സംസ്ഥാന സ്കൂൾ കലോത്സവം: പോയിന്റ് നില മെച്ചപ്പെടുത്തി കൊല്ലം
Mail This Article
കൊല്ലം ∙കലാപ്രതിഭകളുടെ മികവിന്റെ പോരാട്ടം കണ്ട സംസ്ഥാന കലോത്സവത്തിൽ നില മെച്ചപ്പെടുത്തി ജില്ല. സംസ്ഥാന തലത്തിലെ സ്ഥാനത്തിന് മാറ്റമില്ലെങ്കിലും കഴിഞ്ഞ വർഷത്തെക്കാൾ അൻപതിലേറെ പോയിന്റുകൾ വർധിപ്പിച്ചാണ് ജില്ല കരുത്ത് കാട്ടിയത്. ഹൈസ്കൂൾ തലത്തിൽ സംസ്ഥാനത്ത് രണ്ടാമതെത്താനും ജില്ലയ്ക്കായി. ആകെ പോയിന്റിൽ സംസ്ഥാനത്ത് ആറാം സ്ഥാനം നേടിയ ജില്ലയ്ക്ക് ലഭിച്ചത് 964 പോയിന്റാണ്. കൊല്ലത്ത് കഴിഞ്ഞ വർഷം കലോത്സവം നടന്നപ്പോൾ ആകെ ലഭിച്ചിരുന്നത് 912 പോയിന്റായിരുന്നു. തെക്കൻ ജില്ലകളിൽ ഈ വർഷവും ഏറ്റവും കൂടുതൽ പോയിന്റ് സ്വന്തമാക്കിയതും കൊല്ലമാണ്.അടുത്ത വർഷം പോയിന്റ് ആയിരത്തിന് മുകളിലേക്ക് എത്തിക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ ലക്ഷ്യം.
എല്ലാ വിഭാഗത്തിലും മുന്നേറ്റം
സംസ്ഥാന സ്കൂൾ കലോത്സവത്തിലെ വിവിധ വിഭാഗങ്ങളിലും ജില്ല മികച്ച പ്രകടനം കാഴ്ച വച്ചു. ഹയർ സെക്കൻഡറി വിഭാഗത്തിലാണ് ഏറ്റവും കൂടുതൽ പോയിന്റ് നേടിയതെങ്കിലും ഹൈസ്കൂൾ വിഭാഗത്തിലാണ് ജില്ല മികച്ച പ്രകടനം കാഴ്ച വച്ചത്. സംസ്ഥാന തലത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ കൊല്ലത്തിന് രണ്ടാം സ്ഥാനം ലഭിച്ചു. 482 പോയിന്റ് നേടിയ തൃശൂരും പാലക്കാടും ഒന്നാം സ്ഥാനം പങ്കിട്ടപ്പോൾ 480 പോയിന്റുമായി ജില്ല രണ്ടാമതെത്തി. 484 പോയിന്റ് നേടിയെങ്കിലും ഹയർ സെക്കൻഡറി വിഭാഗത്തിൽ ജില്ല സംസ്ഥാന തലത്തിൽ ഒൻപതാമതാണ്.
സംസ്കൃത വിഭാഗത്തിൽ സംസ്ഥാനത്ത് ജില്ലയ്ക്ക് രണ്ടാം സ്ഥാനം ലഭിച്ചു. 93 പോയിന്റുമായി കണ്ണൂരിനും കോഴിക്കോടിനും ഒപ്പമാണ് ജില്ല രണ്ടാം സ്ഥാനം പങ്കിട്ടത്. സംസ്കൃതോത്സവത്തിൽ പാരിപ്പള്ളി എഎസ് എച്ച്എസ്എസ് സ്കൂളുകളിൽ സംസ്ഥാനത്ത് ഒന്നാമതെത്തി. അറബിക് വിഭാഗത്തിൽ സംസ്ഥാനത്ത് മൂന്നാം സ്ഥാനമാണ് കൊല്ലം നേടിയത്– 91 പോയിന്റ്. അറബിക് കലോത്സവത്തിൽ 20 പോയിന്റ് വീതം നേടിയ ജിഎച്ച്എസ്എസ് തഴവ, എച്ച്എസ് പാവുമ്പ എന്നിവരുടെ പ്രകടനം നിർണായകമായി.
സംസ്കൃതോത്സവം തൂക്കി പാരിപ്പള്ളി എഎസ്എച്ച്എസ്എസ്
സംസ്ഥാന സ്കൂൾ കലോത്സവത്തിലെ സംസ്കൃതോത്സവത്തിൽ സംസ്ഥാന തലത്തിൽ സ്കൂളുകളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയത് പാരിപ്പള്ളിയിലെ എഎസ്എച്ച്എസ് സ്കൂളാണ്. 41 പോയിന്റുകൾ നേടിയാണ് സ്കൂൾ നേട്ടം കരസ്ഥമാക്കിയത്. കഴിഞ്ഞ വർഷം സംസ്ഥാനത്ത് രണ്ടാമതായിരുന്ന സ്കൂൾ ചിട്ടയായ പരിശീലനത്തിലൂടെയാണ് നേട്ടം സ്വന്തമാക്കിയത്.
സ്കൂളുകളിൽ വിമലഹൃദയ സ്കൂൾ
ജില്ലയുടെ മികച്ച പ്രകടനത്തിന് ഏറ്റവും കൂടുതൽ പങ്ക് വഹിച്ചത് കൊല്ലം വിമലഹൃദയ എച്ച്എസ് സ്കൂളാണ്. ജില്ലയ്ക്കായി ഏറ്റവും കൂടുതൽ പോയിന്റ് (50 പോയിന്റ്) നേടിയ വിമലഹൃദയ സ്കൂൾ സംസ്ഥാന തലത്തിൽ 28 –ാം സ്ഥാനവും നേടി. കരുനാഗപ്പള്ളി ജെഎഫ്കെഎംവി എച്ച്എസ്എസ് 44 പോയിന്റുമായി ജില്ലയിൽ രണ്ടാമതും (സംസ്ഥാന തലത്തിൽ 35 –ാം സ്ഥാനം) പാരിപ്പള്ളി എഎസ്എച്ച്എസ്എസ് 41 പോയിന്റുമായി ജില്ലയിൽ മൂന്നാമതുമാണ് (സംസ്ഥാന തലത്തിൽ 41–ാം സ്ഥാനം).
ഹയർ സെക്കൻഡറിയിൽ വേണം ശ്രദ്ധ
ജില്ലയുടെ കുതിപ്പിൽ എല്ലാ വിഭാഗങ്ങളും പങ്ക് വഹിച്ചെങ്കിലും ഹയർ സെക്കൻഡറി തലത്തിലുണ്ടായ അപ്രതീക്ഷിത തിരിച്ചടിയാണ് ജില്ലയ്ക്ക് പ്രതീക്ഷിച്ച മുന്നേറ്റം കൈവരിക്കുന്നതിന് തടസ്സമായത്. സമീപകാലങ്ങളിൽ നിന്നു വ്യത്യസ്തമായി ഹയർ സെക്കൻഡറി തലത്തിൽ ഒൻപതാം സ്ഥാനത്തേക്ക് പിൻതള്ളപ്പെട്ടത് ജില്ലയ്ക്ക് തിരിച്ചടിയായി. കൃത്യമായ നിർദേശങ്ങളിലൂടെയും സഹകരണത്തിലൂടെയും ഹയർ സെക്കൻഡറി വിഭാഗത്തിൽ കൂടി മുന്നേറാൻ സാധിച്ചാൽ ജില്ലയ്ക്ക് കൂടുതൽ സ്ഥാനങ്ങൾ മുന്നോട്ട് വരാനാകും.
സംസ്ഥാന കലോത്സവം – കൊല്ലം ജില്ല
∙ ജില്ലയുടെ ആകെ പോയിന്റ് : 964 പോയിന്റ്
∙ സംസ്ഥാന തലത്തിലെ സ്ഥാനം: 6
∙ ഹൈസ്കൂൾ വിഭാഗം ജനറൽ: 480 പോയിന്റ്
∙ ഹയർ സെക്കൻഡറി വിഭാഗം ജനറൽ: 484 പോയിന്റ്
∙ ഹൈസ്കൂൾ വിഭാഗം സംസ്കൃതം: 93 പോയിന്റ്
∙ ഹൈസ്കൂൾ വിഭാഗം അറബിക്: 91 പോയിന്റ്
കൂടുതൽ പാരമ്പര്യ കലകൾ; വിധികർത്താവിന് മാനദണ്ഡം
തിരുവനന്തപുരം ∙ സ്കൂൾ കലോത്സവങ്ങളുടെ ഘടന ഏകോപിപ്പിക്കാനും സുതാര്യത ഉറപ്പാക്കാനും ലക്ഷ്യമിട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് കലോത്സവ മാന്വൽ വീണ്ടും പരിഷ്കരിക്കുന്നു. എല്ലാ തലങ്ങളിലുമുള്ള മത്സര വിധികർത്താക്കളുടെ യോഗ്യത സംബന്ധിച്ച് വ്യക്തമായ മാർഗനിർദേശങ്ങൾ മാന്വലിൽ ഉൾപ്പെടുത്തുന്നതും പരിഗണനയിലാണ്. കൂടുതൽ പാരമ്പര്യ കലകൾ അടുത്ത വർഷത്തെ കലോത്സവത്തിൽ ഉൾപ്പെടുത്താൻ ഉദ്ദേശിക്കുന്നതായും മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. കലോത്സവത്തിൽ എ ഗ്രേഡ് നേടുന്നവർക്കുള്ള ഒറ്റത്തവണ സ്കോളർഷിപ് അടുത്തവർഷം മുതൽ1000 രൂപയിൽ നിന്ന് 1500 രൂപയാക്കുമെന്നും അദ്ദേഹം അറിയിച്ചു. കലകൾ പഠിപ്പിക്കാനും അവതരിപ്പിക്കാനും ധാരാളം പണം ചെലവാകുന്നുണ്ട്. ഇക്കാര്യത്തിൽ എന്ത് നടപടിയെടുക്കാനാകുമെന്ന് പരിശോധിക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്– മന്ത്രി പറഞ്ഞു.