ദേശീയപാത 66ന്റെ സർവീസ് റോഡുകളിൽ പൂഴിമണ്ണും അനധികൃത പാർക്കിങ്ങും; വഴിവിളക്കുകളും ഇല്ല

Mail This Article
കരുനാഗപ്പള്ളി ∙ ദേശീയപാത നിർമാണത്തിന്റെ ഭാഗമായി പണി പൂർത്തീകരിച്ചു യാത്രയ്ക്കായി തുറന്നു നൽകിയ സർവീസ് റോഡിന്റെ ഭാഗങ്ങളിൽ വഴിവിളക്കുകൾ സ്ഥാപിക്കണമെന്ന് ആവശ്യം ഉയരുന്നു. മിക്ക ഭാഗങ്ങളിലും ഇലക്ട്രിക് ലൈനുകളും പോസ്റ്റുകളും മാറ്റി സ്ഥാപിച്ചു കഴിഞ്ഞു. പല ഭാഗങ്ങളിലും ഭാഗികമായി എങ്കിലും സർവീസ് റോഡ് ടാർ ചെയ്തു തുറന്നു നൽകിയിട്ടുമുണ്ട്. വഴിവിളക്കുകൾ ഇല്ലാത്തതിനാൽ ദേശീയപാതയുടെ മിക്ക ഭാഗങ്ങളും രാത്രിയാത്ര ബുദ്ധിമുട്ടാണ്. ദേശീയപാതയുടെ വശങ്ങളിലുള്ള വ്യാപാര സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ളവയിൽ നിന്നുള്ള വെളിച്ചമാണിപ്പോൾ കടകൾ അടയ്ക്കുന്നതുവരെ യാത്രക്കാർക്ക് ആശ്രയം. ഈ വിളക്കുകൾ അണഞ്ഞു കഴിഞ്ഞാൽ കൂറ്റാകൂരിരുട്ടിലാകുകയാണു പ്രദേശം. വെളിച്ചമില്ലാത്തതു പലവിധ അപകടങ്ങൾക്കും കാരണമാകുന്നു.
ദേശീയപാത വികസനത്തിന്റെ ഭാഗമായി ഭൂരിഭാഗം സ്ഥലങ്ങളിലെയും പഴയ ലൈനുകളും പോസ്റ്റുകളും ട്രാൻസ്ഫോർമറുകളും ഒക്കെ വശത്തേക്കു മാറ്റി സ്ഥാപിച്ചു കഴിഞ്ഞു. ഈ സ്ഥലങ്ങളിൽ വഴിവിളക്കുകൾ സ്ഥാപിച്ചു പ്രവർത്തനക്ഷമമാക്കാനുള്ള നടപടികൾ കൂടി നഗരസഭയും പഞ്ചായത്തുകളും ദേശീയപാത നിർമാണ കമ്പനിയും ചേർന്ന് എടുത്ത് റോഡിലെ രാത്രികാല യാത്ര സുരക്ഷിതമാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.
കന്നേറ്റി പാലം ഭാഗവും ഇരുട്ടിൽ
ദേശീയപാതയിൽ നിർമാണ പ്രവർത്തനങ്ങൾ ഒന്നും തന്നെ നടക്കാത്ത കന്നേറ്റി പാലത്തിലെയും അപ്രോച്ച് റോഡുകളിലെയും വഴിവിളക്കുകൾ കത്താതായിട്ടു നാളുകളായി. ഈ ഭാഗത്തും രാത്രിയാത്ര കുറച്ചു ബുദ്ധിമുട്ടു തന്നെയാണ്. റോഡിന്റെ പല ഭാഗത്തും ഗട്ടറുകൾ രൂപപ്പെട്ടു കിടക്കുന്നതിനാൽ വെളിച്ചമില്ലാതെ ഇതുവഴിയുള്ള യാത്ര അപകടമുണ്ടാക്കുന്നു. ബന്ധപ്പെട്ട അധികൃതർ പാലത്തിന്റെ ഭാഗത്തെ വഴിവിളക്കുകൾ തെളിക്കുന്നതിന് ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നു വലിയ പരാതിയുണ്ട്. പാലത്തിനോടു ചേർന്നാണു പുതിയ പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങളും നടക്കുന്നത്.
പൂഴിമണ്ണും അനധികൃത പാർക്കിങ്ങും
നിർമാണം പൂർത്തീകരിച്ചു യാത്രയ്ക്കായി തുറന്നുകൊടുത്ത സർവീസ് റോഡിന്റെയും മറ്റു റോഡുകളുടെയും വശങ്ങളിൽ കുന്നുകൂടുന്ന പൊടിമണ്ണു നീക്കം ചെയ്യാൻ അടിയന്തര നടപടി സ്വീകരിക്കണം എന്നാണു നാട്ടുകാരുടെ ആവശ്യം. വശങ്ങളിലെ പൂഴിമണ്ണിൽ ചെറുക്കി ഇരുചക്ര വാഹന യാത്രക്കാർ അപകടത്തിൽപ്പെടുന്നുണ്ട്. സർവീസ് റോഡിന്റെയും മറ്റും വശങ്ങളിലെ അനധികൃത പാർക്കിങ് ഒഴിവാക്കുന്നതിനും നടപടി സ്വീകരിക്കണം എന്നാണ് ആവശ്യം.