പിതാവിനെ കൊലപ്പെടുത്തിയ കേസിൽ യുവാവിന് ജീവപര്യന്തം കഠിന തടവ്
Mail This Article
കൊല്ലം ∙ പിതാവിനെ കൊലപ്പെടുത്തിയ കേസിൽ മകനെ ജീവപര്യന്തം കഠിനതടവിനു ശിക്ഷിച്ചു. ഇരവിപുരം തെക്കേവിള സ്നേഹ നഗർ വെളിയിൽ വീട്ടിൽ സത്യബാബുവിനെ (73) കൊലപ്പെടുത്തിയ കേസിലാണു മകൻ രാഹുൽ സത്യനെ (36) ജീവപര്യന്തം കഠിനതടവിനും ഒരു ലക്ഷം രൂപ പിഴയ്ക്കും ശിക്ഷ വിധിച്ചത്. കൊല്ലം ഫസ്റ്റ് അഡീഷനൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി പി.എൻ.വിനോദിന്റേതാണ് ഉത്തരവ്.
2022 ഡിസംബർ 21ന് ആണു കേസിനാസ്പദമായ സംഭവം. രാഹുലും മാതാപിതാക്കളും കുടുംബവീട്ടിലാണ് താമസിച്ചുവന്നത്. ജോലിക്കു പോകാതെ മാതാപിതാക്കളിൽ നിന്ന് നിർബന്ധപൂർവം പണം വാങ്ങി മദ്യപിക്കുന്നതായിരുന്നു ശീലം. കൂലിപ്പണിക്കിടെ കാലിനു പരുക്കേറ്റ പിതാവ് സത്യബാബു വീട്ടിൽ വിശ്രമിക്കുമ്പോൾ മദ്യപിക്കാൻ പണം ചോദിച്ചു രാഹുൽ അദ്ദേഹത്തെ ഉപദ്രവിച്ചു. തുടർന്ന് പിതാവ് പൊലീസിൽ പരാതി നൽകി. ഇതറിഞ്ഞ് വീട്ടിലെത്തിയ രാഹുൽ പിതാവിനെ തലയ്ക്കടിച്ചുവെന്നാണ് കേസ്. പ്രതിയെ പേടിച്ചു വീട്ടിൽ നിന്നിറങ്ങിയ പിതാവ് വഴിയിൽ കുഴഞ്ഞു വീണു മരിക്കുകയായിരുന്നു. ആക്രമണത്തിൽ മാതാവിനും പരുക്കേറ്റിരുന്നു.
പ്രതിക്ക് മാനസിക രോഗമുണ്ടെന്ന പ്രതിഭാഗത്തിന്റെ ഭാഗം കോടതി തള്ളി. മാതാവിന് ഉചിതമായ നഷ്ടപരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്കു നിർദേശം നൽകി. ഇരവിപുരം ഇൻസ്പെക്ടർ പി.അജിത് കുമാറാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ സിസിൻ ജി.മുണ്ടയ്ക്കൽ, അഡ്വ. ചേതന ടി.കർമ എന്നിവർ ഹാജരായി. എഎസ്ഐ മഞ്ജുഷ പ്രോസിക്യൂഷൻ സഹായിയായി.