കരുതലും കൈത്താങ്ങും അദാലത്ത് 2024; 173 അപേക്ഷകൾ തീർപ്പാക്കി
Mail This Article
പുനലൂർ ∙ കരുതലും കൈത്താങ്ങും പൊതുജന പരാതി പരിഹാര അദാലത്ത് 2024 ന്റെ ഭാഗമായി പുനലൂർ താലൂക്ക് തല അദാലത്തിൽ ലഭിച്ചത് 680 അപേക്ഷകൾ. മുൻപ് ലഭിച്ച 371 പരാതികളിൽ 173 എണ്ണം തീർപ്പാക്കി. 321 പരാതികളാണ് നേരിട്ട് ലഭിച്ചത്. ഇവ തുടർ നടപടിക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈമാറി.
22 ഗുണഭോക്താക്കൾക്ക് ബിപിഎൽ പരിധിയിൽ ഉൾപ്പെടുത്തി പുതിയ കാർഡും, 25 ഗുണഭോക്താക്കൾക്ക് എഎവൈ പരിഗണനയിൽ ഉൾപ്പെടുത്തിക്കൊണ്ടുള്ള അന്തിമ ഉത്തരവും നൽകി. റവന്യു വകുപ്പുമായി ബന്ധപ്പെട്ട് പട്ടയ പകർപ്പിനായി സമർപ്പിച്ച അപേക്ഷ പരിഗണിച്ച് നൽകുകയും സർവേ സംബന്ധമായ 4 പരാതികൾ പരിഹരിച്ച് ഉത്തരവ് നൽകിയിട്ടുള്ളതുമാണ്. എൽഎസ്ജിഡി യുമായി ബന്ധപ്പെട്ട് വിവിധ പഞ്ചായത്തുകളിലായി 14 അപേക്ഷകൾ തീർപ്പാക്കി.
ജല അതോറിറ്റിയുടെ 8 അപേക്ഷകൾ പൂർണമായി പരിഹരിച്ചു. വനം, മോട്ടർ വാഹനം, സാമൂഹികനീതി വകുപ്പുകളിലെ അപേക്ഷകൾക്കും പരിഹാരം കണ്ടെത്തി. ആകെ 369 അപേക്ഷകളിൽ 173 അപേക്ഷകൾ പൂർണമായും പരിഹരിച്ചു. ഇന്നലെ ലഭിച്ച റവന്യു വകുപ്പിന്റെ 140 അപേക്ഷയും, എൽഎസ്ജിഡി യുടെ 38 അപേക്ഷയും, സിവിൽ സപ്ലൈസിന്റെ 40 അപേക്ഷയും മുനിസിപ്പാലിറ്റിയുടെ 34 അപേക്ഷയും, മറ്റ് വകുപ്പുകളുടെ ഉൾപ്പെടെ 320 അപേക്ഷകൾ ലഭിച്ചു. മന്ത്രി കെ.എൻ. ബാലഗോപാൽ അദാലത്ത് ഉദ്ഘാടനം ചെയ്തു.
മുൻകാലങ്ങളെ അപേക്ഷിച്ച് പരാതികളുടെ എണ്ണത്തിൽ കുറവ് വന്നതായി മന്ത്രി പറഞ്ഞു. റവന്യൂ, തദ്ദേശ, വനം, തീരദേശം തുടങ്ങിയവ കേന്ദ്രീകരിച്ച് പ്രത്യേക അദാലത്തുകളും നടത്തിയിരുന്നു.മന്ത്രി ജെ. ചിഞ്ചുറാണി അധ്യക്ഷത വഹിച്ചു. പി.എസ്.സുപാൽ എംഎൽഎ, നഗരസഭ അധ്യക്ഷ കെ.പുഷ്പലത, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന മുരളി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എ.നൗഷാദ്, ആര്യ ലാൽ, ജി.അജിത്ത്, ലൈല ബീവി, സുജാ തോമസ്, കെ.ശശിധരൻ, ആർ.ലതികമ്മ, എം.ജയശ്രീ, കലക്ടർ എൻ.ദേവിദാസ്, എഡിഎം ജി.നിർമ്മൽ കുമാർ, പുനലൂർ ആർഡിഒ സുരേഷ് ബാബു, തഹസിൽദാൻ അജിത്ത് ജോയി തുടങ്ങി വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷവിമർശനം ഉയർത്തി സുപാൽ
പുനലൂർ ∙ ഫയലുകൾ വച്ചു താമസിപ്പിച്ച് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷവിമർശനം ഉയർത്തി പി.എസ്.സുപാൽ എംഎൽഎ. കരുതലും കൈത്താങ്ങും പരിപാടിയുടെ ഭാഗമായി പുനലൂരിൽ നടത്തിയ താലൂക്ക് തല അദാലത്തിൽ മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, ജെ.ചിഞ്ചുറാണി, കലക്ടർ എൻ.ദേവിദാസ് എന്നിവരുടെ സാന്നിധ്യത്തിലാണ് സിപിഐ ജില്ലാ സെക്രട്ടറി കൂടിയായ എംഎൽഎ ഉദ്യോഗസ്ഥർക്കെതിരെ ആഞ്ഞടിച്ചത്.
ചെമ്മന്തൂരിൽ 5 കോടിയിലധികം രൂപ ചെലവിൽ നിർമിച്ച് ഒന്നര വർഷം മുൻപ് ജൂണിൽ വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്ത ഇൻഡോർ സ്റ്റേഡിയം ഇനിയും തുറന്നു കൊടുത്തിട്ടില്ല. കായിക വകുപ്പിലും കിറ്റ്കോയിലും ഉള്ള ഉദ്യോഗസ്ഥർ തമ്മിലുള്ള തർക്കമാണ് ഇതിന്റെ പിന്നിൽ. പുനലൂർ താലൂക്ക് ആശുപത്രിയിൽ ഹൃദ്രോഗ വിദഗ്ധന്റെ തസ്തിക അനുവദിച്ച ഫയൽ സെക്രട്ടേറിയറ്റിൽ 600 ൽ അധികം ഉദ്യോഗസ്ഥരാണ് കണ്ടത്. ഈ ഫയലിൽ മന്ത്രി തീരുമാനം എടുത്ത ശേഷവും 150 ഉദ്യോഗസ്ഥർ കണ്ടു.
ചികിത്സാസഹായ അപേക്ഷകൾ തീരുമാനം ഉണ്ടാകാതെ വന്നപ്പോൾ താൻ ഇതു സംബന്ധിച്ച് നിയമസഭയിൽ ചോദ്യം ഉന്നയിച്ചു. അടുത്തമാസം മുഴുവൻ അപേക്ഷകളും നിരസിച്ചെന്നായിരുന്നു തീരുമാനം. ഉദ്യോഗസ്ഥരുടെ നിലപാട് മാറ്റിയില്ലെങ്കിൽ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ നിരന്തരം അദാലത്ത് നടത്തേണ്ടി വരുമെന്നും എംഎൽഎ പറഞ്ഞു.