കെഎസ്ഇബി സബ്സ്റ്റേഷൻ പരിസരത്ത് തീപിടിത്തം

Mail This Article
കൊട്ടിയം∙ കെഎസ്ഇബി 110 കെവി സബ്സ്റ്റേഷൻ പരിസരത്ത് തീപിടിത്തം. തീപിടിത്തത്തിൽ ഒാഫിസ് പരിസരത്ത് കൂട്ടിയിട്ടിരുന്ന ഒട്ടേറെ സ്ലീവ് കേബിളുകൾ (ഭൂഗർഭ കേബിളുകളുടെ പുറം ചട്ടയായി ഉപയോഗിക്കുന്ന റബർ പൈപ്പുകൾ) കത്തിപ്പോയി. ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഇന്നലെ ഉച്ചയ്ക്ക് രണ്ടിനാണ് തീപിടിത്തം ഉണ്ടായത്. ഒാഫിസിന്റെ പിറകുവശത്തെ സ്ഥലത്താണ് തീപിടിത്തം ഉണ്ടായത്.
കൊല്ലം,കടപ്പാക്കട അഗ്നിരക്ഷാ യൂണിറ്റിൽ നിന്നുള്ള മൂന്ന് യൂണിറ്റുകൾ എത്തി 20 മിനിറ്റ് എടുത്ത് വെള്ളമൊഴിച്ചും ഫോമിങ് നടത്തിയുമാണ് തീ കെടുത്തിയത്. പരിസരവാസിയായ യുവാവാണ് സബ്സ്റ്റേഷൻ പരിസരത്ത് തീയും പുകയും ഉയരുന്നത് കണ്ടത്. നിമിഷനേരം കൊണ്ട് തീ പടർന്നു. സബ്സ്റ്റേഷൻ പരിസരത്ത് ഒരാൾ പൊക്കത്തിൽ ഉണങ്ങിയ പുല്ലുകൾ ഉണ്ട്. പുല്ലുകളിൽ പിടിച്ച തീ അതിവേഗം സമീപത്ത് കൂട്ടിയിട്ടിരുന്ന സ്ലീവ് കേബിളുകളിലേക്കും പടരുകയായിരുന്നു.
കേബിളുകളിൽ തീപിടിച്ചതോടെ വലിയ തോതിൽ കറുത്ത പുകയും ഉണ്ടായി. പരിസരവാസികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. ദേശീയ പാതയിൽ സ്ഥാപിക്കാനുള്ള സ്ലീവ് കേബിളുകൾ തറയിൽ കൂട്ടിയിട്ടിരിക്കുകയായിരുന്നു. ഇതിന് സമീപത്തായി റോളുകളായി വച്ചിരുന്ന കേബിളുകളിൽ ഒരെണ്ണത്തിലും ഭാഗികമായി തീപിടിച്ചു. അഗ്നി രക്ഷാസേന ഇവിടെ ഫോമിങ് നടത്തി തീ കെടുത്തി. തീപിടിത്തം ഉണ്ടാകാൻ രണ്ടു കാരണങ്ങളാണ് പറയുന്നത്.
സബ്സ്റ്റേഷനിലെ വൈദ്യുതി കമ്പികളിൽ സ്പാർക്കിങ് ഉണ്ടായപ്പോൾ തീപ്പൊരി പുല്ലിലേക്കു വീണതോ, റോഡരികിലൂടെ പോയവർ ആരെങ്കിലും പുല്ലുകൾക്ക് ഇടയിലേക്ക് സിഗരറ്റ് കുറ്റി വലിച്ചെറിഞ്ഞതോ ആകാം എന്ന നിഗമനത്തിലാണ് അധികൃതർ. കടപ്പാക്കട അഗ്നിരക്ഷാ യൂണിറ്റിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഒാഫിസർ മുരളീധരൻ പിള്ള, ചാമക്കട യൂണിറ്റിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഒാഫിസർ ഗ്ലാഡ്സൻ, സീനിയർ ഫയർ ഒാഫസർമാരായ സഞ്ജയൻ, പ്രകാശൻ, ഫയർ ഒാഫിസർമാരായ പ്രശാന്ത്. ശരത്, ദിനേശ്, കൃഷ്ണരാജ്, ആർ.എസ് രാജീവ്, ടി.സജിത് എന്നിവർ ചേർന്നാണ് തീ കെടുത്തിയത്.