ജീവിതവേഷത്തിനു വിജയത്തിളക്കം
Mail This Article
കൊല്ലം∙വയനാട്ടിലെ തിരുനെല്ലി പാരഡൈസ് ബഡ്സ് സ്കൂളിൽ നിന്നെത്തിയ വി.ബി.അശ്വന്ത് ചൂരൽമലയിലെ ദുരന്തമുഖ കാഴ്ചകൾ കാണികൾക്കു മുൻപിൽ വരച്ചിട്ടപ്പോൾ തേങ്ങിയത് പ്രഛന്നവേഷ വേദിയിലെ കാണികളും. പ്രളയത്തിൽ രക്ഷപ്പെട്ടയാൾ തന്റെ പ്രിയപ്പെട്ടയാളുടെ ശരീരഭാഗങ്ങൾ കണ്ടപ്പോഴുണ്ടായ തേങ്ങലായിരുന്നു അശ്വന്തിന്റെ പ്രമേയം. കഴിഞ്ഞ രണ്ടു വർഷങ്ങളിലും അശ്വന്തിനായിരുന്നു ഈ വിഭാഗത്തിൽ ഒന്നാം സ്ഥാനം. ഇക്കുറി മൂന്നാം സ്ഥാനവുമായാണ് മടങ്ങുന്നത്. ചേലൂർ വടക്കാവുങ്കൽ ബിജു–അമ്പിളി ദമ്പതികളുടെ മകനാണ്. അഭിനയത്തിൽ മാത്രമല്ല, ബാൻഡ് മേളം, ഒപ്പന, നാടോടി നൃത്തം, ക്രാഫ്റ്റ് തുടങ്ങിയ ഇനങ്ങളിലും മികവ് പുലർത്തുന്നുണ്ട്. ബഡ്സ് സ്കൂൾ പ്രിൻസിപ്പൽ ആഷിഖിന്റെ നേതൃത്വത്തിലാണ് കുട്ടികളെ മത്സരങ്ങൾക്ക് ഒരുക്കുന്നത്. കഴിഞ്ഞ വർഷം വ്യക്തിഗത സ്കൂൾ വിഭാഗത്തിലും പാരഡൈസ് സ്കൂൾ ചാംപ്യനായിരുന്നു.
കൊല്ലം∙ പ്രഛന്നവേഷ മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ച തൃശൂർ വേലൂർ തളിർ ബഡ്സ് സ്കൂളിലെ ടി.എസ്. വൈദേഹിയും ചൂരൽമല പ്രളയദുരന്തമായിരുന്നു വിഷയമാക്കിയത്. ദുരന്തത്തിന്റെ ഭീതിയും ഞെട്ടലും കണ്ണീരും കാഴ്ചക്കാരിലേക്കും പടർന്നു. അധ്യാപിക അഞ്ജു കെ. ജയനാണ് പരിശീലകയും ഒരുക്കിയതും. വേലൂർ സ്വദേശി സജീവ്–ഷീല ദമ്പതികളുടെ മകളാണ് വൈദേഹി. കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് സംസ്കൃതത്തിൽ ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. സംസാരത്തിൽ ബുദ്ധിമുട്ട് നേരിട്ടപ്പോൾ സ്പീച്ച് തെറപ്പിയുടെ ഭാഗമായി പരിശീലിച്ച ശാസ്ത്രീയ സംഗീതത്തിലും ഇപ്പോൾ മികവ് പുലർത്തുന്നു. പ്രഛന്നവേഷ വേദിയിൽ ചൂരൽമലയിലെ പ്രളയദുരന്തമായിരുന്നു എല്ലാവരും വിഷയമാക്കിയത്. അതിനു വിഭിന്നമായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ കൊല്ലപ്പെട്ട ഡോ.വന്ദന ദാസിന്റെ അവസാന നിമിഷങ്ങൾ വേദിയിൽ എത്തിച്ച് തിരുവനന്തപുരം മലയിൻകീഴ് ആശാദീപം ബഡ്സ് സ്കൂളിലെ ജിജി ജി.എസ് കുമാർ കയ്യടി നേടി. മലയിൻകീഴ് പഞ്ചായത്തംഗം സുരേന്ദ്രകുമാർ–ഗീതാദേവി ദമ്പതികളുടെ മകളാണ്. നൃത്തം ഉൾപ്പെടെയുള്ളവയിൽ അമ്മയാണു ജിജിയുടെ ഗുരു.