കുന്നിക്കോട് ചന്തയിലെ തൊണ്ടി വാഹനങ്ങൾ മാറ്റാതെ പൊലീസ്'
Mail This Article
കുന്നിക്കോട് ∙ ലക്ഷങ്ങൾ വിലമതിക്കുന്ന വാഹനങ്ങൾ തുരുമ്പെടുത്തു നശിച്ചിട്ടും കുന്നിക്കോട് പൊലീസിന് കുലുക്കമില്ല. കുന്നിക്കോട് ചന്തയിൽ കൂട്ടിയിട്ടിരിക്കുന്ന വാഹനങ്ങൾ നീക്കണമെന്ന വിളക്കുടി പഞ്ചായത്തിന്റെ ആവശ്യത്തോടും പ്രതികരണമില്ല. ഒരു കാലത്ത് മേഖലയുടെ പ്രധാന കാർഷിക വിപണന കേന്ദ്രമായ ചന്തയിൽ, ഇന്ന് ഹരിതകർമ സേനയുടെ മാലിന്യവും പൊലീസും എക്സൈസും കണ്ടെത്തുന്ന തൊണ്ടിമുതലുമാണു സൂക്ഷിക്കുന്നത്. ഇതിൽ പൊലീസിന്റെ തൊണ്ടി മുതൽ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പല തവണ പഞ്ചായത്ത് കത്ത് നൽകിയിട്ടും ആരും ചെവിക്കൊണ്ട മട്ടില്ല.
ചന്തയോടു ചേർന്നാണു പൊലീസ് സ്റ്റേഷന്റെ പ്രവർത്തനം. കോംപൗണ്ടിൽ സ്ഥലമില്ലാതെ വന്നതോടെയാണു തൊണ്ടി വാഹനങ്ങൾ ചന്തയിൽ ഇടാൻ തുടങ്ങിയത്. ഇതിനിടെ എക്സൈസ് റേഞ്ച് ഓഫിസിന്റെ പ്രവർത്തനം ചന്തയിൽ തുടങ്ങി. ഈ സമയത്തു കുറച്ച് വാഹനങ്ങൾ സ്റ്റേഷൻ കോംപൗണ്ടിലേക്കും റോഡു വശത്തേക്കും മാറ്റുകയും ബാക്കി വാഹനങ്ങൾ ചന്തയിൽ തന്നെ ഇടുകയും ചെയ്തു. ഈ വാഹനങ്ങൾ എല്ലാം തന്നെ തുരുമ്പെടുത്തു നശിക്കുകയാണ്. ലേലം ചെയ്തു സർക്കാരിലേക്ക് ലക്ഷങ്ങൾ ഒടുക്കാവുന്ന വാഹനങ്ങളാണു തുരുമ്പെടുത്ത് നശിക്കുന്നത്.വാഹനങ്ങൾ നീക്കം ചെയ്താൽ ചന്തയുടെ പുനരുദ്ധാരണം നടത്താൻ കഴിയുമെന്നാണു പഞ്ചായത്തിന്റെ പ്രതീക്ഷ. എന്നാൽ, മൂന്നു ഭരണസമിതികളുടെ കാലത്തായി പലതവണ കത്തു നൽകിയിട്ടും വാഹനങ്ങൾ നീക്കാത്തതിൽ പ്രതിഷേധം ശക്തമാണ്.