കൈവരികൾ തകർന്നിട്ട് വർഷമൊന്ന്: പുനർനിർമിക്കാൻ നടപടിയില്ല
Mail This Article
പുനലൂർ ∙ ദേശീയപാതയിലെ വാളക്കോട് റെയിൽവേ മേൽപാലത്തിന്റെ വശത്തു ലോഹ നിർമിത കൈവരികൾ തകർന്ന് ഒരു വർഷം പിന്നിട്ടിട്ടും അവ പുനർനിർമിക്കാൻ നടപടിയില്ല. ശബരിമല സീസൺ ആരംഭിക്കുന്നതിന് മുൻപ് ഇത്തരത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുമെന്ന് അറിയിച്ചിരുന്നതാണ്.
കഴിഞ്ഞ മാസം ആര്യങ്കാവിൽ ഉണ്ടായ വാഹനാപകടത്തിൽ തമിഴ്നാട് സ്വദേശിയായ അയ്യപ്പഭക്തൻ മരിച്ച സംഭവത്തോടെ വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥർ ഈ പാതയിൽ സുരക്ഷാ ഓഡിറ്റും നടത്തി മടങ്ങിപോയതാണ്. എന്നാൽ, വാളക്കോട് മേൽപാലത്തിന്റെ കൈവരി നിർമാണം നടത്തിയില്ല.
പാലത്തിന്റെ ഇരുവശവും ഗതാഗതം നിയന്ത്രിക്കാൻ ഹോം ഗാർഡിനെയും സ്പെഷൽ പൊലീസ് ഓഫിസർമാരെയും നിയമിച്ചതു മാത്രമാണ് ഇവിടെ വാഹനഗതാഗതം സുഗമമാക്കാനായി നടത്തിയ ഏക നടപടി. പാലം പുനർനിർമിക്കുന്നതിനു പകരം സമാന്തരമായി ഒരു പാത കൂടി നിർമിക്കുന്നതിന് രണ്ടര മാസം മുൻപ് തീരുമാനമെടുത്തെങ്കിലും ഒരു നടപടികളും മുന്നോട്ട് നീങ്ങിയിട്ടില്ല