ADVERTISEMENT

കൊല്ലം ∙ കോൺഗ്രസ്, സിപിഐ അനുകൂല സംഘടനകളുടെ നേതൃത്വത്തിൽ സർക്കാർ ജീവനക്കാരും അധ്യാപകരും പണിമുടക്കി. ഡയസ്നോൺ പ്രഖ്യാപിച്ചിരുന്നെങ്കിലും പ്രധാനപ്പെട്ട പല വകുപ്പുകളിലെയും ഭൂരിഭാഗം ജീവനക്കാരും പണിമുടക്കി. കൊല്ലം കലക്ടറേറ്റ്, റവന്യു, സിവിൽ സപ്ലൈസ് അടക്കമുള്ള വകുപ്പുകൾ എന്നിവയിലെല്ലാം പണിമുടക്ക് വിജയമായപ്പോൾ സഹകരണ വകുപ്പ് അടക്കമുള്ള ചില വകുപ്പുകളിൽ ജീവനക്കാർ ജോലിക്കെത്തി. അധ്യാപകരും പണിമുടക്കിൽ പങ്കെടുത്തു. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻ (സെറ്റോ), സിപിഐയുടെ സർവീസ് സംഘടനയായ ജോയിന്റ് കൗൺസിൽ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് പണിമുടക്ക് നടത്തിയത്. 

കൊല്ലം കലക്ടറേറ്റിൽ ആകെയുള്ള ജീവനക്കാരിൽ 80 ശതമാനത്തിലേറെ പേരും റവന്യു വകുപ്പിൽ 86% പേരും സിവിൽ സപ്ലൈസ് വകുപ്പിൽ 80% പേരും പണിമുടക്കി. കലക്ടറേറ്റിലെ ആകെയുള്ള 228 ജീവനക്കാരിൽ 187 പേരും ജോലിക്കെത്തിയില്ല. 34 പേർ ജോലിക്കെത്തിയപ്പോൾ 7 ജീവനക്കാർ മുൻകൂട്ടി അനുമതി വാങ്ങി അവധിയിലായിരുന്നു. ജില്ലയിലെ റവന്യു വകുപ്പിൽ ആകെയുള്ള 1,503 ജീവനക്കാരിൽ 1,294 ജീവനക്കാരും പണിമുടക്കി. 152 പേർ പണിമുടക്കിന്റെ ഭാഗമാകാതിരുന്നപ്പോൾ 57 പേർ അവധിയിലായിരുന്നു. സിവിൽ സപ്ലൈസ് വകുപ്പിലെ ആകെയുള്ള 126 പേരിൽ 100 പേരും പണിമുടക്കി. 

കലക്ടറേറ്റും 2 ആർഡി ഓഫിസുകളും 6 താലൂക്ക് ഓഫിസുകളും പൂർണമായും സ്തംഭിച്ചെന്നും ജില്ലയിലെ 105 വില്ലേജ് ഓഫിസുകളിൽ 95 എണ്ണവും എല്ലാ കൃഷി ഭവനുകളും മൃഗസംരക്ഷണ വകുപ്പിന്റെ 200 ഓഫിസുകളിൽ 190 എണ്ണവും അടഞ്ഞു കിടന്നെന്നും ജോയിന്റ് കൗൺസിൽ അവകാശപ്പെട്ടു. പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് പഴയ പെൻഷൻ പുനഃസ്ഥാപിക്കുക, പന്ത്രണ്ടാം ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കുക, ക്ഷാമബത്ത കുടിശികയും പതിനൊന്നാം ശമ്പള പരിഷ്കരണ കുടിശികയും അനുവദിക്കുക, ലീവ് സറണ്ടർ മരവിപ്പിച്ച നടപടി പിൻവലിക്കുക, മെഡിസെപ് പദ്ധതി സർക്കാർ ഏറ്റെടുക്കുക, കേന്ദ്രസർക്കാരിന്റെ കേരളത്തോടുള്ള സാമ്പത്തിക വിവേചനം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക് നടത്തിയത്.  

കോടികൾ കൊള്ളയടിച്ചു: പി.രാജേന്ദ്രപ്രസാദ്
കൊല്ലം ∙ സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും ആനുകൂല്യങ്ങൾ നൽകേണ്ട 65000 കോടി രൂപ സർക്കാർ കൊള്ളയടിച്ചുവെന്ന് ഡിസിസി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്. പണിമുടക്കിന്റെ ഭാഗമായി സെറ്റോ നടത്തിയ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സെറ്റോ ജില്ലാ ചെയർമാൻ അർത്തിയിൽ സമീർ അധ്യക്ഷത വഹിച്ചു. കെപിഎസ്ടിഎ സംസ്ഥാന സെക്രട്ടറി ജയചന്ദ്രൻ പിള്ള, എൻജിഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സി.അനിൽബാബു, കെപിഎസ്ടിഎ ജില്ലാ പ്രസിഡന്റ് പരവൂർ സജീബ്, സി.എസ്.അനിൽ, ബി.എസ്.ശാന്തകുമാർ, വൈ.കിരൺകുമാർ, ശ്രീരംഗം ജയകുമാർ, എ.ഷാജി, എസ്.ഉല്ലാസ്, ജോൺസൺ കുറിവേലിൽ, ടി.ഹരീഷ് ഫിറോസ് വാളത്തുംഗൽ, എം.സതീഷ് കുമാർ, സൈജു അലി, ബി.ലുബിന, പൗളിൻ ജോർജ്, ജെ.ശുഭ, എം.മനോജ്, എം.ആർ.ദിലീപ്, ജി.ബിജിമോൻ, വിനോദ് പിച്ചിനാട്, മുജീബ്, പ്രിൻസി റീനാ തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.

സിപിഐ അനുകൂല സംഘടനയായ അധ്യാപക– സർവീസ് സംഘടന സമരസമിതിയുടെ നേതൃത്വത്തിൽ പണിമുടക്കിയ അധ്യാപകരും ജീവനക്കാരും കൊല്ലം കലക്ടറേറ്റിനു മുന്നിൽ നടത്തിയ പ്രകടനം.
സിപിഐ അനുകൂല സംഘടനയായ അധ്യാപക– സർവീസ് സംഘടന സമരസമിതിയുടെ നേതൃത്വത്തിൽ പണിമുടക്കിയ അധ്യാപകരും ജീവനക്കാരും കൊല്ലം കലക്ടറേറ്റിനു മുന്നിൽ നടത്തിയ പ്രകടനം.

പണിമുടക്ക് സമ്പൂർണ വിജയം: ജോയിന്റ് കൗൺസിൽ
കൊല്ലം ∙ പണിമുടക്ക് ജില്ലയിൽ സമ്പൂർണ വിജയമെന്ന് ജോയിന്റ് കൗൺസിൽ. പണിമുടക്കിന്റെ ഭാഗമായി സമരസമിതി പ്രകടനവും യോഗവും സംഘടിപ്പിച്ചു. ആൾ ഇന്ത്യ സ്റ്റേറ്റ് ഗവ. എംപ്ലോയീസ് കോൺഫെഡറേഷൻ ദേശീയ വൈസ് പ്രസിഡന്റ് കെ.ഷാനവാസ്‌ ഖാൻ ഉദ്ഘാടനം ചെയ്തു. സമരസമിതി ജില്ലാ ചെയർമാൻ കെ.എസ്.ഷിജുകുമാർ അധ്യക്ഷത വഹിച്ചു. ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എൻ.കൃഷ്ണകുമാർ, എ.ഗ്രേഷ്യസ്, സമരസമിതി ജില്ലാ കൺവീനർ കെ.ബി.അനു, കെജിഒഎഫ് ജില്ലാ സെക്രട്ടറി എസ്.സുമേഷ്, ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.മനോജ്‌ കുമാർ, കെ.വിനോദ്, വി.ശശിധരൻപിള്ള, ജില്ലാ പ്രസിഡന്റ് സതീഷ് കെ.ഡാനിയൽ, എകെഎസ്ടിയു നേതാക്കളായ ബിനു പട്ടേരി, സജീവ് കുമാർ, കെജിഒഎഫ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബി.എസ് ഹരീഷ്, ആർ.സുഭാഷ്, എംജി.പത്മകുമാർ, ആർ.അനി, എം.മനോജ്, എസ്.ജുനിത, പി.വി.സബ്ജിത്, എ.നൗഷാദ്, കിഷോർ കുമാർ എന്നിവർ പ്രസംഗിച്ചു. 

ആക്‌ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് നടത്തിയ പ്രകടനം.
ആക്‌ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് നടത്തിയ പ്രകടനം.

‘പണിമുടക്ക് ആഹ്വാനം ജീവനക്കാർ തള്ളി’
കൊല്ലം ∙ ആനുകൂല്യങ്ങൾ അനുവദിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന സംസ്ഥാന സർക്കാരിന്റെ ഉറപ്പ് വകവയ്‌ക്കാതെ കക്ഷി രാഷ്‌ട്രീയ സങ്കുചിത താൽപര്യങ്ങളുടെ പേരിൽ ഒരു വിഭാഗം ആഹ്വാനം ചെയ്‌ത പണിമുടക്ക് ജീവനക്കാരും അധ്യാപകരും തള്ളിക്കളഞ്ഞതായി ആക്‌ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ്. ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ആകെ 2191 ജീവനക്കാരിൽ 199 പേർ മാത്രമാണു പണിമുടക്കിൽ പങ്കെടുത്തത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോടതികൾ അടക്കമുള്ളവയെ പണിമുടക്ക് ബാധിച്ചില്ലെന്നും ഇവർ അഭിപ്രായപ്പെട്ടു.  കൊല്ലത്തു നടത്തിയ പ്രകടനം ജില്ലാ കൺവീനർ സി.ഗാഥ ഉദ്ഘാടനം ചെയ്‌തു. ചെയർമാൻ ബി.സജീവ് അധ്യക്ഷത വഹിച്ചു. കെജിഒഎ ജില്ലാ സെക്രട്ടറി എ.ആർ.രാജേഷ്, പിഎസ്‌സിഇയു ജില്ലാ സെക്രട്ടറി ജെ.അനീഷ്, കെഎൻടിഇഒ സംസ്ഥാന സെക്രട്ടറി വൈ.ഓസ്‌ബോൺ, കെജിഎൻഎ ജില്ലാ സെക്രട്ടറി എ.അനീഷ് എന്നിവർ പ്രസംഗിച്ചു.

പണിമുടക്കിയ അധ്യാപകരും ജീവനക്കാരും കൊല്ലം കലക്ടറേറ്റിനു മുന്നിൽ പൊലീസുമായി ഉണ്ടായ വാക്കേറ്റം.
പണിമുടക്കിയ അധ്യാപകരും ജീവനക്കാരും കൊല്ലം കലക്ടറേറ്റിനു മുന്നിൽ പൊലീസുമായി ഉണ്ടായ വാക്കേറ്റം.

ജോയിന്റ് കൗൺസിലിന്റെ സമരപ്പന്തൽ പൊലീസ് പൊളിച്ചു നീക്കി; പൊലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റം
കൊല്ലം ∙ പണിമുടക്കിന്റെ ഭാഗമായി ജോയിന്റ് കൗൺസിൽ സ്ഥാപിച്ച സമരപ്പന്തൽ അഴിച്ചു മാറ്റി പൊലീസ്. സമരത്തിന് എത്തുന്നവർക്കു വിശ്രമിക്കാനും മറ്റുമായി എപ്പോഴും സമരങ്ങൾ നടക്കാറുള്ള  കലക്ടറേറ്റിന്റെ പ്രധാന ഗേറ്റിന് എതിർഭാഗത്തായി സ്ഥാപിച്ച സമരപ്പന്തലാണ് പൊലീസ് അഴിച്ചു മാറ്റിയത്. ഹൈക്കോടതി ഉത്തരവ് പ്രകാരം റോഡരികിൽ ഇത്തരത്തിൽ സമരപ്പന്തൽ കെട്ടാൻ പാടില്ലെന്ന് കാണിച്ചാണ് പൊലീസ്  അഴിച്ചു മാറ്റിയത്. എന്നാൽ എപ്പോഴും സമരം നടക്കുന്ന ഈ സ്ഥലത്ത് ഇപ്പോൾ മാത്രം അഴിച്ചു മാറ്റാൻ പൊലീസ് കാണിക്കുന്ന താൽപര്യം സമരം പൊളിക്കാനുള്ള നീക്കമാണെന്ന് ജോയിന്റ് കൗൺസിൽ ആരോപിച്ചു.

പ്രശ്നം പ്രവർത്തകരും പൊലീസും തമ്മിലുള്ള വാക്കേറ്റത്തിനും തർക്കത്തിനും ഇടയാക്കി. പ്രധാന ഗേറ്റിന്റെ മുന്നിൽ സമരക്കാർ പ്രതിഷേധിച്ചതോടെ ഇവരെ ഇവിടെ നിന്നു മാറ്റാൻ പൊലീസ് ശ്രമിച്ചതും തർക്കത്തിന് ഇടയാക്കി. പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കാൻ പൊലീസ് ആലോചിച്ചെങ്കിലും പിന്നീട് സമവായത്തിലെത്തി. സമരത്തിന്റെ ഭാഗമായി വലിയ പൊലീസ് സന്നാഹമാണ് കലക്ടറേറ്റ് പരിസരത്ത് ഒരുക്കിയിരുന്നത്. ഇരു സംഘടനകളും കലക്ടറേറ്റ് പരിസരത്ത് പ്രകടനവും യോഗവും നടത്തി.

English Summary:

Kollam strike impacts government services. The one-day strike, organized by Congress and CPI affiliated groups, saw significant participation from employees and teachers across several key departments.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com