നാടകാന്തം ആഹ്ലാദം; നാടക മത്സരങ്ങളിൽ ചരിത്രമെഴുതി നീരാവിൽ എസ്എൻഡിപി യോഗം ഹയർ സെക്കൻഡറി സ്കൂൾ
Mail This Article
കൊല്ലം ∙സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ– ഹയർ സെക്കൻഡറി വിഭാഗം നാടക മത്സരങ്ങളിൽ എ ഗ്രേഡ് നേടി പുതിയ ചരിത്രമെഴുതി നീരാവിൽ എസ്എൻഡിപി യോഗം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ. ഇരട്ട വിജയത്തിലൂടെ സംസ്ഥാന സ്കൂൾ കലോത്സവ നേട്ടങ്ങളുടെ നെറുകയിലേക്കു നീരാവിൽ ഗ്രാമവും ചുവടുവച്ചു.നീരാവിൽ ഗ്രാമത്തെ കൊല്ലത്തിന്റെ നാടക തലസ്ഥാനമാക്കിയതു പ്രകാശ് കലാകേന്ദ്രമാണ്.
ദേശീയ നാടകോത്സവങ്ങളിൽ വരെ അമച്വർ നാടക രംഗത്തു ശ്രദ്ധേയമായ അവതരണങ്ങൾ നടത്തിയ കലാകേന്ദ്രത്തിലെ നാടകക്കളരികളിൽ നിന്നു വന്നവരാണു സ്കൂൾ കലോത്സവത്തിൽ മിന്നും വിജയങ്ങൾ നേടിയ ‘കുട്ടി നാടകക്കാർ’.തിരുവനന്തപുരത്തെ ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യങ്ങൾക്കിടയിൽ ശ്വാസം മുട്ടി മരിച്ച ജോയിയുടെ ജീവിതം പ്രമേയമാക്കി ഹയർ സെക്കൻഡറി വിഭാഗത്തിൽ അവതരിപ്പിച്ച ‘കക്കൂസ്’ എന്ന നാടകം ശക്തമായ സാമൂഹിക വിമർശനമാണ് ഉയർത്തിയത്. നാടകത്തിൽ ജോയി ആയി വേഷമിട്ട വിഷ്ണു ജില്ലയിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
‘പത്തു മണിക്കൊരു ബെല്ലടി കേട്ടാൽ മുട്ടു വിറയ്ക്കില്ല ക്ലാസിൽ കേറാൻ, ചൂരൽ വടിത്തുമ്പിൽ ഹോം വർക്ക് ഇല്ലാ...സാറന്മാരോ കട്ട ചങ്കുകളായി, വൈബായ് പൊളിയായ്, സീനായി, ഫ്രീക്കായി, ഞങ്ങൾ സ്വപ്നം കാണും പള്ളിക്കൂടം....’ എന്നു സ്കൂൾ അസംബ്ലിയിൽ ഈശ്വര പ്രാർഥനയ്ക്കു പകരം സ്വന്തമായി തയ്യാറാക്കിയ റാപ് പാടുന്ന 10 ഡിയിലെ കുട്ടികൾ നടത്തുന്ന ‘ആചാര ലംഘന’ മാണു ഹൈസ്കൂൾ വിഭാഗം അവതരിപ്പിച്ച ‘10 ഡി റാപ്പേഴ്സ്’ എന്ന നാടകം.നേരത്തേ, ജില്ലാ തലത്തിൽ യുപി വിഭാഗത്തിൽ അവതരിപ്പിച്ച ‘ആടുപുലിയാട്ടം’ ഉൾപ്പെടെ 3 വിഭാഗത്തിലും മികച്ച നാടകവും മികച്ച നടനും നേടി നീരാവിൽ സ്കൂൾ ശ്രദ്ധ നേടിയിരുന്നു. 3 നാടകങ്ങളും അണിയിച്ചൊരുക്കിയതു പ്രകാശ് കലാകേന്ദ്രത്തിലെ നാടക പ്രവർത്തകനായ അമാസ്.എസ്. ശേഖറാണ്. തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിയാണ് അമാസ്.