പുനലൂർ സ്റ്റേഷനിലെത്തിയ കെഎസ്ആർടിസി ബസ് തടഞ്ഞ് ആർപിഎഫ്
Mail This Article
പുനലൂർ ∙ ശബരിമല തീർഥാടകരെ കയറ്റാൻ പുനലൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയ കെഎസ്ആർടിസി ബസ് തടഞ്ഞ് റെയിൽവേ അധികൃതർ. ഇന്നലെ വൈകിട്ട് ഗുരുവായൂർ – മധുര പാസഞ്ചർ ട്രെയിൻ എത്തിയപ്പോഴാണു സംഭവം. തമിഴ്നാട്ടിൽ നിന്നെത്തിയ തീർഥാടകർ ബസിൽ കയറാൻ സാധിക്കാതെ ഓട്ടോറിക്ഷയിൽ പുനലൂർ ഡിപ്പോയിലേക്കു പോകേണ്ടിവന്നു.
മണ്ഡലകാലം തുടങ്ങിയതു മുതൽ പുനലൂർ റെയിൽവേ സ്റ്റേഷനിൽ നിന്നു മുന്നൂറിൽപ്പരം സർവീസ് വിജയകരമായി നടത്തുകയും അത് ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ തീർഥാടകർക്ക് വലിയ അനുഗ്രഹമാകുകയും ചെയ്തപ്പോഴാണു മകരവിളക്കിനു ദിവസങ്ങൾ മാത്രം ശേഷിക്കെ ചില ഉദ്യോഗസ്ഥരുടെ ഇടപെടലിൽ ഇന്നലെ ഈ സംഭവം.
റെയിൽവേ സ്റ്റേഷൻ മന്ദിരത്തിനു മുൻഭാഗത്തെ ഗ്രൗണ്ടിൽ എല്ലാ ദിവസത്തെയുംപോലെ കെഎസ്ആർടിസി ബസ് നിർത്തിയിട്ടപ്പോഴാണ് ഡ്രൈവറെയും കണ്ടക്ടറെയും ആർപിഎഫ് ഉദ്യോഗസ്ഥർ സ്റ്റേഷനിലേക്കു വിളിച്ചുവരുത്തി അനധികൃതമായാണ് ഇവിടെ ബസ് കിടക്കുന്നതെന്നും കേസെടുക്കുമെന്നും അറിയിച്ചത്.
തിരിച്ചറിയൽ രേഖകൾ നൽകണമെന്നും ഇവരോട് ആവശ്യപ്പെട്ടു. ഈ സമയം ബസ് ജീവനക്കാർ എടിഒയെ വിവരമറിയിച്ചു. എടിഒ മന്ത്രി കെ.ബി.ഗണേഷ് കുമാറിനെയും വിവരമറിയിച്ചു.വൈകിട്ട് അഞ്ചേമുക്കാലോടെ ട്രെയിൻ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ അയ്യപ്പന്മാരെ ബസിലേക്കു കയറ്റുന്നതിന് സാധിച്ചില്ല. ഈ സമയം ബസ് ജീവനക്കാർ ആർപിഎഫ് സ്റ്റേഷനിൽ ആയിരുന്നു.
ഇന്നലെ ബസ് ഡിപ്പോയിൽ പമ്പയ്ക്കു പോകുവാൻ ഫാസ്റ്റ് ബസിന്റെ കുറവ് ഉള്ളതിനാൽ കണക്ഷൻ ഓർഡിനറി ബസ് പത്തനംതിട്ടയ്ക്ക് അയക്കാനായിരുന്നു തീരുമാനം.പത്തനംതിട്ടയിൽ നിന്ന് ഈ സമയം പമ്പയ്ക്കു മറ്റൊരു ബസ് അയക്കുന്നതിനും കെഎസ്ആർടിസി ക്രമീകരണം ഏർപ്പെടുത്തിയതാണ്.
ഇന്നലെ രാവിലെ ചെന്നൈ – എഗ്മൂർ – കൊല്ലം ട്രെയിൻ എത്തിയപ്പോൾ 5 ബസുകൾ എത്തി റെയിൽവേ സ്റ്റേഷനിൽ നിന്നു പമ്പയ്ക്കു തീർഥാടകരെ കൊണ്ടുപോയതാണ്. പോയ വർഷങ്ങളിലും ശബരിമല സീസണിൽ എല്ലാ ദിവസവും തുടരുന്ന നടപടിയാണിത്.
കെഎസ്ആർടിസിക്കു താൽപര്യമുണ്ടെങ്കിൽ ഇവിടേക്ക് സർവീസ് നടത്താവുന്നതാണെന്ന് റെയിൽവേ വാണിജ്യ വിഭാഗം നേരത്തെ ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയവർക്കു വിവരാവകാശ നിയമപ്രകാരം മറുപടി നൽകിയിട്ടുള്ളതുമാണ്. ബസ് ഡ്രൈവർ എം.എസ്.സജി, കണ്ടക്ടർ അനിൽകുമാർ എന്നിവർക്കെതിരെ കേസെടുക്കുമെന്ന ഘട്ടം എത്തിയപ്പോൾ തനിക്കെതിരെ കേസെടുത്തു കൊള്ളാൻ എടിഒ ആർപിഎഫ് ഉദ്യോഗസ്ഥരോടു പറഞ്ഞു. ഇതിനിടെ സംഭവം വഷളാകുമെന്ന് കണ്ടതോടെ 7 മണി കഴിഞ്ഞപ്പോൾ ബസ് വിട്ടയക്കുകയായിരുന്നു.
അങ്ങനെ ബസ് പുനലൂർ ബോർഡ് വച്ച് കെഎസ്ആർടിസി ഡിപ്പോയിലേക്കു മടങ്ങുകയും ചെയ്തു. കഴിഞ്ഞ വർഷം ദേവസ്വം മന്ത്രിയുടെയും ഇക്കുറി ദേവസ്വം ബോർഡ് അംഗങ്ങളുടെയും എംഎൽഎയുടെയും സാന്നിധ്യത്തിൽ പുനലൂരിൽ നടന്ന ശബരിമല തീർഥാടനം സംബന്ധിച്ച അവലോകന യോഗങ്ങളിൽ എടുത്ത തീരുമാനപ്രകാരമാണു പുനലൂർ റെയിൽവേ സ്റ്റേഷനിൽ എത്തുന്ന മുഴുവൻ തീർഥാടകരെയും സുരക്ഷിതമായി പമ്പയിൽ എത്തിക്കുന്നതിനു കെഎസ്ആർടിസി സൗകര്യം ഒരുക്കിയത്.