പാതയുടെ തകർച്ച പരിഹരിക്കണം എന്ന് ആവശ്യപ്പെട്ടെങ്കിലും കേട്ട മട്ടില്ല
Mail This Article
പൂങ്കുളഞ്ഞി ∙ പൂങ്കുളഞ്ഞിക്കാർക്കു വേഗത്തിൽ പത്തനാപുരത്തേക്ക് എത്താനുള്ള പാതയുടെ തകർച്ച പരിഹരിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് പുല്ലുവില. പൂങ്കുളഞ്ഞി – തൊണ്ടിയാമൺ–ഇളപ്പുപാറ–പത്തനാപുരം റോഡാണ് തകർന്നത്. ഒട്ടേറെ പ്രതിഷേധങ്ങൾക്കൊടുവിൽ കുറച്ച് ഭാഗത്ത് ടാർ ചെയ്തതൊഴിച്ചാൽ, ബാക്കിയുള്ള ഭാഗത്ത് ടാറിന്റെ അംശം പോലും കാണാൻ കഴിയില്ലെന്നു നാട്ടുകാർ പറയുന്നു.
തൊണ്ടിയാമൺ – പൂങ്കുളഞ്ഞി ഭാഗത്ത് മാമൂട് കഴിഞ്ഞാൽ പിന്നീട് ടാർ കാണാൻ പോലും കഴിയില്ല.വേങ്ങമുക്കിനും ഇളപ്പുപാറയക്കും ഇടയിലുള്ള ഭാഗവും അതുപോലെ തന്നെ. മെറ്റൽ ഇളകി കിടക്കുന്നതിനാൽ ഇരുചക്ര–മുച്ചക്ര വാഹനങ്ങളുടെ യാത്ര സാഹസികമാണ്.
ഇരുചക്ര വാഹനങ്ങൾ ഓടിച്ചു പോകാൻ കഴിയാതെ ഉരുട്ടിക്കൊണ്ടു പോകുന്നവർ വരെ ഇവിടെയുണ്ട്. വൈകുന്നേരം ആയാൽ കാട്ടുപന്നി, മ്ലാവ് ശല്യം ശക്തവുമാണിവിടെ. 20 വർഷത്തോളമായി തകർന്നു കിടക്കുന്ന പാതയിൽ കൂടുതൽ ഭാഗവും പൊതുമേഖലാ സ്ഥാപനമായ ഫാമിങ് കോർപറേഷന്റെ ഉടമസ്ഥതയിലുള്ളതാണ്.
റീപ്ലാന്റേഷൻ നടക്കുന്നതിനാൽ കോർപറേഷൻ നഷ്ടത്തിലാണെന്നു ചൂണ്ടിക്കാട്ടിയാണ് ടാറിങ് നടത്താത്തത്. മറ്റ് ഏതെങ്കിലും സർക്കാർ ഫണ്ടുകൾ ഉപയോഗിച്ച് അറ്റകുറ്റപ്പണി നടത്തണമെന്ന ആവശ്യത്തോടു ജനപ്രതിനിധികളും പ്രതികരിക്കുന്നില്ലെന്നു നാട്ടുകാർ പറഞ്ഞു.