പാർക്കിങ് സ്ഥലം, കയ്യേറ്റം; കാറില്ല...കേബിൾ മാത്രം
Mail This Article
പരവൂർ∙ കാർ പാർക്കിങ്ങിനായി പരവൂർ നഗരസഭ കണ്ടെത്തിയ സ്ഥലം കയ്യേറി കെഎസ്ഇബി. സ്ഥലപരിമിതി കാരണം നേരിടുന്ന പാർക്കിങ് പ്രശ്നം മൂലം പരവൂർ ജംക‍്ഷനിലെ തിരക്ക് ഒഴിവാക്കാൻ എസ്എൻവി ഗേൾസ് ഹൈസ്കൂളിന് സമീപം റെയിൽവേ ട്രാക്കിലേക്കുള്ള റോഡിന്റെ വശങ്ങൾ നഗരസഭ പാർക്കിങ്ങിനായി വൃത്തിയാക്കി എടുത്തിരുന്നു. എന്നാൽ അതിനുശേഷം പരവൂർ കെഎസ്ഇബി കോൺക്രീറ്റ് വൈദ്യുതത്തൂണുകളും കേബിളുകളും പ്രദേശത്ത് കൊണ്ടിടുകയായിരുന്നു. നഗരസഭയുടെ വിവിധ പ്രദേശങ്ങളിൽ സ്ഥാപിക്കാനുള്ള കോൺക്രീറ്റ് വൈദ്യുതി തൂണുകളാണ് നഗരസഭ പാർക്കിങ്ങിനായി കണ്ടെത്തിയ സ്ഥലത്ത് നിക്ഷേപിച്ചിരിക്കുന്നത്. തിരക്കേറിയ ആഘോഷ ദിവസങ്ങളിൽ രൂക്ഷമായ പാർക്കിങ് പ്രശ്നമാണ് പരവൂർ ജംക‍്ഷനും മാർക്കറ്റുമടങ്ങുന്ന നഗര കേന്ദ്രം നേരിടുന്നത്.
സ്ഥല പരിമിതിയും വീതി കുറഞ്ഞ റോഡുകളും കാരണം റോഡരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഗതാഗതക്കുരുക്കിനും കാരണമാകുന്നുണ്ട്. നഗരസഭയുടെയും സമീപ പഞ്ചായത്തുകളുടെയും വിവിധ ഭാഗങ്ങളിൽ നിന്ന് എത്തുന്നവർക്ക് വാഹന പാർക്ക് ചെയ്യാനുള്ള സൗകര്യം പരിഗണിച്ചാണ് നഗരസഭ എസ്എൻവി സ്കൂളിനു സമീപത്തെ സ്ഥലം വൃത്തിയാക്കിയെടുത്തത്. എന്നാൽ കെഎസ്ഇബി വൈദ്യുതി തൂണുകളും കേബിളുകളും ഇട്ടിരിക്കുന്നതിനാൽ പാർക്കിങ് നടത്താനാകാത്ത അവസ്ഥയാണ്. പരവൂർ നഗരസഭ സെക്രട്ടറി, നഗരസഭ ആരോഗ്യ സ്ഥിരം സമിതി, കൗൺസിലർ ആർ.ഷാജി, എസ്എൻവി ഗേൾസ് സ്കൂൾ മാനേജ്മെന്റ് എന്നിവർ വൈദ്യുതത്തൂണുകൾ നീക്കം ചെയ്യണം എന്നാവശ്യപ്പെട്ട് ഒട്ടേറെ തവണ കെഎസ്ഇബിയെ സമീപിച്ചെങ്കിലും നടപടിയുണ്ടായിട്ടില്ല. വൈദ്യുതത്തൂണുകൾ കൂട്ടിയിട്ടിരിക്കുന്ന സ്ഥലത്തെ ഇഴജന്തു ശല്യം എസ്എൻവി സ്കൂളിലെ വിദ്യാർഥികൾക്കും ഭീഷണി സൃഷ്ടിക്കുന്നുണ്ട്.