മുഖ്യമന്ത്രിയെ ഒറ്റപ്പെടുത്തി സിപിഎമ്മിനെ തകർക്കാൻ ശ്രമം: ടി.പി.രാമകൃഷ്ണൻ

Mail This Article
കൊല്ലം ∙ മുഖ്യമന്ത്രിയെ ഒറ്റപ്പെടുത്തി സിപിഎമ്മിനെയും ഇടതുപക്ഷത്തെയും തകർക്കാമെന്നാണ് ശത്രുപക്ഷം കരുതുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ടി.പി.രാമകൃഷ്ണൻ. മാർച്ചിൽ കൊല്ലത്ത് നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫിസ് ആശ്രാമത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആർഎസ്എസ്–സംഘപരിവാർ ശക്തികളാണ് രാജ്യം ഭരിക്കുന്നത്.
മതരാഷ്ട്രവാദം വർഗീയതയുടെ ഉയർന്ന രൂപമാണ്. അവർ കേരളത്തെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നു. ഇടതുപക്ഷ സർക്കാരിനെ തകർക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം. കേരളത്തിൽ എസ്ഡിപിഐ–ജമാഅത്തെ ഇസ്‌ലാമി എന്നിവരും മതരാഷ്ട്രവാദം ഉയർത്തുന്നു. അവരുമായി യുഡിഎഫിലെ ലീഗ് സന്ധിയുണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ.വരദരാജൻ അധ്യക്ഷത വഹിച്ചു. മുതിർന്ന നേതാവ് പി.കെ.ഗുരുദാസൻ, ജില്ലാ സെക്രട്ടറി എസ്.സുദേവൻ, നേതാക്കന്മാരായ ജെ.മേഴ്സിക്കുട്ടിയമ്മ, ചിന്താ ജെറോം, എം.എച്ച്.ഷാരിയർ, സൂസൻ കോടി, മേയർ പ്രസന്ന ഏണസ്റ്റ്, സിഐടിയു ജില്ലാ പ്രസിഡന്റ് എസ്.ജയമോഹൻ, എക്സ്.ഏണസ്റ്റ്, ബേസിൽ ലാൽ എന്നിവർ പ്രസംഗിച്ചു.
പ്രതിനിധി സമ്മേളനം ടൗൺ ഹാളിൽ
കൊല്ലം ∙ മാർച്ച് 6 മുതൽ 9 വരെ കൊല്ലത്ത് നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പ്രതിനിധി സമ്മേളനം മാർച്ച് 6ന് കൊല്ലം സി.കേശവൻ ടൗൺഹാളിൽ നടക്കും. പൊതുസമ്മേളനം 9ന് വൈകിട്ട് ആശ്രാമം മൈതാനത്ത് നടക്കും. സമ്മേളനത്തിന് സമാപനത്തിന്റെ ഭാഗമായി 9ന് 25000 റെഡ് വൊളന്റിയർമാരുടെ പരേഡും 2 ലക്ഷം പേരുടെ ബഹുജന റാലിയും നഗരത്തിൽ സംഘടിപ്പിക്കും. ഫെബ്രുവരി 17 എൻഎസ് ദിനം പതാകദിനമായി ആചരിക്കും. ഫെബ്രുവരി 17, 18 തീയതികളിൽ ശുചിത്വകൊല്ലം എന്ന ക്യാംപെയ്നും നടത്തും.
‘പണിമുടക്കിന് നീതീകരണമില്ല’
കൊല്ലം ∙ സർവീസ് സംഘടനകൾ നടത്തിയ പണിമുടക്ക് നീതീകരിക്കാനാവുന്നതല്ലെന്ന് എൽഡിഎഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ. കുടിശികകൾ തീർക്കാൻ സർക്കാർ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. പങ്കാളിത്ത പെൻഷൻ നടപ്പിലാക്കിയത് ഉമ്മൻ ചാണ്ടി സർക്കാരാണ്. പുതിയ പെൻഷൻ പദ്ധതി നടപ്പിലാക്കണമെന്നാണ് എൽഡിഎഫ് പറയുന്നത്. യാഥാർഥ്യങ്ങൾ മനസ്സിലാക്കാതെയാണ് സമരമെന്നും അദ്ദേഹം പറഞ്ഞു.