തിരുമംഗലം–കൊല്ലം ദേശീയപാതയിൽ അപകടം; ഗതാഗതക്കുരുക്ക് നീണ്ടത് 10 മണിക്കൂർ
Mail This Article
ചെങ്കോട്ട ∙ തിരുമംഗലം കൊല്ലം ദേശീയപാതയിൽ ദമ്പതികൾ സഞ്ചരിച്ച ബൈക്ക് ടോറസ് ലോറിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ കേശവപുരം സ്വദേശി മുക്കുടാതി (33) മരിച്ച സംഭവത്തെ തുടർന്നു ദേശീയപാതയിൽ 10 മണിക്കൂർ ഗതാഗതക്കുരുക്ക്. കഴിഞ്ഞദിവസം രാത്രി പതിനൊന്നോടെ കുരുക്കിലായ ഗതാഗതം ഇന്നലെ രാവിലെ ഒൻപതിനാണു പുനഃസ്ഥാപിച്ചത്. ശബരിമല തീർഥാടകരുടേതടക്കം വാഹനങ്ങൾ പെരുവഴിയിലായി. ചെങ്കോട്ട മുതൽ അതിർത്തിയായ പുളയറ വരെയും എസ് വളവ് മുതൽ ആര്യങ്കാവ് വരെയും വാഹനനിര നീണ്ടു.
ഇരുദിശയിലും വാഹനങ്ങൾ കുരുക്കിൽപ്പെട്ടപ്പോൾ ഇതിൽ നിന്നു പുറത്തിറങ്ങാൻ പോലും കഴിയാതെ യാത്രക്കാരും വലഞ്ഞു. ആര്യങ്കാവ് ശ്രീധർമശാസ്താ ക്ഷേത്രം കവലയിൽ തീർഥാടകർക്ക് വാഹനങ്ങൾ പാർക്കു ചെയ്തു ക്ഷേത്രദർശനം നടത്താൻ കഴിയാതായി. ശബരിമലയിൽ മകരവിളക്ക് ഉത്സവം തുടങ്ങിയ ശേഷം കേരളത്തിലേക്കു തീർഥാടകരുടെ അഭൂതപൂർവമായ തിരക്കാണ്. ഇതിനു പുറമേ ടോറസ് ലോറികളുടെയും മറ്റു ചരക്കുലോറികളുടെയും പോക്കുവരവും കൂടിയായതോടെ ദേശീയപാതയിലെ ഗതാഗതം ഒരാഴ്ചയായി താറുമാറാണ്.
തിരക്കും ഗതാഗതവും നിയന്ത്രിക്കാൻ മതിയായ സംവിധാനം ഒരുക്കാത്തതിനാൽ അതിർത്തിക്ക് ഇരുഭാഗത്തും പ്രതിസന്ധി തുടരുകയാണ്. പുളിയറ എസ് വളവിൽ തമിഴ്നാട് പൊലീസ് കാവൽ ഏർപ്പെടുത്തിയെങ്കിലും നിയന്ത്രിക്കാൻ കഴിയാത്തവിധം വാഹനങ്ങളുടെ തിരക്കേറി. എസ് വളവിൽ പതിവായി വാഹനങ്ങൾ കുടുങ്ങുകയും ഗതാഗതക്കുരുക്ക് പതിവാകുകയും ചെയ്തതോടെയാണു പൊലീസിനെ നിയോഗിച്ചത്. അഭൂതപൂർവമായ വാഹനത്തിരക്കുണ്ടായിട്ടും ആര്യങ്കാവിലെ പൊലീസ് സഹായ കേന്ദ്രത്തിൽ കൂടുതൽ പൊലീസുകാരെ നിയോഗിക്കാൻ നടപടി ഉണ്ടായിട്ടില്ല.
പുളിയറ, ആര്യങ്കാവ് പൊലീസ് കേന്ദ്രങ്ങളിലെ പൊലീസുകാരെ ബന്ധിപ്പിച്ച് ഇരുദിശകളിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയാൽ അതിർത്തിയിലെ നീണ്ട കുരുക്കിനു കുറച്ചെങ്കിലും പരിഹാരമാകും. പൊലീസിന്റെ അതിർത്തി യോഗത്തിൽ ഇതിനായി നിർദേശം ഉയർന്നെങ്കിലും ഫലമുണ്ടായില്ല. മണിക്കൂറുകൾ നീളുന്ന കുരുക്കിന്റെ മറവിൽ അനധികൃത കടത്തും തകൃതി ആണെന്നാണു സൂചന. ആര്യങ്കാവ് ക്ഷേത്രം ഉത്സവതിരക്കിൽ ആയപ്പോൾ കടമാൻപാറ ചന്ദനത്തോട്ടത്തിൽ നിന്നു ചന്ദനമരം മോഷ്ടിച്ച സംഭവത്തിൽ കുറ്റക്കാരെ ഇതേവരെ പിടികൂടാൻ വനം വകുപ്പിനു കഴിഞ്ഞിട്ടില്ല. ഒരു വർഷത്തിനിടെ 15 ചന്ദനമരങ്ങൾ ആണു കടമാൻപാറയിൽ നിന്നു മുറിച്ചു കടത്തിയത്.