അപ്പീലിന്റെ ബലത്തിൽ അരങ്ങിലെത്തി, ദർശിത് ‘എ ഗ്രേഡ്’ കാഥികനായി!
Mail This Article
പുത്തൂർ ∙ അപ്പീലിന്റെ ബലത്തിൽ അരങ്ങിലെത്തി സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ‘എ ഗ്രേഡ്’ കാഥികനായതിന്റെ സന്തോഷത്തിലാണ് പവിത്രേശ്വരം കെഎൻഎൻഎംവിഎച്ച്എസ്എസിലെ ഒൻപതാം ക്ലാസ് വിദ്യാർഥി എം.ജെ.ദർശിത്. ജില്ലാ സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് രണ്ടാം സ്ഥാനമായിരുന്നു ദർശിതിനും സംഘത്തിനും. അങ്ങനെയാണ് അപ്പീലിലൂടെ മത്സരിക്കാൻ തീരുമാനിച്ചത്.അരുന്ധതി റോയിയുടെ ‘ദ് മിനിസ്ട്രി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനെസ്’ എന്ന നോവലിലെ ഒരു ഭാഗത്തിന്റെ സ്വതന്ത്ര കഥാപ്രസംഗ ആവിഷ്കാരമായ ‘ഒരു പട്ടാളക്കാരന്റെ രണ്ട് മരണം’ എന്ന കഥയാണ് ദർശിത് അവതരിപ്പിച്ചത്. കാഥികൻ നരിയ്ക്കൽ രാജീവായിരുന്നു പരിശീലകൻ. പെൺകുട്ടികൾ അടക്കിവാണ കഥാപ്രസംഗ വേദിയിൽ ആൺകുട്ടികൾ മാത്രമുള്ള ഏക ടീമായിരുന്നു ഇവരുടേത് എന്നതാണ് മറ്റൊരു പ്രത്യേകത. ഹൈസ്കൂൾ വിദ്യാർഥികളായ അഭിമന്യു, ജീവൻ ഡി.തോമസ്, യു.അഭിനവ് കൃഷ്ണൻ, ഋഷി എന്നിവരായിരുന്നു സംഘത്തിലെ മറ്റുള്ളവർ. സംസ്ഥാന സാമൂഹിക ശാസ്ത്ര മേളയിൽ പ്രസംഗ മത്സരത്തിലും ദർശിതിന് എ ഗ്രേഡ് ലഭിച്ചിരുന്നു. ഇതേ സ്കൂളിലെ അധ്യാപകനായ മുതുപിലാക്കാട് മണിമന്ദിരത്തിൽ എം.എൻ.ജയരാജിന്റെയും ശൂരനാട് എസ്എംഎച്ച്എസ്എസിലെ അധ്യാപിക പി.വി.ദിവ്യയുടെയും മകനാണ്.