വ്യാജ കസ്റ്റമർ കെയർ നമ്പറിലേക്ക് വിളിച്ചത് വിനയായി; നഷ്ടപ്പെട്ടത് 10 ലക്ഷം: പ്രതി ജാർഖണ്ഡിൽ പിടിയിൽ

Mail This Article
കരുനാഗപ്പള്ളി ∙ മാരാരിത്തോട്ടം സ്വദേശിനിയുടെ 10 ലക്ഷത്തോളം രൂപ സൈബർ തട്ടിപ്പിലൂടെ കവർന്ന കേസിലെ പ്രതിയെ ജാർഖണ്ഡിൽ നിന്നു കരുനാഗപ്പള്ളി പൊലീസ് സാഹസികമായി പിടികൂടി. ജാർഖണ്ഡ് ജാംതാര ജില്ലയിലെ കർമ താർ സ്വദേശിയായ അക്തർ അൻസാരിയാണ് (27) അറസ്റ്റിലായത്. 13 ദിവസം നീണ്ട കഠിന പ്രയത്നത്തിനൊടുവിലാണ് പ്രതിയെ പിടികൂടാനായതെന്നു പൊലീസ് പറഞ്ഞു. ടെലി മാർക്കറ്റിങ് കോളിലൂടെ വ്യക്തികളെ വലയിലാക്കി പണം തട്ടുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ അക്തർ അൻസാരി.
ഓൺലൈൻ പേയ്മെന്റ് നടത്താൻ കഴിയാതെ വന്നപ്പോൾ ഗൂഗിളിൽ തിരഞ്ഞ് കണ്ടെത്തിയ കസ്റ്റമർ കെയർ നമ്പറിൽ ബന്ധപ്പെട്ടതാണ് മാരാരിത്തോട്ടം സ്വദേശിക്ക് വിനയായത്. പ്രതി ഉൾപ്പെട്ട തട്ടിപ്പ് സംഘം നൽകിയിരുന്ന വ്യാജ നമ്പറിലാണ് ഇവരുടെ വിളി എത്തിയത്. സഹായിക്കാമെന്ന വ്യാജേന നിർദേശങ്ങൾ നൽകി ചതിക്കുകയായിരുന്നു. ജാമ്താരാ ജില്ലയിലെ കർമ താർ മോഹൻപുർ ഗ്രാമത്തിലെ പ്രതിയുടെ സുഹൃത്തുക്കളും സൈബർ തട്ടിപ്പ് നടത്തുന്നവരാണെന്ന് അന്വേഷണ സംഘത്തിന് കണ്ടെത്താനായി.
കഴിഞ്ഞ വർഷം ജനുവരിയിൽ തട്ടിപ്പ് നടത്തിയ ശേഷം പ്രതി ഉപേക്ഷിച്ച ഒരു സിം കാർഡിന്റെ സ്വിച്ച് ഓഫ് ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെയാണ് എത്താൻ കഴിഞ്ഞത്. ഗ്രാമത്തിൽ കടന്ന് പ്രതിയെ അറസ്റ്റ് ചെയ്യുക എന്നത് ഏറെ ദുഷ്കരമായിരുന്നു. ഇത് മനസ്സിലാക്കിയ അന്വേഷണ സംഘം ദിവസങ്ങളോളം അവിടത്തെ കാര്യങ്ങൾ രഹസ്യമായി നിരീക്ഷിച്ച ശേഷം പുലർച്ചെ നടത്തിയ അപ്രതീക്ഷിത നീക്കത്തീലൂടെ പ്രതിയെ പിടികൂടുകയായിരുന്നു.
സംഘത്തിന് വെബ്സൈറ്റ് നിർമിച്ചു നൽകിയ ജാർഖണ്ഡ് റാഞ്ചി സ്വദേശിയായ ആശിഷ് കുമാർ, സംഘത്തലവനും ബംഗാൾ സ്വദേശിയും ഇപ്പോൾ ജാർഖണ്ഡിൽ താമസക്കാരനുമായ ഹർഷാദ്, ബംഗാൾ സ്വദേശിയായ ബബ്ലു എന്നിവരെയും എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്ന സൽമാനെയും ഇയാളുടെ സഹായികളെയും അന്വേഷണ സംഘത്തിന് തിരിച്ചറിയാൻ കഴിഞ്ഞിട്ടുണ്ട്. തട്ടിപ്പിലൂടെ ലഭിക്കുന്ന പണം കൃത്യമായി വീതിച്ച് എടുക്കുന്നതാണ് ഇവരുടെ രീതി. ഇതിനായി പ്രത്യേക രീതിയും ഇവർക്കുണ്ട്. കരുനാഗപ്പള്ളി എച്ച്എസ്ഒ വി.ബിജു, എസ്ഐമാരായ കണ്ണൻ, ഷാജിമോൻ, എസ്‌സിപിഒ ഹാഷിം, കൊല്ലം സിറ്റി സൈബർ പിഎസ് എസ്ഐ നിയാസ്, സിപിഒമാരായ ഫിറോസ്, ഇജാസ് എന്നിവരാണ് അന്വേഷ സംഘത്തിലുണ്ടായിരുന്നത്.