാൽ മൊബൈൽ ലൊക്കേഷൻ ഉൾപ്പെടെ പിന്തുടർന്ന് ഇവരെ കണ്ടെത്തുന്നതിനും സ്ഥലം മാറിയെത്തുന്ന സ്ഥലപരിചയമില്ലാത്ത ഉദ്യോഗസ്ഥർക്കു പോലും കുറ്റവാളികളുടെ പ്രവർത്തന മേഖലകൾ എളുപ്പം കണ്ടെത്തുന്നതിനും ഈ സംവിധാനം സഹായമാകും.
ജില്ലാ സ്പെഷൽ ബ്രാഞ്ച് എസിപി പ്രദീപ് കുമാർ, കൊല്ലം എസിപി എസ്.ഷെരീഫ്, കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ജിജു സി.നായർ, കേരള പൊലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി വിമൽകുമാർ എന്നിവർ പ്രസംഗിച്ചു.