കര മണ്ണുമായി ലോറികൾ നിരന്തരം ഓടി; കലുങ്കും റോഡും തകർന്നു

Mail This Article
കല്ലുവാതുക്കൽ ∙ ദേശീയപാത നിർമാണത്തിനായി കര മണ്ണുമായി ലോറികൾ നിരന്തരം ഓടി കലുങ്കിന്റെ പാർശ്വ ഭിത്തിയും റോഡും തകർന്നു. കല്ലുവാതുക്കൽ പഞ്ചായത്തിൽ വിലവൂർകോണം ജംക്‌ഷനിലെ കലുങ്കിന്റെ ഭാഗവും ഇളംകുളം റോഡുമാണ് തകർന്നത്. വിലവൂർകോണം ഇളംകുളം ഭാഗത്തെ കുന്നുകൾ ഇടിച്ചാണ് മണ്ണ് എടുക്കുന്നത്. രാത്രി പൂർണമായും മണ്ണ് ഖനനം ചെയ്തു വലിയ ടിപ്പർ ലോറികളിൽ കടത്തുകയാണ്. ഭാരം കയറ്റിയ ലോറികൾ നിരന്തരം ഓടി പഞ്ചായത്ത് റോഡ് തകർന്നു .

കോൺക്രീറ്റ് ചെയ്ത ഭാഗങ്ങൾ പൊട്ടി. വിലവൂർക്കോണം ജംക്‌ഷനിൽ ഇളംകുളം റോഡ് ആരംഭിക്കുന്ന ഭാഗത്തെ കലുങ്കിന്റെ ഭാഗമാണ് തകർന്നത്. കലുങ്കിനു സമീപം കുഴികൾ നികത്തിയത് മഴക്കാലത്ത് വെള്ളം ഒഴുകുന്നതിനു തടസ്സമാകുമെന്നു നാട്ടുകാർ പരാതിപ്പെട്ടു. നിരന്തരം ലോറികൾ ഓടുന്നത് പൊടിശല്യത്തിനു കാരണമാകുന്നുണ്ട്. ഏക്കര കണക്കിനു സ്ഥലത്തു നിന്നാണ് മണ്ണ് എടുക്കുകയാണ്. അധികൃതരുടെ ശ്രദ്ധ ഉണ്ടാകണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.