അഭിഭാഷകന് മർദനമേറ്റ സംഭവം: യുവാവ് അറസ്റ്റിൽ
Mail This Article
പുനലൂർ ∙ പുനലൂർ ബാറിലെ അഭിഭാഷകനും ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി ട്രഷററുമായ എബി ഷൈനുവിന് രണ്ടാഴ്ച മുൻപ് മർദനമേറ്റ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പുനലൂർ മൈലയ്ക്കൽ മൈത്രിയിൽ ഗോകുൽ സുദർശന(32)നാണ് അറസ്റ്റിലായത്. തമിഴ്നാട്ടിലെ ഡിണ്ടിക്കൽ തിരുപ്പത്തൂരിൽ നിന്ന് കഴിഞ്ഞ രാത്രിയിലാണ് ഇയാളെ പിടികൂടിയത്. കേസിലെ ഒന്നാം പ്രതിയാണ് ഇയാളെന്നും മൂന്നു പ്രതികളെക്കൂടി അറസ്റ്റ് ചെയ്യാനുണ്ടെന്നും പുനലൂർ പൊലീസ് ഇൻസ്പെക്ടർ ടി.രാജേഷ്കുമാർ പറഞ്ഞു.
കഴിഞ്ഞ മാസം 23ന് രാത്രി പത്തരയോടെ മൈലയ്ക്കലിലെ കാത്തിരിപ്പു കേന്ദ്രത്തിന് സമീപം വച്ചാണ് എബി ഷൈനുവിന് മർദനമേറ്റത്. യാത്രയ്ക്കിടെ ബൈക്ക് തകരാറിലായതിനെ തുടർന്ന് സുഹൃത്തുക്കളെ ഫോണിൽ വിളിക്കുന്നതിനിടെയായിരുന്നു അക്രമം. സ്ഥലത്തെത്തിയ സുഹൃത്തുക്കളായ ബിമൽ തോമസ്, അമൽ തോമസ് എന്നിവരുടെ നേരെയും ആക്രമണം നടന്നു. എബിയുടെ പരാതിയിന്മേൽ കേസെടുത്ത് പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു.