നവീകരണത്തിന് ചെലവിട്ടത് കോടികൾ, മാലിന്യം തള്ളൽ വീണ്ടും; എല്ലാം ‘വെള്ളത്തിൽ’

Mail This Article
അയത്തിൽ∙ കോടികൾ മുടക്കി നവീകരിച്ച ആറ്റിലേക്ക് വീണ്ടും മാലിന്യം തള്ളി തുടങ്ങിയതോടെ അയത്തിൽ ആറ് മാലിന്യ വാഹിനിയായി. ഡെങ്കിപ്പനി ഉൾപ്പെടെ പകർച്ച വ്യാധികൾ പടരാൻ ഇതു കാരണമാകുമെന്ന ആശങ്കയിൽ ജനങ്ങൾ. മാലിന്യം കെട്ടിക്കിടക്കുന്ന പ്രദേശത്തിനടുത്ത് ചിലർക്ക് ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആറ്റിൽ മാലിന്യം നിറഞ്ഞതോടെ പരിസരത്തെ കിണറുകളിലെ വെള്ളവും മലിനപ്പെട്ടതായി നാട്ടുകാർ പറയുന്നു. അയത്തിൽ ബൈപാസ് ജംക്‌ഷനിൽ കണ്ണനല്ലൂർ ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിന് അടുത്താണ് മാലിന്യങ്ങൾ കുന്നുകൂടി കിടക്കുന്നത്.
അയത്തിൽ ആറിന്റെ ഭാഗമായ ചൂരാങ്കൽ അടുത്തിടെയാണ് ശുചീകരിക്കുകയും നവീകരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തത്. ദേശീയപാതയുടെ പുനർ നിർമാണത്തിന്റെ ഭാഗമായി അയത്തിൽ ജംക്‌ഷനിൽ മേൽപാലത്തിന് പുതിയ തൂണുകൾ സ്ഥാപിക്കുന്നതിനായി ഇവിടെയുണ്ടായിരുന്ന പാലം പൊളിച്ചു നീക്കിയിരുന്നു. അന്ന് ആറ്റിലെ ഒഴുക്കു തടസ്സപ്പെടുത്തിയിരുന്നു. ആറ്റിലേക്ക് പല ഇടങ്ങളിൽ നിന്ന് തള്ളിയ മാലിന്യം
ഒഴുകിയെത്തി കുന്നുകൂടിയത്. ആറ്റിലെ മാലിന്യം നീക്കം ചെയ്യാൻ അധികൃതരുടെ ഭാഗത്തു നിന്ന് അടിയന്തര നടപടികൾ ഉണ്ടാകണമെന്ന ആവശ്യം ശക്തമാണ്. ആറ്റിലേക്ക് മാലിന്യം തള്ളുന്നവർക്ക് എതിരെ ശക്തമായ നിയമ നടപടി എടുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ ചൂണ്ടികാട്ടി പൊതു പ്രവർത്തകനായ അയത്തിൽ നിസാം കലക്ടർക്കും ജലവിഭവ വകുപ്പിനും പരാതി നൽകി.