മന്ത്രി ഗണേഷിന്റെ നിലപാടുകളിൽ സിപിഎമ്മിന് അതൃപ്തി

Mail This Article
പത്തനാപുരം∙ പത്തനാപുരം മണ്ഡലത്തിൽ മന്ത്രി കെ.ബി.ഗണേഷ്കുമാറും സിപിഎം നേതൃത്വവും തമ്മിൽ ഇടയുന്നു. ഗണേഷ്കുമാറിന്റെ നിലപാടുകൾക്കെതിരെ സിപിഎമ്മിൽ അസംതൃപ്തി പുകയുമ്പോഴും നേതൃത്വം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പഞ്ചായത്ത് നിർമിക്കുന്ന ടൗൺ സെന്റർ മാളിലെ തീയറ്റർ ഉദ്ഘാടനമാണ് ഗണേഷ്കുമാറും പാർട്ടിയും തമ്മിലുള്ള പോര് പരസ്യമാക്കിയത്. നടൻ മോഹൻലാലിന്റെ ഉടമസ്ഥതയിലുള്ള ആശീർവാദ് സിനിമാസിന്റെ തിയറ്റർ ഉദ്ഘാടനം ചെയ്യാൻ മന്ത്രി കെ.എൻ.ബാലഗോപാലിനെയാണ് സിപിഎം ഭരിക്കുന്ന പഞ്ചായത്ത് ഭരണ സമിതി ക്ഷണിച്ചത്. യോഗത്തിൽ മുഖ്യ സാന്നിധ്യമായി മന്ത്രി കെ.ബി.ഗണേഷ്കുമാറിനെയും ക്ഷണിച്ചിരുന്നു. തിയറ്റർ പത്തനാപുരത്തു വന്നതു തന്റെ ശ്രമഫലമായിട്ടാണെന്നും താനാണ് ഉദ്ഘാടനം ചെയ്യാൻ യോഗ്യനെന്നും ഗണേഷ്കുമാർ പഞ്ചായത്ത് ഭരണസമിതിയോടു തുറന്നടിച്ചതായാണു വിവരം.
തനിക്ക് അസൗകര്യമുള്ള തീയതി തീരുമാനിച്ചതിനു പിന്നിലും ഗൂഢാലോചനയുണ്ടെന്ന് ഗണേഷ്കുമാർ കരുതുന്നു. എന്നാൽ ടൗൺ മാളിന്റെ നിർമാണത്തിനു വായ്പയെടുക്കൽ ഉൾപ്പെടെ ഒട്ടേറെ സാങ്കേതിക അനുമതികൾക്ക് ഇടപെട്ട വ്യക്തിയെന്ന നിലയിലാണ് കെ.എൻ.ബാലഗോപാലിനെ ക്ഷണിച്ചതെന്നാണ് പാർട്ടി നേതൃത്വം പറയുന്നത്. ഉദ്ഘാടനത്തിൽ രണ്ട് മന്ത്രിമാരും പങ്കെടുക്കാത്തതിനാൽ പ്രതിസന്ധി തൽക്കാലം ഒഴിവായി. പിന്നീട് താലൂക്ക് തലത്തിൽ സർക്കാർ നടത്തുന്ന കരുതലും കൈത്താങ്ങും അദാലത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ആദ്യം തയാറാക്കിയ നോട്ടിസ് തിരുത്തി അടിക്കേണ്ടി വന്നതും മന്ത്രി കെ.ബി.ഗണേഷ്കുമാറിന്റെ എതിർപ്പിനെ തുടർന്നാണെന്നാണു പുതിയ വിവാദം. ഗണേഷ്കുമാറിനെ ചടങ്ങിൽ അധ്യക്ഷനും ബാലഗോപാലിനെ ഉദ്ഘാടകനുമാക്കി നോട്ടിസ് അടിക്കാനായിരുന്നു തീരുമാനം. ഇതിന്റെ കരടു തയാറാക്കി ഗണേഷ്കുമാറിനെ കാണിച്ചപ്പോൾ അദ്ദേഹം ഉദ്യോഗസ്ഥനോടു പൊട്ടിത്തെറിച്ചെന്നാണ് വിവരം.
മറ്റു രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളും ഈ സമയം ഇവിടെയുണ്ടായിരുന്നു. ‘നിങ്ങൾ ആരെ വേണമെങ്കിലും ഉദ്ഘാടനം ചെയ്യിപ്പിച്ചോളൂ, ഞാൻ പങ്കെടുക്കുന്ന കാര്യം ഞാൻ തീരുമാനിക്കുമെന്നായിരുന്നു’ ഗണേഷ്കുമാറിന്റെ വാക്കുകളത്രേ. അടുത്തദിവസം ഡപ്യൂട്ടി കലക്ടറും തഹസിൽദാറും ഇടപെട്ടു പ്രോട്ടോക്കോൾ അനുസരിച്ചേ പരിപാടി നടത്താൻ കഴിയൂവെന്ന് ബോധ്യപ്പെടുത്തി നോട്ടിസ് അടിക്കുകയായിരുന്നു. ഈ പരിപാടിയിലും ബാലഗോപാൽ പങ്കെടുത്തില്ല. ഇതോടെ സിപിഎമ്മിനുള്ളിൽ അസംതൃപ്തി പുകയുകയാണ്. ജില്ലയുടെ ചുമതലയുള്ള, പത്തനാപുരത്തുകാരനായ മന്ത്രി കെ.എൻ.ബാലഗോപാലിനെ പൊതു പരിപാടികളിൽ പങ്കെടുപ്പിക്കുന്നതിൽ എതിർപ്പ് പ്രകടിപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്നാണ് സിപിഎം നേതൃത്വത്തിന്റെ വിശദീകരണം.