കാങ്കത്തുമുക്ക്: റോഡ് തകർച്ച മരണക്കുഴികളെടുത്ത് മതിയായില്ലേ...
Mail This Article
കൊല്ലം ∙ ഭരണ, ഉദ്യോഗസ്ഥ സംവിധാനങ്ങളുടെ ധാർഷ്ട്യം നിറഞ്ഞ പിടിവാശിക്കു മുന്നിൽ തോറ്റു നിൽക്കുകയാണു കൊല്ലം നഗരത്തിലെ കാങ്കത്തുമുക്കിൽ യാത്രക്കാർ. ജില്ലാ ഭരണകൂടത്തിന്റെ ആസ്ഥാന മന്ദിരത്തിൽ നിന്ന് ഏറെ ദൂരെയൊന്നുമല്ല ഇവിടം.കൂറ്റൻ ആൽമരം നിൽക്കുന്ന കവലയുടെ ഒത്ത നടുക്ക് റോഡിലെ കൂറ്റൻ കുഴികളിൽ വീണു വാഹന യാത്രക്കാരായ ഒട്ടേറെപ്പേർക്കു പരുക്കേറ്റിട്ടും ഒരു കൂസലുമില്ലാതെ കാഴ്ചക്കാരാകുകയാണ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും. കുഴികൾ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടു സമരം നടത്തിയവരോടുള്ള വാശി തീർക്കാനെന്നോണം, ‘എന്നാലൊന്നു കാണട്ടെ’ യെന്നു പറഞ്ഞു യാത്രക്കാരുടെ ജീവൻ പന്താടുകയാണ് ഉത്തരവാദിത്ത ബോധമില്ലാതെ അധികൃതർ.പഴയ ദേശീയപാതയിൽ എപ്പോഴും വാഹനത്തിരക്കുള്ള, 4 റോഡുകൾ ചേരുന്ന കാങ്കത്തുമുക്കിൽ ആരുടെയെങ്കിലും ജീവൻ ബലി കൊടുക്കണമെന്ന മട്ടിലാണ് അധികൃതർ.
കലക്ടറേറ്റ്– ആനന്ദവല്ലീശ്വരം ജംക്‌ഷനിൽ നിന്നു കാവനാട്ടേക്ക് നീളുന്ന റോഡിലൂടെ ഇരുചക്ര വാഹനങ്ങളിൽ ഉൾപ്പെടെ ഒട്ടേറെ യാത്രക്കാരാണു പ്രതിദിനം സഞ്ചരിക്കുന്നത്. റോഡിലെ ആളെക്കൊല്ലും കുഴികൾ രൂപപ്പെട്ടിട്ടു മാസങ്ങളായി. കുഴികളിൽ വീണ് അനേകം പേർക്ക് ഇതിനകം പരുക്കേറ്റു. അപകടത്തിൽപ്പെടുന്നതിൽ കൂടുതലും സ്ത്രീകളാണ്. ഇന്നലെ രാവിലെ സ്കൂട്ടർ യാത്രികയായ സ്ത്രീ റോഡിൽ തലയടിച്ചു വീണു. ഹെൽമറ്റ് ഉണ്ടായിരുന്നതിനാൽ ഭാഗ്യത്തിനു രക്ഷപ്പെട്ടു. ഏതാനും ദിവസം മുൻപ് കുഞ്ഞുമായി സ്കൂട്ടറിൽ വന്ന മറ്റൊരു സ്ത്രീ കുഴിയിൽ വീണു. സ്കൂട്ടറിൽ നിന്നും റോഡിലേക്ക് തെറിച്ചു വീണ കുഞ്ഞിനു പരുക്കേറ്റു.മാസങ്ങൾക്ക് മുൻപ് കുഴിയിൽ വീണു സ്കൂട്ടർ യാത്രികന്റെ കയ്യൊടിഞ്ഞു. എന്നിട്ടും അൽപം മെറ്റൽ നിരത്തിയെങ്കിലും അപകടമൊഴിവാക്കാൻ പൊതുമരാമത്ത് ഉദ്യോഗസ്ഥർക്കോ അവരെ നിയന്ത്രിക്കുന്ന അധികൃതർക്കോ കഴിയുന്നില്ല.
റോഡിലെ വളവിൽ ഡിവൈഡറിന്റെ ഇരു ഭാഗത്തുമായി ഏകദേശം 50 മീറ്റർ ദൂരത്തിലാണ് കുഴികൾ. കുഴിയിൽ വീഴാതിരിക്കാൻ വാഹനങ്ങൾ വെട്ടിത്തിരിക്കുമ്പോൾ കൂട്ടിയിടിക്കുന്നതും ഇവിടെ പതിവു കാഴ്ച. വീണു പരുക്കേൽക്കുന്നവരെ ആശുപത്രിയിൽ എത്തിക്കുകയാണ് ജംക്‌ഷനിലെ ഓട്ടോ ഡ്രൈവർമാരുടെയും കച്ചവടക്കാരുടെയും പ്രധാന പണി. രാത്രി വൈകിയാണെങ്കിൽ പരുക്കേറ്റ് റോഡിൽ കിടക്കുകയേ നിവൃത്തിയുള്ളൂ. ആൽമരത്തിന്റെ ശിഖരങ്ങൾ വളർന്നു നിൽക്കുന്നതിനാൽ വഴി വിളക്കുകളിലെ വെളിച്ചം റോഡിലേക്കു കിട്ടാറുമില്ല. റോഡ് നന്നാക്കിയില്ലെങ്കിൽ കോടതിയെ സമീപിക്കാനൊരുങ്ങുകയാണു നാട്ടുകാർ.
ചോരയൊഴുക്കാൻ ഇനി ആര് ?
.ഇന്നലെ രാവിലെ സ്കൂട്ടർ യാത്രികയായ സ്ത്രീ റോഡിൽ തലയടിച്ചു വീണു. ഹെൽമറ്റ് ഉണ്ടായിരുന്നതിനാൽ ഭാഗ്യത്തിനു രക്ഷപ്പെട്ടു.∙ ദിവസങ്ങൾക്കു മുൻപ്, കുഞ്ഞുമായി സ്കൂട്ടറിൽ വന്ന മറ്റൊരു സ്ത്രീ കുഴിയിൽ വീണു. റോഡിലേക്കു തെറിച്ചു വീണ കുഞ്ഞിനു പരുക്കേറ്റു. ∙ മാസങ്ങൾക്ക് മുൻപ് കുഴിയിൽ വീണു സ്കൂട്ടർ യാത്രികന്റെ കയ്യൊടിഞ്ഞു.